ക്രിസ്ത്യൻ കോളേജ് പാർക്കിന് ഫാ. സ്റ്റാൻ സ്വാമിയുടെ പേര് നൽകുന്നതിനെ എതിർത്ത് തീവ്രഹിന്ദു സംഘടനകൾ

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ വച്ചു മരണമടഞ്ഞ ജെസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ പേര് ക്രിസ്ത്യൻ കോളേജ് പാർക്കിന് നൽകുന്നതിൽ പ്രതിഷേധവുമായി തീവ്രഹിന്ദുത്വവാദികൾ. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള മംഗളൂരുവിലെ സെൻറ് അലോഷ്യസ് കോളേജ് കാമ്പസിൽ സ്ഥിതിചെയ്യുന്ന പാർക്കിനാണ് സ്റ്റാൻ സ്വാമിയുടെ പേര് നൽകുന്നതിന് തീരുമാനിച്ചത്.

കിഴക്കേ ഇന്ത്യയിലെ ആദിവാസികൾക്കും നിരക്ഷരർക്കുമിടയിൽ പ്രവർത്തിച്ച സ്റ്റാൻ സ്വാമിയോടുള്ള ആദരാണർത്ഥമാണ് പാർക്കിന് ‘സ്റ്റാൻ സ്വാമി പീസ് പാർക്ക്’ എന്ന പേര് നല്‍കാൻ കോളേജ് അധികൃതർ തീരുമാനിച്ചത്. എന്നാൽ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദൾ, അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്നീ സംഘടനകൾ ഇതിനെതിരെ രംഗത്തു വരികയായിരുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെ പേര് പാർക്കിന് നൽകിയാൽ അത് സമൂഹത്തിന് അപമാനമാണെന്നാണ് ഇവരുടെ വാദം.

സംഭവത്തിൽ ജസ്യൂട്ട് സഭ ദുഃഖം പ്രകടിപ്പിച്ചു. പാർക്കിന് ഫാ. സ്റ്റാൻ സ്വാമിയുടെ പേരിടാൻ  അവകാശമുണ്ടെന്നും കഴിഞ്ഞ 140 വർഷമായി സെന്റ് അലോഷ്യസ് കോളേജ് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ സേവിച്ചു എന്നും ജെസ്യൂട്ട് സഭാധികൃതർ വ്യക്തമാക്കി.

സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യർത്ഥനപ്രകാരം പാർക്കിന്റെ പേരിടീൽ ചടങ്ങ് കോളേജ് അധികൃതർ താത്ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.