ക്രൈസ്തവരെ വിശുദ്ധ നാട്ടിൽ നിന്നും പുറത്താക്കാൻ തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകൾ ശ്രമിക്കുന്നു: ജെറുസലേം ബിഷപ്പുമാർ

ക്രൈസ്തവരെ വിശുദ്ധ നാട്ടിൽ നിന്നും പുറത്താക്കാൻ തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകൾ ശ്രമിക്കുന്നുവെന്ന് ജെറുസലേം ബിഷപ്പുമാർ. പാത്രിയാർക്കീസും ജറുസലേമിലെ പ്രാദേശിക സഭകളുടെ തലവന്മാരും പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. വിശുദ്ധ നാട്ടിൽ ക്രൈസ്തവർ ഭീഷണിയിലാണെന്നും ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.

“വിശുദ്ധ നാട്ടിൽ ക്രൈസ്തവർ തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളുടെ നിരന്തരമായ ആക്രമണങ്ങൾ നേരിടുന്നുണ്ട്. 2012 മുതൽ വൈദികർക്കും ക്രിസ്ത്യൻ പള്ളികൾക്കും നേരെയുള്ള ആക്രമണങ്ങളും വിശുദ്ധ സ്ഥലങ്ങൾ പതിവായി നശിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവൃത്തികളും വർദ്ധിച്ചു വരുന്നു. കൂടാതെ സ്വതന്ത്രമായി ആരാധിക്കാനും ദൈനംദിന ജീവിതം നയിക്കാനും ആഗ്രഹിക്കുന്ന പ്രാദേശിക ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികളും കൂടി വരുന്നു. ജറുസലേമിൽ നിന്നും വിശുദ്ധ നാടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ക്രൈസ്തവരെ ആട്ടിയോടിക്കാനുള്ള ആസൂത്രിത ശ്രമത്തിലാണ് ഇത്തരം തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകൾ” – ബിഷപ്പുമാർ വെളിപ്പെടുത്തുന്നു.

രാജ്യത്ത് ക്രൈസ്തവർക്ക് സുരക്ഷിതമായ ഭവനങ്ങൾ നൽകാനുള്ള ഇസ്രായേൽ ഗവൺമെന്റിന്റെ പ്രതിബദ്ധതയോട് ഈ പ്രസ്താവനയിലൂടെ ബിഷപ്പുമാർ നന്ദി അറിയിച്ചു. എന്നാൽ ഈ ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ സ്ഥാപനങ്ങളുടെ പരാജയത്തിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു പൗരനോ അല്ലെങ്കിൽ സ്ഥാപനമോ അക്രമത്തിന്റെയോ, ഭീഷണിയുടെയോ ഭീതിയിൽ ജീവിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാൻ, ക്രൈസ്തവ സമൂഹത്തിനും നിയമവാഴ്ചക്കും നേരെ ജറുസലേമിലെ തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകൾ നടത്തുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ പാത്രിയാർക്കീസും ബിഷപ്പുമാരും അധികാരികളോട് ആഹ്വാനം ചെയ്തു.

ഒരു പ്രശ്നപരിഹാരമെന്ന നിലയിൽ ജറുസലേമിലെ ക്രിസ്ത്യൻ ക്വാർട്ടറിന്റെ സമഗ്രത സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക ക്രൈസ്തവ സാംസ്കാരിക പൈതൃകമേഖല സൃഷ്ടിക്കാൻ ബിഷപ്പുമാർ നിർദ്ദേശിച്ചു. ഇത് നഗരത്തിന്റെ ക്രിസ്ത്യൻ പൈതൃകത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.