തിരുഹൃദയത്തോടുള്ള ഭക്തിയാൽ നാശത്തിൽ നിന്ന് രക്ഷപെട്ട കരീബിയൻ ഗ്രാമം

മാർട്ടിനിക്കൂ ദ്വീപിലെ മൗണ്ട് പീലിയിൽ 1902 മെയ് 8-ന് നടന്ന അഗ്നിപർവ്വത സ്ഫോടനം സെയിന്റ് പിയറി ഗ്രാമത്തെ നാമാവശേഷമാക്കി അടുത്ത ഗ്രാമമായ മോൺ റോയിലേക്ക് കടന്നു. ഈ വലിയ പ്രകൃതിദുരന്തത്തിൽ നിന്ന് രക്ഷ നേടാനായി ഗ്രാമവാസികളെല്ലാം അടുത്തുള്ള ക്രൈസ്തവ ദേവാലയത്തിൽ അഭയം തേടി.

ഈശോയുടെ തിരുഹൃദയത്തോട് അതീവഭക്തിയുള്ള ഒരു ജനതയായിരുന്നു അവര്‍. ആളുകൾ ഭയപ്പെട്ട് ദേവാലയത്തിലേയ്ക്ക് ഓടിയെത്തിയപ്പോഴേക്കും ഇടവക വികാരിയായ വൈദികൻ അൾത്താരയിൽ തിരുസക്രാരി എഴുന്നള്ളിച്ചു വെച്ചു.  പ്രാർത്ഥിച്ചു കൊണ്ടിരിക്കെ തന്നെ വലിയ ഒരു അത്ഭുതം ആളുകൾ ദർശിച്ചു. മുൾക്കിരീടം ധരിച്ച് ഈശോ നിൽക്കുന്നതും അവിടുത്തെ ശിരസിൽ നിന്ന് രക്തം ധാരധാരയായി ഒഴുകുന്നതും. അനേകമാളുകൾക്ക് ഈ അത്ഭുതദൃശ്യം കൺകുളിർക്കെ കാണാനായി.

അന്നേദിവസം തന്നെ അത്ഭുതകരമായി ആ ഗ്രാമം പ്രകൃതിദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അതോടെ ആളുകളെല്ലാം വലിയ മാനസാന്തരത്തിലേയ്ക്ക് തിരിഞ്ഞു. പിന്നീട് ഓഗസ്റ്റ് മാസത്തിൽ ഇതേ സ്ഫോടനം ഉണ്ടാവുകയും അനേകമാളുകൾ മരണമടയുകയും ചെയ്തു. എന്നാൽ തന്റെ അടുത്തേക്ക് ക്ഷണിക്കുന്നതിനു മുമ്പ്, ആളുകൾക്ക് പശ്ചാത്താപത്തിനുള്ള അവസരം ദൈവം നൽകുകയാണ് ചെയ്തതെന്ന് മെയ് മാസത്തിലെ അത്ഭുതത്തിലൂടെ സംഭവിച്ചതെന്ന് നാട്ടുകാർ വിശ്വസിച്ചു.

അതോടെ ദൈവത്തിന്റെ കരുണയുടെ അടയാളമായി ഈശോയുടെ തിരുഹൃദയത്തെ കൂടുതൽ ഭക്ത്യാദരങ്ങളോടെ അന്നാട്ടുകാർ സ്വീകരിക്കുകയുണ്ടായി. തിരുഹൃദയ ഭക്തി നൽകുന്ന അനുഗ്രഹങ്ങൾക്ക് അടയാളമാകുന്നതായി ഈ അത്ഭുതം.