മിഷന്‍ വചനവിചിന്തനം ഒക്ടോബര്‍ 07: ലൂക്കാ 10: 25-37

നല്ല സമരിയാക്കാരന്റെ ഉപമയാണ് ഇന്നത്തെ തിരുവചന മനനവിഷയം.

ജയ്സൺ കുന്നേൽ

യേശുവിനെ പരീക്ഷിക്കുവാന്‍ ചോദ്യവുമായി സമീപിക്കുന്ന ഒരു നിയമജ്ഞനെപ്പറ്റി പ്രതിപാദിച്ചു കൊണ്ടാണ് ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിലെ അപ്പസ്‌തോലന്മാരെ പരീക്ഷിക്കുവാനും നിരവധി വിദഗ്ദര്‍ ഇന്ന് ലോകത്തിലുണ്ട്.

നിത്യജീവന്‍ അവകാശമാക്കാന്‍ നാം എന്തു ചെയ്യണം? നമുക്ക് എങ്ങനെ സന്തോഷവാന്മാരാകുവാന്‍ കഴിയും? ഗുരുവിന്റെ പഠനങ്ങളേക്കാള്‍ കൂടുതലായി നമുക്കും പുതിയ പഠനമൊന്നും ഇല്ല. സന്തോഷമനുഭവിക്കാന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും സര്‍വ്വശക്തിയോടും കൂടി സ്‌നേഹിക്കണം; നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം. ദൈവത്തെയും അയല്‍ക്കാരെയും സ്‌നേഹിക്കുക. മറ്റുള്ളവരിലൂടെ ദൈവത്തെ സ്‌നേഹിക്കുക. ദൈവം ആവശ്യപ്പെടുന്നതു പോലെ അയല്‍ക്കാരെ സ്‌നേഹിക്കുക. വസ്തുനിഷ്ഠമായി ഇത് ചെയ്യാന്‍ എങ്ങനെ കഴിയും? നല്ല സമരിയാക്കാരന്റെ കഥയിലൂടെ യേശു ഇതിന് നല്ലൊരു ഉദാഹരണം നല്‍കുന്നു.

ലൂക്കാ സുവിശേഷകന്‍ മാത്രമേ അസാധാരണ സ്‌നേഹത്തിന്റെ കഥ പറയുന്ന യേശുവിന്റെ ഈ ഉപമ രേഖപ്പെടുത്തിയിട്ടുള്ളൂ. ‘ഒരു മനുഷ്യന്‍ ജറുസലേമില്‍ നിന്നു ജറീക്കോയിലേയ്ക്കു പോവുകയായിരുന്നു.’ അതായത്, ദൈവാലയത്തിന്റെ- വിശുദ്ധ നഗരത്തിന്റെ- പരിശുദ്ധിയുടെ വലയത്തില്‍ നിന്ന് പ്രാന്തപ്രദേശമായ ഭൂമിയിലെ ‘താഴ്ന്ന’ പ്രദേശത്തേയ്ക്ക് യാത്ര പുറപ്പെടുന്നു. ജറീക്കോ പട്ടണം ചാവുകടലിന്റെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന ലോകത്തിലെ ഏറ്റവും ചെറിയ പട്ടണങ്ങളിലൊന്നായിരുന്നു. സീയോന്‍ മല ഇറങ്ങി ജറീക്കോയിലേയ്ക്കു പോകുന്നു. ജറീക്കോ, ഇവിടെ അനിശ്ചിതത്വത്തിന്റെയും അലങ്കോലത്തിന്റെയും പ്രതീകമാണ്. അവിടെ വച്ച് അവന്‍ കവര്‍ച്ചക്കാരുടെ കൈകളില്‍ അകപ്പെടുന്നു. അനുദിനം പരിശുദ്ധിയെ പരിത്യജിക്കുന്ന വിശ്വാസമില്ലാത്ത സമകാലിക മനുഷ്യന്‍, അനിശ്ചിതത്വത്തിന്റെ അഗാധത്തിലകപ്പെടുന്നതിനു സമമാണിത്. വഴിയിലുടനീളം എല്ലാം കവര്‍ച്ച ചെയ്യുവാനും വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുവാനും പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കിയിട്ടു പോകാനും കവര്‍ച്ചക്കാരുണ്ട്.

നിര്‍ഭാഗ്യവശാല്‍, ആ വഴി കടന്നുവരുന്ന പുരോഹിതന്‍ മരണാസന്നനായ ആ മനുഷ്യനെ കണ്ട് യാതൊരു ഭാവവ്യത്യസവും ഇല്ലാതെ കടന്നുപോകുന്നു. പിന്നീടു വന്ന ലേവായനും അവനെ കണ്ടൈങ്കിലും കടന്നുപോകുന്നു. പുരോഹിതനെപ്പോലെ ‘മരണാസന്നനു വേണ്ടിയുള്ള ഒരു ഹൃദയം’ ലേവായനും ഇല്ല. എന്നാല്‍, സമരിയാക്കാരനെപ്പറ്റി ഇപ്രകാരം തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു: ‘എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്നിരുന്ന സ്ഥലത്ത് വന്നു. അവനെ കണ്ട് മനസ്സലിഞ്ഞ്, അടുത്തു ചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടു ചെന്നു പരിചരിച്ചു’ (ലൂക്കാ 10: 33-34).

ഒരു അപരിചിതനെ ശുശ്രൂഷിക്കാനായി സമരിയാക്കാരന്‍ അവന്റെ യാത്ര വൈകിപ്പിക്കുന്നു. അപരിചിതന്‍ സമരിയാക്കാരന് സ്വന്തം സഹോദരനായി. യേശുവും മനുഷ്യവംശത്തെ വീണ്ടെടുക്കാനായി ചെയ്തത് ഇതിനേക്കാള്‍ ശ്രേഷ്ഠമായ കാര്യമാണ്. കുരിശിലെ അവന്റെ തുറക്കപ്പെട്ട പാര്‍ശ്വത്തില്‍ നിന്നൊഴുകിയിറങ്ങിയ രക്തത്താലും ജലത്താലും അവന്‍ നമ്മളെ കഴുകി വിശുദ്ധീകരിച്ചു. അടുത്ത ദിവസം സമരിയാക്കാരന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയ്യില്‍ രണ്ടു നാണയങ്ങള്‍ കൊടുത്തിട്ട് അവന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളണം എന്നു പറയുന്നു. നമ്മുടെ രക്ഷയ്ക്കായി, സൗഖ്യത്തിനായി കുരിശില്‍ അവന്‍ വില നല്‍കി.നല്ല സമരിയാക്കാരന്റെ കഥയിലെ മൂന്നു പേരില്‍ കവര്‍ച്ചക്കാരുടെ കരങ്ങളിലകപ്പെട്ട മനുഷ്യന് അയല്‍ക്കാരനായത് അവനോടു അനുകമ്പ കാണിച്ചത് സമരിയാക്കാരനാണ്.

ഇന്നത്തെ പ്രേഷിതരായ നമ്മളെ ഈ വചനഭാഗം എന്താണു പഠിപ്പിക്കുന്നത്? സ്‌നേഹത്തിനു മാത്രമേ സുവിശേഷവത്കരണത്തെ ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയൂ. ആരാധനയുടെ, ധാര്‍മ്മികതയുടെ, നിയമാനുസൃതമായ ശാസനകളുടെ മാത്രം ഒരു മതത്തെ വളര്‍ത്തുന്നതിനല്ല, മറിച്ച് ജറീക്കോയിലേയ്ക്കുള്ള വഴിത്താരയില്‍ മുറിവേറ്റു കിടക്കുന്ന സഹോദരങ്ങള്‍ക്ക് നല്ല അയല്‍ക്കാരനാകാനുള്ള വിളി കൂടിയാണ് പ്രേഷിതവിളി.

അതീവസൂക്ഷ്മതയോടെ നമ്മള്‍ പ്ലാന്‍ ചെയ്തു നടത്തുന്ന പരിപാടികളില്‍ വഴികളില്‍, മുറിവേറ്റവരായി നാം കണ്ടുമുട്ടുന്നവരെ പരിചരിക്കാനുള്ള അനുകമ്പയും സമയവും നമ്മള്‍ കണ്ടെത്തണം. നമുക്കുള്ളതു കൊണ്ട് പ്രഥമശുശ്രൂഷ നല്‍കാന്‍ പഠിക്കണം. കാരുണ്യത്തിന്റെ എണ്ണയും സ്‌നേഹത്തിന്റെ വീഞ്ഞും തീര്‍ന്നുപോകാതെ സൂക്ഷിക്കണം. മനുഷ്യവംശത്തെ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവത്തിന്റെ രക്ഷിക്കുന്ന സുകൃതത്തിലേയ്ക്കു കുറച്ചുകൂടെ അടുപ്പിക്കാന്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു കഴിയണം.

സമരിയാക്കാരന്‍ നല്ലവനായത്, യേശു ആ സാഹചര്യത്തില്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നോ അതുപോലെ പെരുമാറിയതു നിമിത്തമാണ്. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍, അയല്‍ക്കാരനായതു വഴിയാണ്. പ്രേഷിതവഴികളില്‍ ‘നല്ല അയല്‍ക്കാരനാകാനുള്ള’ വിളി മറക്കാതെ മനസ്സില്‍ സൂക്ഷിക്കാം.

ഫാ. ജയ്സണ്‍ കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.