റിൻസി ഇനി ചെറിയാച്ചനോടൊപ്പം സ്വർഗത്തിൽ

ഫാ. ജോഷി മയ്യാറ്റില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്  

ഏഴു വർഷം മുമ്പ് ഫാ. ചെറിയാൻ നേരേവീട്ടിൽ സ്വന്തം കിഡ്നി നല്കി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന റിൻസി സിറിൾ കട്ടായത്ത്, അച്ചനു പിന്നാലേ സ്വർഗത്തിലേക്കു യാത്രയായി. കാൻസർ ബാധിതയായിരുന്നു. ശവസംസ്കാര ശുശ്രൂഷകൾ ഇന്ന് 3.30 -ന് കഴുത്തുമുട്ട് സാന്തോം ദേവാലയത്തിൽ.

തോപ്പുംപടി ഇടവകക്കാരനായ ശ്രീ. CD തോമസിൻ്റെ കുറിപ്പ്.

‘രണ്ടു പേർ, ഡിസംബറിനൊപ്പം അവളും യാത്രയായി. കളിക്കൂട്ടുകാരനായിരുന്ന സിറിളിൻ്റെ മകളാണ് റിൻസി. അതുകൊണ്ടുതന്നെ പ്രത്യേക വാത്സല്യവും സ്നേഹവും അവളോടുണ്ടായിരുന്നു. തോപ്പുംപടി സെയ്ൻ്റ് സെബാസ്റ്റിൻ സ്ക്കൂളിൽ പ്ലസ് ടു തലത്തിലെ മികച്ച വിദ്യാർത്ഥിനികളിരൊളായിരിക്കെയാണ് അപ്രതീക്ഷിതമായി വൃക്ക രോഗത്തിന് റിൻസി വിധേയയായത്. അവയവമാറ്റത്തിലൂടെ മാത്രമെ ജീവൻ നിലനിർത്താൻ കഴിയൂ എന്ന ഘട്ടത്തിലായിരുന്നു ദൈവദൂതനെപ്പൊലൊരാൾ അവളുടെ പക്കലും ഇടവക വികാരി ഫാ.ടോമി മണക്കാടിൻ്റെ പക്കലും എത്തിയത്. ജീസസ് യൂത്ത് അന്തർദേശിയ സംഘാടകനും സത്യദീപം മുൻ ചീഫ് എഡിറ്ററുമായിരുന്ന റവ. ഫാ. ചെറിയാൻ നേരെ വീട്ടിൽ.

വളരെ അവിശ്വസനീയമായിരുന്നു ആ കൂടിക്കാഴ്ചയും ചെറിയാനച്ചൻ്റെ തീരുമാനവും. അണമുറിയാതെയുള്ള യാത്രയും ഏറെ തിരക്കുകളുമുള്ള ഒരു പദവി വഹിക്കുന്നതിനിടെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾക്കു വേണ്ടി എന്തേ ഈ തീരുമാനം എന്ന എൻ്റെയും മാതൃഭൂമി കൊച്ചി റിപ്പോർട്ടർ വി.പി.ശ്രീലൻ്റെയും സന്ദേഹം തൻ്റെ സ്വസിദ്ധമായ പുഞ്ചിരിയിലൊതുക്കി അദ്ദേഹം പറഞ്ഞു. “ആർക്കൊക്കെ വേണ്ടിയാണോ എൻ്റെ ജീവൻ സമർപ്പിക്കപ്പേടേണ്ടത് അവരിലൊരാളെ കണ്ടെത്തിയ യേശു വിശ്വാസത്തിൻ്റെ ആവേശത്തിലാണ് ഞാൻ”

2014 ഏപ്രിൽ മാസത്തിൽ അച്ചൻ്റെ വൃക്കകളിലൊന്ന് ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനു പുതുജീവൻനല്കി. ശസ്ത്രക്രിയയ്ക്കു ശേഷം താൻ അനുഭവിച്ച ശാരിരിക അസ്വസ്ഥതകളെ തൻ്റെ ആത്മസമർപ്പണത്തിൻ്റെ ബലത്തിൽ അവഗണിച്ച് റിൻസിയുടെ അതിജീവനത്തിനായുള്ള കാര്യങ്ങൾക്കും അവളുടെ കുടുംബത്തിനു അദ്ദേഹം കൂട്ടുകാരനായി. കാലം എല്ലാവരുടെയും സന്തോഷത്തിനു അതിരിട്ടു. 2021 മെയ് 22 -ന് ഒരു പാട് പേർക്ക് തീരാനൊമ്പരം നല്കി ചെറിയാനച്ചൻ തൻ്റെ ജീവിതത്തോട് വിട പറഞ്ഞു. പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ ഒരു ഇരുചക്രവാഹത്തിൻ്റെ രൂപത്തിൽ മരണം കൂട്ടിക്കൊണ്ടുപോയി. വളരെ വൈകി അറിയിച്ച ആ വേർപാട് അവളിൽ വല്ലാത്ത നൊമ്പരമുണർത്തിയിരുന്നു. അതൊടെ വിട്ടു പോകാതെ തന്നോടൊപ്പം കൂടിയിരുന്ന ചികിത്സാനന്തര അസ്വാസ്ഥ്യങ്ങൾ മൂർധന്യത്തിലുമായി.

ഒടുവിൽ തൻ്റെ പ്രിയപ്പെട്ട അപ്പയും അമ്മയും ചേച്ചിയും അരുകിൽ നില്‌ക്കെ ചെറിയാനച്ചനങ്കിളിനെ കൂടി ഓർത്തു ലിസ്സി ആശുപത്രി കിടക്കയിൽ നിന്ന് അവളും യാത്രയായി. ചെറിയാനച്ചൻ ഒരു വിശുദ്ധ യൗവ്വനമായി ഓർമ്മയിൽ നില്ക്കുന്നു. ഒപ്പം മകളോളം സ്നേഹിച്ച റിൻസിയും.’

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.