വിശ്വാസം എന്ന ആത്മീയ ജീവവായു

  ബ്ര. അഷര്‍ മാത്യു MSFS
  ബ്ര. അഷര്‍ മാത്യു MSFS

  സത്ത്വാനുരൂപാ സര്‍വസ്യ ശദ്ധ്രാ ഭവതി ഭാരത
  ശദ്ധ്രാമയോയം പുരുഷോ യോ യച്ഛദ്ധ്രഃ സ ഏവ സഃ’

  ഭഗവത്ഗീതയിലെ പതിനേഴാം അദ്ധ്യായത്തില്‍ മൂന്നാം വൃത്തപാദം സൂചിപ്പിക്കുന്നത്, മനുഷ്യന്റെ അസ്ഥിത്വം നിലനില്‍ക്കുന്നത് വിശ്വാസത്തിലൂടെയെന്നാണ്. എല്ലാ മനുഷ്യരുടെയും മനസിനെ വെളിപ്പെടുത്തുന്ന ഒരു ഘടകമാണ് വിശ്വസം. ജീവിക്കാന്‍ വായു നിര്‍ണ്ണായകമാകുന്നതു പോലെ മനുഷ്യന്റെ ധാര്‍മ്മികബോധത്തെ ഉത്തേജിപ്പിക്കുകയും സ്വതന്ത്രബോധം വളര്‍ത്തുകയും സ്വയം അച്ചടക്കം പരിപോഷിപ്പിക്കുകയും ചെയ്യുവാന്‍ വിശ്വാസം എന്ന ആത്മീയ ജീവവായു ആവശ്യമാണ്. ഈ വിശ്വാസത്തെ പലരീതിയില്‍ വീക്ഷിക്കാന്‍ സാധിക്കും.

  ക്രൈസ്തവരായി ജീവിക്കാന്‍ വിളിക്കപ്പെട്ട നാമോരോരുത്തരിലും ഈ വിശ്വാസം അഗ്നിജ്വാല എന്നപോലെ ചലനാത്മകമാണ്. പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ വിശ്വാസത്തെ നിര്‍വ്വചിക്കുന്നുണ്ട്. പൂര്‍വ്വപിതാക്കന്മാര്‍ ദൈവസന്നിധിയില്‍ അംഗീകരിക്കപ്പെട്ടതും ഈ വിശ്വാസത്തിലൂടെയാണ്. നൂറ്റാണ്ടുകള്‍ക്കു ശേഷവും അവരിലൂടെ ലഭിച്ച ഈ പാരമ്പര്യവിശ്വാസം ഇന്നും അനുകരിക്കപ്പെടുന്നുണ്ട്. എന്നാല്‍, ശരിക്കും വിശ്വാസത്തിന്റെ വിവിധ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുവാനോ, കാഴ്ചപ്പാടുകളെ മനസ്സിലാക്കുവാനോ ഇന്നത്തെ തലമുറയ്ക്ക് സാധിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

  ഓരോ കാലഘട്ടങ്ങള്‍ക്കനുസരിച്ച് വിശ്വാസത്തോടുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്ത്യമായിക്കൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലും വിശ്വാസത്തോടുള്ള കാഴ്ചയും കാഴ്ചപ്പാടും ഓരോ മനുഷ്യനെയും അവനറിയാതെ അലട്ടുന്നുണ്ട്. തന്റെ മാതാപിതാക്കളെ സ്‌നേഹിക്കുകയും അവരുടെ വിശ്വാസം നിലനിര്‍ത്തുകയും ചെയ്യുന്നവരായിരുന്നു പൂര്‍വ്വികര്‍. എന്നാല്‍ ഇന്നിന്റെ തലമുറ, മാതാപിതാക്കള്‍ തന്റെ സ്വന്തം തന്നെയാണോ എന്നറിയുവാന്‍ സങ്കേതിക സഹായം തേടുന്നു.

  ജീവിതത്തില്‍ കണ്ടുവരുന്ന ഓരോ പ്രതിസന്ധികളില്‍ നമ്മെ വിശ്വസിപ്പിക്കുന്നതും നാം വിശ്വസിക്കുന്നതും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ നിന്നുണ്ടാകുന്ന വിശ്വാസമാണ്.
  ആഗോള കത്തോലിക്കാസഭ അനേകം പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പാരമ്പര്യത്തിലൂടെ പിച്ചവച്ച് വളര്‍ന്നുവന്ന സഭയിലെ അനേകം വിശ്വാസികള്‍, സഭയ്ക്ക് ഒരിക്കലും തെറ്റുപറ്റില്ലെന്ന് വിശ്വസിച്ച് മുന്നോട്ടു നീങ്ങുമ്പോള്‍, സഭയിലെ തന്നെ ഉന്നതര്‍ക്ക് മാനുഷിക പിഴവുകള്‍ സംഭവിക്കുന്നത് ആ വിശ്വാസം പരീക്ഷണവിധേയമാക്കുന്നു. വിശ്വാസത്തിന്റെ കാഴ്ചപ്പാടുകള്‍ വ്യതിചലിക്കപ്പെടുന്നു.

  എന്നാല്‍, ഇവയെല്ലാം വിശ്വസിക്കേണ്ടത് ദിവ്യാനുഭവത്താലും കത്തോലിക്കാ വിശ്വാസത്താലും ദൈവവചനത്താലുമാണ് എന്നാണ് മതബോധന ഗ്രന്ഥം 750 -ാം ഖണ്ഢിക നമ്മളെ പഠിപ്പിക്കുന്നത്. ചെയ്യുന്ന ഓരോ പ്രവൃത്തിക്കു പിന്നിലും വ്യത്യസ്തമായ വിശ്വാസങ്ങളുണ്ട്. ഈ വിശ്വാസങ്ങളിലെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുടെ വിശ്വാസത്തിന്റെ കാഴ്ചപ്പാടുകളോട് ചേര്‍ന്ന് സമത്വം സംഭവിക്കുമ്പോഴാണ് യഥാര്‍ത്ഥമായ വിശ്വാസത്തിന്റെ പ്രതിഫലം ലഭിക്കുക. അതിനാല്‍ വഴികള്‍ പലതാണെങ്കിലും സത്യം ഒന്നു തന്നെ എന്നുള്ള ബോധ്യത്തോടെ ലോകം മുഴുവനെയും യഥാര്‍ത്ഥ വിശ്വാസത്തിലേയ്ക്ക് നയിക്കാം – ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’

  ബ്ര. അഷേര്‍ മാത്യു MSFS

  കടപ്പാട്: ഫോര്‍ച്യൂണ്‍ വോയ്സ്

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.