പകർച്ചവ്യാധിയിലും പതറാതെ വിശ്വാസം സംരക്ഷിക്കാം

അപ്രതീക്ഷിതമായെത്തിയ കോവിഡ് പകർച്ചവ്യാധിയെ മനസ്സു കൊണ്ട് അംഗീകരിച്ച് മുമ്പോട്ട് പോകുമ്പോഴാണ് അതിതീവ്രമായി വീണ്ടും അടുത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. പെട്ടന്നുണ്ടായ നഷ്ടങ്ങളെയെല്ലാം പതിയെ ഒന്ന് തിരിച്ചുപിടിച്ചു വരികയായിരുന്നു. ഇപ്പോഴാണെങ്കിൽ പതിയെ ഭയവും അധികരിച്ചു തുടങ്ങി. ലോകമെമ്പാടും ഈ ഒരു അവസ്ഥ തന്നെയാണ്. ജീവിതത്തിലെ എല്ലാ മേഖലയിലും പ്രതിസന്ധി തന്നെയാണ്. എങ്കിലും നാം ഇതിനെയെല്ലാം അതിജീവിക്കുമെന്ന പ്രത്യാശയെ കൈവിടാതിരിക്കാം.

കാരണം ഇത്രയധികം വൈജ്ഞാനികപരമായി മുമ്പോട്ട്‌ പോയ ലോകത്താണ് ഇവയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന കാലത്തുണ്ടായ എല്ലാ ദുരന്തങ്ങളെയും അതിജീവിച്ച ഒരു തലമുറയുണ്ടായിരുന്നു. അതിനാൽ ഇന്നത്തെ ഈ അവസ്ഥയും കടന്ന് നാം അതിജീവിക്കുമെമെന്ന വലിയ പ്രതീക്ഷയെ ഹൃദയത്തിൽ ചേർക്കേണ്ടതുണ്ട്. അതിനായി ഏറ്റവും ആവശ്യം വിശ്വാസമാണ്; ദൈവത്തിലുള്ള വലിയ പ്രതീക്ഷയും വിശ്വാസവും. കടന്നുപോകുവാൻ അനുവദിച്ചു തന്നിട്ടുള്ള എല്ലാ അവസ്ഥകളിലും അവിടുത്തെയാണ് നാം കൂട്ടു പിടിക്കേണ്ടത്.

ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കുവാനൊക്കെ നമുക്ക് പരിമിതികൾ ഉണ്ടായിരിക്കാം. എന്നാൽ നമ്മുടെ വിശ്വാസത്തിലും വിശുദ്ധ ഗ്രന്ഥ പാരായണത്തിനുമൊന്നും ഒരു കുറവും വന്നിട്ടില്ലെന്നുള്ള പഠനങ്ങളും കണക്കുകളുമൊക്കെ കഴിഞ്ഞ മാസങ്ങളിൽ നാം കണ്ടിരുന്നുവല്ലോ. അവിടുന്ന് എല്ലാ കാര്യങ്ങളിലും നമുക്ക് വലിയ ട്രെയിനിങ് നൽകുകയായിരുന്നു. അകലങ്ങളിൽ ഇരുന്നാലും പരസ്പരമുള്ള സ്നേഹവും വിശ്വാസവും ഒന്നും കുറയുകയില്ലെന്നു കാണിച്ചുതരികയായിരുന്നു. കൂടെയുള്ളവർ പോലും ചിലപ്പോൾ തൊട്ടപ്പുറത്തെ മുറിക്കുള്ളിൽ അടച്ചിട്ടിരുന്നുകൊണ്ട് ജീവിക്കേണ്ടി വന്നപ്പോൾ കൂടെയുണ്ടായിരുന്നതിലും അപ്പുറത്തായി നാം അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിവ് നൽകി അവിടുന്ന്. വലിയ വലിയ അനുഗ്രഹങ്ങൾ നൽകിയിട്ടും അതിലൊന്നും ആനന്ദം കാണുവാൻ സാധിക്കാത്ത നമുക്ക് ഇപ്പോൾ കൊച്ചുകൊച്ചു കാര്യങ്ങളിൽ പോലും വളരെ സംതൃപ്തിയും സന്തോഷവും. ഈ കഠിനദിനങ്ങളിലും അവിടുന്ന് നമുക്കായി വലിയ കൃപകൾ നൽകുന്നുണ്ട്.

നമ്മുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുകയാണ് ഇപ്പോൾ അത്യാവശ്യം. നമുക്ക് സാധ്യതകളും അനുഭവങ്ങളും നിറഞ്ഞ ഒരു ജീവിതമാണ് ഇപ്പോൾ അവിടുന്ന് നല്‍കിക്കൊണ്ടിരിക്കുന്നത്. ശുഭാപ്തിവിശ്വാസത്തോടെ നമുക്ക് ഈ അവസ്ഥകളെ നേരിടാം. കഴിഞ്ഞ സമയങ്ങളിൽ നമുക്ക് നേടുവാൻ സാധിക്കാത്തതെന്തും ഭാവിയിൽ നമുക്ക് ചെയ്യുവാൻ സാധിക്കും എന്നതിന്റെ ഒരു പുനരാരംഭം മാത്രമായി നമുക്ക് നിലവിലുള്ള സാഹചര്യങ്ങളെ കാണാം. നമ്മുടെ കാഴ്ചയ്ക്കും കേൾവിക്കുമപ്പുറത്ത് ഒരു ചെറിയ വൈറസ് ഉണ്ടെന്നുള്ളതുപോലെ തന്നെ അതിനെയും നമ്മെയും സൃഷ്‌ടിച്ച സർവ്വശക്തനായ ദൈവം നമുക്കായി എല്ലായ്പ്പോഴും നിലകൊള്ളുന്നു എന്ന ബോദ്ധ്യവും വിശ്വാസവും കൈവിടാതിരിക്കാം.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.