കാബൂൾ സ്ഫോടനത്തിന്റെ നേർക്കാഴ്ചകൾ

“ഒരു നിമിഷത്തേക്ക് എന്റെ ചെവി പൊട്ടിത്തെറിച്ചു പോകുന്നതുപോലെ തോന്നി. എന്റെ കേൾവിശക്തി നഷ്ടപ്പെട്ടു. ടൊർണാഡോ കൊടുങ്കാറ്റിൽ പ്ലാസ്റ്റിക് ബാഗുകൾ പറന്നുനടക്കുന്നതു പോലെ ശരീരങ്ങളും ശരീരാവയവങ്ങളും വായുവിൽ പറന്നുനടക്കുന്ന കാഴ്ചയാണ് പിന്നീടെനിക്ക് കാണാൻ സാധിച്ചത്. ശരീരഭാഗങ്ങൾ ചുറ്റും ഛിന്നഭിന്നമായി കിടക്കുന്നു. പരിക്കേറ്റ അനേകം ആളുകൾ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ചിതറിക്കപ്പെട്ടു” – വിമാനത്താവളത്തിലെത്താനായി ശ്രമിച്ചുകൊണ്ടിരുന്ന ഒരു അഫ്ഗാൻ പൗരന്റെ, കാബൂൾ വിമാനത്താവളത്തിൽ നടന്ന സ്ഫോടനത്തിന്റെ ദൃക്സാക്ഷി വിവരണമാണിത്.

കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ഭീകരർ ഇന്നലെ നടത്തിയ ഇരട്ട സ്‌ഫോടനത്തിൽ 60 പൗരന്മാരും 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു എന്നാണ് അഫ്ഗാൻ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഏറ്റവും തിരക്കേറിയ കവാടങ്ങളിൽ രണ്ടിടത്താണ് ചാവേർ സ്ഫോടനം നടന്നത്. പതിനായിരക്കണക്കിന് അഫ്‌ഗാനികളായിരുന്നു തത്സമയം വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്. ഐഎസ് ആക്രമണം അമേരിക്കൻ സൈനികരെയും അവരെ സഹായിക്കുന്ന പ്രവർത്തകരെയും ലക്ഷ്യം വച്ചുകൊണ്ടാണെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു.

വിമാനത്താവളത്തിന്റെ അരികിലുള്ള ഒരു കനാലിനു ചുറ്റും ഡസൻ കണക്കിന് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് അഫ്ഗാൻ മാധ്യമപ്രവർത്തകർ ചിത്രീകരിച്ച വീഡിയോയിൽ കാണാം. രണ്ടു സ്ഫോടനങ്ങളും പ്രദേശത്തെ പിടിച്ചുകുലുക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രിയപ്പെട്ടവരെ തിരഞ്ഞുനടക്കുന്ന അഫ്ഗാൻ പൗരന്മാരെയും നമുക്കവിടെ കാണാം. മലിനജലം ഒഴുകുന്ന കനാലിലൂടെ രക്തമാണ് ഇപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്നത്. തികച്ചും ഹൃദയഭേദകമായ കാഴ്ചകളാണ് സ്ഫോടനദൃശ്യങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 12 ദിവസങ്ങൾക്കുള്ളിൽ പാശ്ചാത്യരാജ്യങ്ങൾ ഏകദേശം ഒരു ലക്ഷത്തോളം ആളുകളെയാണ് ഒഴിപ്പിച്ചത്. വ്യോമ മാർഗ്ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്. കാബൂൾ വിമാനത്താവളം ഇന്നലെ മുതൽ അടച്ചിട്ടിരിക്കുന്നതിനാൽ കാണ്ഡഹാർ വിമാനത്താവളം തുറന്നിട്ടുണ്ട്. രാജ്യാന്തര സർവീസുകൾ അവിടെ നിന്നു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഒരു കോടി കുഞ്ഞുങ്ങൾ പട്ടിണിയുടെ വക്കിലാണെന്ന് യൂണിസെഫ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

കടപ്പാട്: https://www.google.com/amp/s/www.ndtv.com/world-news/explosion-outside-kabul-airport-casualties-unclear-says-us-military-2519674%3famp=1&akamai-rum=off

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.