മിഷന്‍ വചനവിചിന്തനം ഒക്‌ടോബര്‍ 09: ലൂക്കാ 11: 1-14

സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന, യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് മിഷന്‍ മാസം ഒമ്പതാം ദിനത്തിലെ നമ്മുടെ ധ്യാനവിഷയം.

ജയ്സൺ കുന്നേൽ

സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നത് ഒരു പ്രാര്‍ത്ഥനയ്ക്കപ്പുറം തെര്‍ത്തുല്യന്‍ പറയുന്നതുപോലെ ‘സുവിശേഷങ്ങളുടെ മുഴുവന്‍ സംക്ഷിപ്തരൂപം’ ആണ്. കാരണം, ഇതില്‍ ക്രിസ്തുശിഷ്യര്‍ക്ക് ഏറ്റവും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട അടിസ്ഥാന തത്വങ്ങളായ അഗാധമായ പ്രത്യാശയെപ്പറ്റിയും നിര്‍ണ്ണായകമായ ആവശ്യങ്ങളെപ്പറ്റിയും പഠിപ്പിക്കുന്നു. ലൂക്കായുടെ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്റെ, ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കാനുള്ള വലിയ ദാനത്തെപ്പറ്റി വെളിപ്പെടുത്തുന്നത് നാം കാണുന്നു. ദൈവത്തെ പിതാവായി പരിഗണിക്കുന്ന രീതി പഴയനിയമത്തിലും ഉണ്ടായിരുന്നു (നിയമാ. 32:6; മലാക്കി 2:10; ജെറ. 3:19; സങ്കീ. 103:13). എന്നാല്‍, ദൈവത്തെ ആര്‍ദ്രതയുള്ള പിതാവും ശിശുസഹജമായ ആശ്രയബോധത്തോടെ സമീപിക്കുന്ന വ്യക്തിയായി പരിചയപ്പെടുത്തിയതും യേശുവാണ്. യേശു, ദൈവത്തെ ‘പിതാവേ – അബ്ബാ’ എന്നു വിളിക്കുന്നു. കാരണം, അവന്‍ നിത്യപിതാവിന്റെ പുത്രനാണ്.

യേശു, തന്റെ ശിഷ്യന്മാരെ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നു പഠിപ്പിക്കുമ്പോള്‍ അവരെ അനന്തകാരുണ്യവാനും അനന്തസ്‌നേഹനിധിയുമായ പിതാവായ ദൈവത്തിങ്കലേയ്ക്കു തിരിയുവാന്‍ അവന്‍ ക്ഷണിക്കുന്നു. യേശു പുത്രാനുരൂപമായ ഐക്യത്തിലേയ്ക്ക് ശിഷ്യന്മാരെ ക്ഷണിക്കുന്നു. വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും യേശുവിന്റെ ദൗത്യം നമ്മളെ ദൈവത്തിന്റെ പിതൃത്വത്തിലേയ്ക്ക് നയിക്കും. അതുവഴി എല്ലാവരെയും സഹോദരങ്ങളെപ്പോലെ കാണുവാനും സ്‌നേഹിക്കുവാനും നമ്മളെ പ്രാപ്തരാക്കും.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ വെളിപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രത്യാശകളിലൊന്ന്, ‘ദെവത്തിന്റെ നാമം പൂജിതമാകണം’ എന്നതാണ്. ദൈവത്തിന്റെ നാമം അതില്‍ തന്നെ പരിശുദ്ധമാണ് (ലേവ്യ. 11:44; 19:2, സങ്കീ. 33:21). എന്നിരുന്നാലും ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടണമെന്നുള്ള പ്രത്യാശ വിരല്‍ചൂണ്ടുന്നത്, അവന് സ്വന്തമായ ജനതയെപ്പോലെ ജീവിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയിലേയ്ക്കാണ്. ‘നിങ്ങള്‍ എന്റെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. ഇസ്രായേല്‍ ജനങ്ങളുടെയിടയില്‍ എന്റെ പരിശുദ്ധി പ്രഘോഷിക്കപ്പെടേണ്ടതാകയാല്‍ നിങ്ങള്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുത്. നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് ഞാനാണ്’ (ലേവ്യ 22: 31-32). സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. എന്ന പ്രാര്‍ത്ഥന അടിസ്ഥാനമായിരിക്കുന്ന പഴയനിയമ പാരമ്പര്യമനുസരിച്ച് ദൈവത്തിന്റെ നാമം പൂജിതമാക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ദൈവത്തിന്റെ സ്വന്തജനം എന്നവകാശപ്പെടുന്ന ജനത അവന്റെ ഹിതമനുസരിച്ചു ജീവിക്കുക എന്നതാണ്.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. എന്ന പ്രാര്‍ത്ഥന നല്‍കുന്ന പ്രത്യാശയുടെ രണ്ടാമത്തെ ഘടകം ദൈവരാജ്യത്തിന്റെ വരവിനെപ്പറ്റിയുള്ള വാഗ്ദാനമാണ്. തന്റെ പിതാവിന്റെ രാജ്യം ഇപ്പോഴും ലോകത്തിലുണ്ട് എന്ന് യേശു വ്യക്തമാക്കുന്നു. ദൈവം മനുഷ്യചരിത്രത്തില്‍ പ്രവേശിച്ചത് ഒരു പുതുയുഗത്തിന്റെ ആരംഭത്തിനാണെന്ന് യേശു പ്രഘോഷിക്കുന്നു. അവിടെ ആരും ഒറ്റയ്ക്കാണെന്ന അനുഭവമില്ല. അവിടെ, നീതിയും സമാധാനവും സാഹോദര്യവും ഓരോ വ്യക്തിയെയും ബഹുമാനിക്കുന്ന ലോകവും പടുത്തുയര്‍ത്താന്‍ നമുക്ക് കഴിയും.

‘നിന്റെ രാജ്യം വരണമേ’ എന്നു നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ ഇഷ്ടം ഒരു കൃപയായും അതേസമയം മനുഷ്യസ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും നിരന്തരമായ കര്‍ത്തവ്യമായും നമ്മുടെയിടയില്‍ സംജാതമാകട്ടെ എന്ന പ്രത്യാശ നമ്മള്‍ പ്രകടമാക്കുകയാണു ചെയ്യുക. ലൂക്കായുടെ സുവിശേഷമനുസരിച്ച് സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. എന്ന പ്രാര്‍ത്ഥനയിലെ ആദ്യ അപേക്ഷ ‘അന്നന്നു വേണ്ടുന്ന ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ’ (ലൂക്കാ 11:3) എന്നതാണ്. ഈ യാചനയില്‍ രണ്ടു വ്യംഗ്യാര്‍ത്ഥങ്ങള്‍ നമുക്ക് കാണാം. ഒരുവശത്ത് ദൈവത്തോടുള്ള നമ്മുടെ ബഹുമാനവും നന്ദിയും മറന്നുപോകുമെന്ന അപകടമുള്ളതിനാല്‍ ഓരോ ദിവസവും ദൈവത്തോട് അന്നന്നു വേണ്ടുന്ന ആഹാരം നമ്മള്‍ ചോദിക്കണമെന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. എന്ന പ്രാര്‍ത്ഥന ഓര്‍മ്മിപ്പിക്കുന്നു. മറുവശത്ത് ഈ പ്രാര്‍ത്ഥനയില്‍, ‘എന്റെ അപ്പം’ എന്ന ‘ഞങ്ങള്‍ക്കുള്ള അപ്പം’ തരണമേ എന്നു പ്രാര്‍ത്ഥിക്കാനാണ് നിര്‍ദ്ദേശം. നമുക്കുള്ളവ മറ്റുള്ളവരുമായി സ്‌നേഹത്തോടെ പങ്കുവയ്ക്കണം എന്ന ആവശ്യം ഊന്നിപ്പറയുന്നതിനു വേണ്ടിയാണ് ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ടത് എന്നു സാരം. ശരിയായ ജീവിതം ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഫലമാണ്.

രണ്ടാമത്തെ യാചന ക്ഷമയുടേതാണ്. ലൂക്കായുടെ അഭിപ്രായത്തില്‍ ക്ഷമയ്ക്കു വേണ്ടിയുള്ള അപേക്ഷ ഒരു കാര്യം മുന്‍കൂട്ടി ഉദ്ദേശിക്കുന്നു. നമുക്കെല്ലാവര്‍ക്കും തെറ്റ് സംഭവിക്കുന്നവരാണെന്നും അതിനാല്‍, ദൈവകാരുണ്യം ആവശ്യമാണെന്നുമുള്ള വസ്തുത നാം സത്യമായും അംഗീകരിക്കണം (ലൂക്കാ 5:8; 6:39-42). ഈ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍, മൂന്നാം സുവിശേഷകന്‍ ദൈവക്ഷമയുടെ ഫലദായകത്വം നമ്മെ, മറ്റുള്ളവരോട് ക്ഷമിക്കുന്നതിലേയ്ക്ക് നയിക്കുമെന്ന ഉള്‍ക്കാഴ്ച്ച തരുന്നു. ദൈവത്തിന്റെ ക്ഷമ സൗജന്യമായി നമുക്ക് ലഭിക്കുന്നതാണ്. നമ്മിലോരോരുത്തരിലുമുള്ള അതിന്റെ ഫലയാദകത്വം, നമ്മള്‍ എപ്രകാരം അതു നമ്മുടെ ജീവിതത്തിലും ബന്ധങ്ങളിലും പ്രാവര്‍ത്തികമാക്കും എന്നതിനെ ആശ്രയിച്ചാണിരിക്കുക.

അവസാനമായി സ്വര്‍ഗ്ഗസ്ഥനായ പിതാവിലെ മൂന്നാമത്തെ യാചന, ‘ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ’ (ലൂക്കാ 11:4) എന്നതാണ്. ആദ്യം നമ്മള്‍ നമ്മുടെ പാപവസ്ഥ അംഗീകരിച്ചു, ഇപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നമ്മുടെ ക്ഷണികതയിലും ബലഹീതയിലുമുള്ള അവബോധത്തില്‍ വളരാന്‍ സഹായിക്കുന്നു. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ എന്നാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന എപ്പോഴും ദൈവവുമായുള്ള ബന്ധത്തിന്റെ അനുഭവമാണ്. പരിശുദ്ധാത്മ ശക്തിയില്‍ യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച. സുവിശേഷത്തിന്റെ സംഗ്രഹം എന്ന നിലയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പ്രേഷിതമേഖലയില്‍ നമ്മുടെ കൂടിക്കാഴ്ച്ചകള്‍ എപ്രകാരമായിരിക്കണം എന്നതിനുള്ള അടിസ്ഥാന മാനദണ്ഡം നല്‍കുന്നു. ദൈവത്തെ പിതാവായി കാണാന്‍ നമ്മളെ യോഗ്യരാക്കുന്ന ദൈവകൃപ സഹോദരീ-സഹോദരങ്ങളായി ജീവിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.

ദൈവത്തിന്റെനാമം പൂജിതമാക്കാനുള്ള നമ്മുടെ കടമ, അവന്റെ കൃപയുടെ സഹായത്താല്‍ ദൈവരാജ്യം സ്ഥാപിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വവും ഉള്‍കൊള്ളുന്നു. ദൈവത്തിന്റെ പിതൃത്വം പൂര്‍ണ്ണമായി വെളിപ്പെട്ടത് യേശുക്രിസ്തുവിലാണ് (യോഹ.12:45; 14:9). ഈ യാഥാര്‍ത്ഥ്യം ശിഷ്യരുടെ പ്രേഷിതകൂട്ടായ്മയെ ഒരു യഥാര്‍ത്ഥ കുടുംബമാക്കി മാറ്റുന്നു. വചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും മേശയിലേയ്ക്ക് എല്ലാവരെയും ക്ഷണിയ്ക്കുന്ന കുടുംബം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS