മിഷന്‍ വചനവിചിന്തനം – ഒക്‌ടോബര്‍ 12 ലൂക്കാ 11: 27-28

ഇന്നത്തെ ചെറിയ സുവിശേഷഭാഗത്ത് ‘ഭാഗ്യവാന്‍’ എന്ന വാക്ക് നാം കാണുന്നു. ആത്മാവിന് ശരിയായ ആനന്ദം പ്രദാനം ചെയ്യുന്ന സുസ്ഥിതമായ അവസ്ഥയെയാണ് ഈ വാക്ക് സൂചിപ്പിക്കുക. ‘ഭാഗ്യവാന്‍’ അല്ലെങ്കില്‍ ‘ഭാഗ്യവതി’ എന്നു വിളിക്കപ്പെടാന്‍ നാം അര്‍ഹരാണോ എന്ന ചോദ്യത്തോടെ ഇന്നത്തെ വിചിന്തനം ആരംഭിക്കാം. ഭാഗ്യവാന്മാരെക്കുറിച്ചുള്ള യേശുവിന്റെ നിര്‍വചനം പകല്‍പോലെ വ്യക്തമാണ്. ‘ദൈവവചനം കേട്ട് അത് പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍’ (ലൂക്കാ 11:28). ഈ വാക്കുകള്‍ ക്രിസ്തീയ മിഷനറിമാര്‍ എന്ന നിലയിലുള്ള നമ്മുടെ ദൈവവിളി ആഴത്തില്‍ വ്യക്തമാക്കുന്നു.

ദൈവവചനത്തെ ആധികാരികമായി ശ്രവിക്കുകയെന്നാല്‍ അത് ഭക്ഷിക്കുക, അതിന്മേല്‍ ധ്യാനിക്കുക, അവയില്‍ വസിക്കുക, അവ ഹൃദയത്തില്‍ സ്വീകരിക്കുക എന്നൊക്കെയാണ്. തല്‍ഫലമായി ദൈവവചനം നമ്മുടെ ഹൃദയത്തില്‍ വേരു പാകുവാനും, മനഃസാക്ഷിയെ നവീകരിക്കുവാനും, ക്രിസ്തീയമായ മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും വെല്ലുവിളികള്‍ ഏറ്റെടുക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു. ന മ്മുടെ ജീവിതവും ദൈവസ്‌നേഹവും പരസ്പരം ഇട കലര്‍ന്നതാണ്.അതിനായി നിരന്തരം ദൈവത്തിന് നാം കീഴടങ്ങണം. അത് ലളിതമോ യാന്ത്രികമോ അല്ല. ഒരു മനുഷ്യന്‍ ബോധപൂര്‍വ്വമെടുക്കുന്ന തീരുമാനമാണ്. ദൈവവചനത്തെ ഭക്ഷിക്കുക എന്നാല്‍, വിശുദ്ധ കുര്‍ബാനയെ ഭക്ഷിക്കുക എന്നൊരു അര്‍ത്ഥവുമുണ്ട്.

യേശു നല്‍കുന്ന മുന്‍കരുതലിന്റെ രണ്ടാം ഭാഗം ദൈവവചനത്തെ ജീവിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ദൈവവചനത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ദൈവീക നിയമങ്ങള്‍ പാലിക്കുവാനും ദൈവസ്‌നേഹം വസ്തുനിഷ്ഠമായ രീതിയില്‍ അനു ദിനം ജീവിക്കുവാനുമുള്ളസ്ഥായിയായ സമര്‍പ്പണം ആവശ്യമാണ്.ഈ കടമ്പയില്‍ വ്യക്തിപരമായ ഒരു തലമുണ്ടെങ്കിലും വലിയ ഒരു സാമൂഹിക പ്രതിബദ്ധ ത ഉള്‍ക്കൊള്ളുന്ന കാര്യമാണിത്. ദൈവവചനം വിശ്വാസത്തോടെ ശ്രവിക്കുന്നുവെന്നും അവയോട് എങ്ങനെ പ്രതികരിക്കുമെന്നും നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്? വി. യാക്കോബ് ശ്ലീഹാ ഇപ്രകാരം പഠിപ്പിക്കുന്നു: ‘ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം’ (യാക്കോബ് 2: 18).

ദൈവവചനം നമ്മള്‍ ജീവിക്കുന്നുവെന്നതിന്റെ തെളിവാണ് നമ്മുടെ ജീവിതം.ഈ അടുത്ത കാലത്ത്, ദൈവവചനം കേള്‍ക്കുന്നതിന്റെയും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെയും ഏകീകരിക്കുന്നതിന്റെയും പ്രാധാന്യത്തെപ്പറ്റി മാര്‍പ്പാപ്പമാര്‍ സ്പഷ്ട മായി പ്രഖ്യാപിക്കുന്നുണ്ട്. ഒരേ സമയം വചനം കേള്‍ക്കുന്നവരും അതനുസരിച്ച് ജീവിക്കുന്നവരുമാകണം നമ്മള്‍. ദൈവവചന ധ്യാനവും വസ്തുനിഷ്ഠമായ പ്രവര്‍ത്തിയും സുവിശേഷവത്കരണത്തിന് ആവശ്യമാണ്.
സുവിശേഷവത്കരണത്തിന്റെ പാപ്പ എന്നറിയപ്പെടുന്ന പോള്‍ ആറാമന്‍ പാപ്പയുടെ  ‘സുവിശേഷവത്കരണം’ (Evangelii nuntiandi) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ഇപ്രകാരം പറയുന്നു: ‘ആധുനിക മനുഷ്യര്‍ ഗുരുക്കന്മാരെക്കാള്‍, സാക്ഷ്യങ്ങളെയാണ് കൂടുതല്‍ താല്‍പര്യത്തോടെ ശ്രവിക്കുക. അവന്‍ ഗുരുക്കന്മാരെ ശ്രവിക്കുന്നെങ്കില്‍ അവര്‍ സാക്ഷ്യങ്ങളായതുകൊണ്ടാണ്’ (നമ്പര്‍ 41).പുതിയ നിയമം ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ ‘ഭാഗ്യവതി’ എന്ന സംബോധനയ്ക്ക് ആദ്യം അര്‍ഹയായിത്തീര്‍ന്ന വ്യക്തി പരിശുദ്ധ കന്യകാമറിയമാണെന്നു വെളിപ്പെടും.

ലൂക്കാ സുവിശേഷത്തില്‍, മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ (ലൂക്കാ 1: 41-45), എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഉദ്ഘോഷിച്ചു: ‘നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. “കര്‍ത്താവ് അരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.” മറിയം ഭാഗ്യവതിയായത് വിശ്വസിച്ചതു വഴിയാണ്. മാലാഖയിലൂടെ ദൈവം അരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ച അവള്‍ ഭാഗ്യവതിയായി. ദൈവവചനത്തോട് വ്യവസ്ഥകളില്ലാതെ ഫിയാത്തു പറഞ്ഞ മറിയം അങ്ങനെ വിശ്വാസികള്‍ക്ക് മാതൃകയായി.

ഇന്നത്തെ വചനഭാഗത്ത് 27,28 വാക്യങ്ങള്‍, യേശുവിന്റെ അമ്മയായ മറിയത്തെ ദൈവവചനം എങ്ങനെ സ്വീകരിക്കണം എന്ന മനോഭാവത്തിന്റെ നിസ്തര്‍ക്കമായ ഉദാഹരണമായി കാണുന്നു. ‘മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു’ (ലൂക്കാ 2:19) എന്ന വചനം, മറിയം വചനത്തെ പരിപാലിക്കുകയും സംരക്ഷിക്കുകയും കാവലാവുകയും ചെയ്തു എന്നതിന്റെ വ്യ ക്തമായ തെളിവാണ്. വചനം പാലിക്കുക എന്നതില്‍ എപ്പോഴും ശ്രദ്ധയുടെയും ഉത്തരവാദിത്വത്തിന്റെയും തലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പരിശുദ്ധ കന്യകാ മറിയം വചനത്തെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നവള്‍ മാത്രമായിരുന്നില്ല; അവള്‍ അതിനെപ്പറ്റി ഹൃദയത്തില്‍ ധ്യാനിച്ചിരുന്നു. അതായത്, ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതിന്റെ ശരിയായ അര്‍ത്ഥം വചനത്തിലൂടെ മറിയം ഗ്രഹിച്ചിരുന്നു എന്നു സാരം.

വിശ്വാസം ജീവിക്കുന്ന വിശ്വസ്തയായ ശിഷ്യയെന്ന നിലയില്‍ മറിയത്തിന്റെ മാതൃക ആധുനിക സമൂഹത്തില്‍ സഭയുടെ ശിഷ്യത്വവിളി മനസ്സിലാക്കാന്‍ വളരെ സഹായകരമാണ്. ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ രണ്ടു തവണ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ‘രക്ഷകന്റെ അമ്മ’ എന്ന ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം എഴുതി: ‘മറിയം വിശ്വാസത്തിന്റെ സ്ത്രീ ആയിരുന്നു. വിശ്വാസം ജീവിക്കുകയും അവയില്‍ പുരോഗമിക്കുകയും ചെയ്ത വ്യക്തി. അസാധാരണമായ അവളുടെ വിശ്വാസ തീര്‍ത്ഥാടനം സഭയ്ക്കു വേണ്ടിയുള്ള നിരന്തരമായ മാതൃകയെയാണു സൂചിപ്പിക്കുക.

ശുശ്രൂഷയുടെയും ഫലദായകത്വത്തിന്റെയും ഭാഗധേയം നിര്‍ണ്ണയിക്കുന്ന വിശ്വാസത്തിന്റെ യാത്രയില്‍, മറിയം അവളെ ത്തന്നെയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനായി സ്വയം അനുവദിച്ചു. എല്ലാവര്‍ക്കും വേണ്ടിയുള്ള രക്ഷയുടെ സന്ദേശം പ്രഘോഷിക്കുവാനും പുതിയ ശിഷ്യരെ സുവിശേഷപ്രഘോഷകരാക്കാനും ഇന്ന് നമ്മള്‍ അവളെ നോക്കുകയും അവളുടെ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. മറിയം തന്റെ പുത്രന്റെ രഹസ്യങ്ങളോട് ഐക്യപ്പെട്ടു ജീവിച്ചു. അതുവഴി വിശ്വാസത്തിന്റെ തീര്‍ത്ഥാടനത്തില്‍ മുന്നോട്ടു പോയി. വളരെ വര്‍ഷങ്ങള്‍ മറിയം പിന്തുടര്‍ന്ന വഴി ഇതാണ്’ (നമ്പര്‍ 287).

വചനം സദ്‌വാര്‍ത്തയായി പങ്കുവയ്ക്കുമ്പോള്‍ അത്യാവശ്യവും അനിവാര്യവുമായ ഒരു വസ്തുതയാണ് അവയെപ്രഘോഷിക്കുക എന്നത്. എന്നാല്‍, ഇത് വചനം പങ്കുവയ്ക്കലിന്റെ ആദ്യഭാഗമല്ല. വചനം പങ്കുവയ്ക്കല്‍ പ്രധാനമായും പ്രഘോഷണ ത്തിലല്ല മറിച്ച്, സാക്ഷ്യം നല്‍കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ലൂക്കാ ഈ ബോധ്യത്തെ വളരെ അനുരൂപമായ രീതിയില്‍, സ്‌നാപകയോഹന്നാന്‍ യേശുവിനെപ്പറ്റി ചോദിക്കാന്‍ രണ്ടു ശിഷ്യന്മാരെ അയച്ചതുമായി ബന്ധിപ്പിക്കുന്നു (ലൂക്കാ 7:19.) എന്നാല്‍, യേശു അവര്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം, ആഗതമാകുന്ന ദൈവരാജ്യത്തിന്റെ പരിണിതഫലങ്ങള്‍ക്ക് അനിഷേധ്യമായ തെളിവുകള്‍ നല്‍കുന്നു. ‘അപ്പോള്‍ യേശു വളരെപ്പേരെ രോഗങ്ങളില്‍ നിന്നും പീഡകളില്‍ നിന്നും അശുദ്ധാത്മാക്കളില്‍ നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാര്‍ക്ക് കാഴ്ച കൊടുക്കുകയും ചെയ്തു’ (ലൂക്കാ 7:21).

മറിയത്തെപ്പോലെ ദൈവവചനത്തെ തുറവിയോടു കൂടി ശ്രവിക്കുകയും ഉദാരതയോടു കൂടി ജീവിക്കുകയും ചെയ്യുന്ന പ്രേഷിതരെയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ദൈവവചനം ശ്രവിച്ച് അതനുസരിച്ചു ജീവിക്കുമ്പോള്‍ പ്രേഷിതരും പരിശുദ്ധ മറിയത്തെപ്പോലെ ഭാഗ്യവാനും ഭാഗ്യവതിയും ആകും.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ mcbs