മിഷന്‍ വചനവിചിന്തനം ഒക്ടോബര്‍ 05: ലൂക്കാ 10: 17-24

സന്തോഷത്തോടെ തങ്ങളുടെ പ്രേഷിതദൗത്യം പൂര്‍ത്തിയാക്കിയ എഴുപത്തിരണ്ടു ശിഷ്യന്മാര്‍ തിരിച്ചുവന്ന്, അവരുടെ ഗുരുവായ യേശുവിനോട് തങ്ങളുടെ അജപാലന മേഖലയിലെ വിജയങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രമേയം.

‘കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു’ (ലൂക്കാ 10:17). യേശുവും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു കൊണ്ടു പറയുന്നു: ‘സാത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇടിമിന്നല്‍ പോലെ നിപതിക്കുന്നത് ഞാന്‍ കണ്ടു’ (ലൂക്കാ 10:18). ശിഷ്യരുടെ മിഷന്‍ വിജയത്തിന് ഗുരു കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റാണിത്.

ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എന്ന നിലയില്‍ ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നമുക്ക്അധികാരം ലഭിച്ചിരിക്കുന്നു; ഒന്നും നമ്മളെ ഉപദ്രവിക്കുകയില്ല (ലൂക്കാ 10:19). മര്‍ക്കോസിന്റെ സുവിശേഷത്തിലും ഇതേ വാഗ്ദാനം തന്നെയാണ് യേശു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ‘അവര്‍ സര്‍പ്പങ്ങളെ കൈയ്യിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും’ (മര്‍ക്കോ. 16:18). വാഗ്ദാനം നല്‍കുന്നതിനൊപ്പം പ്രേഷിതപ്രവര്‍ത്തനം ക്ലേശാവഹവും ബുദ്ധിമുട്ട് നിറഞ്ഞതുമായിരിക്കുമെന്ന് യേശു മുന്‍കരുതല്‍ നല്‍കുന്നു. എങ്കിലും, അവന്റെ ആത്മാവിന്റെ ശക്തിയാലും കൃപയാലും എല്ലാ തിന്മകളുടെ ശക്തിയുടെ മേലും അവര്‍ വിജയം വരിക്കും. ഒരു പ്രേഷിതന്റെ സന്തോഷത്തിന്റെ അടിസ്ഥാന കാരണം എന്താണെന്നും ഗുരു പഠിപ്പിക്കുന്നു: ‘പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നുവെന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്,നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍’ (ലൂക്കാ 10:20).

ഒരു ക്രിസ്തുശിഷ്യന്‍/ ശിഷ്യ, തന്റെ സുവിശേഷവത്കരണ യത്‌നത്തിന്റെ വിജയത്തില്‍ ആഹ്ലാദിക്കുന്നതും അഹങ്കരിക്കുന്നതും നിയമാനുസൃതമാണ്. പക്ഷേ, സന്തോഷത്തിന്റെ പ്രധാന കാരണം ‘സ്വര്‍ഗ്ഗത്തില്‍ തങ്ങളുടെ പേരുകള്‍ എഴുതപ്പെടുന്നു’ എന്ന വസ്തുതയിലായിരിക്കണം എന്നു മാത്രം. ‘പ്രേഷിതര്‍ എന്ന നിലയില്‍’ രക്ഷയുടെ ആനന്ദവും പ്രത്യാശയുടെ സന്തോഷവും ക്രിസ്തുശിഷ്യന് ഉണ്ടായിരിക്കണം. അപ്പോള്‍, ‘കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, നിന്റെ യജമാനന്റെ സന്തോഷത്തിലേയ്ക്കു നീ പ്രവേശിക്കുക’ (മത്തായി 25:21) എന്ന ദൈവികസ്വരം നമുക്ക് ശ്രവിക്കുവാന്‍ കഴിയും. ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്ന ‘കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്തതിനു ശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളൂ എന്നു പറയുവിന്‍’ (ലൂക്കാ 17: 10). എല്ലാ ഭൃത്യന്റെ ആനന്ദവും ഇതു തന്നെയാണ്. സ്വര്‍ഗ്ഗത്തില്‍ പേര് ചേര്‍ക്കപ്പെടുക എന്നതാണ് ശിഷ്യന് പ്രധാനപ്പെട്ടത്. ഏതൊരു മിഷനറിയുടെയും ലക്ഷ്യം അതാകണം. ദൈവരാജ്യത്തെപ്പറ്റിയുള്ള തീക്ഷ്ണത സ്വര്‍ഗോന്മുഖമായിരിക്കണമെന്നു സാരം.

പ്രേഷിതര്‍ സ്വര്‍ഗ്ഗത്തിലെ പൗരന്മാരാണ്. പ്രേഷിതദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ എഴുപത്തിരണ്ടു പേരുടെയും സന്തോഷത്തിന്റെ യഥാര്‍ത്ഥ കാരണം, തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പൗരത്വമുറപ്പിച്ചു എന്ന വസ്തുതയാണ്. സ്വര്‍ഗമാണ് പ്രേഷിതന്റെ യഥാര്‍ത്ഥ ഭവനം. മറ്റുള്ളവരെ ഈ ഭവനത്തിലേയ്ക്ക് ക്ഷണിക്കാനാണ് യേശു പ്രേഷിതരെ അയയ്ക്കുന്നത്. പ്രേഷിതദൗത്യം കഴിഞ്ഞ് തിരികെവന്ന ശിഷ്യരുമായി യേശു സംസാരിക്കുന്നതിനിടയില്‍, സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവിനെ അഭിസംബോധന ചെയ്ത് യേശു സംസാരിക്കുന്നു. അതുവഴി സ്വര്‍ഗ്ഗത്തില്‍ പുതുതായി പൗരത്വം നേടിയ എഴുപത്തിരണ്ടു ശിഷ്യര്‍ക്ക് ദൈവപിതാവും ദൈവപുത്രനും തമ്മിലുള്ള ദൈവീക സംഭാഷണത്തില്‍ അവസരം ലഭിക്കുന്നു (ലൂക്കാ 17:21).

ഒരു പ്രേഷിതന് യേശു നല്‍കുന്ന പരമോന്നത സമ്മാനമാണ് സ്വര്‍ഗീയപിതാവിന്റെ പൈതൃകമായ സംരക്ഷണവും കരുതലും. പിതാവുമായി യേശു എല്ലാം തുറന്നു സംസാരിക്കുന്നതിലൂടെ യേശുവും പിതാവുമായുള്ള അഭേദ്യമായ ബന്ധം നമ്മള്‍ മനസ്സിലാക്കുന്നു. ഓരോ പ്രേഷിതന്റെയും പ്രേഷിതയുടെയും ആനന്ദത്തിന്റെയും ഐക്യത്തിന്റെയും ഉറവിടം ദൈവപിതാവുമായുള്ള ഈ ഹൃദയബന്ധമാണെന്ന് യേശു പഠിപ്പിക്കുന്നു. അതു തന്നെയാണ് മിഷന്റെ ഫലദായകത്വത്തിന്റെ കാരണവും.

മിഷന്റെ വിവിധ വശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മാത്രമല്ല, ദൈവവുമായുള്ള നമ്മുടെ ബന്ധം ക്രിയാത്മകമായി കണ്ടെത്താനുമുള്ള വഴികളാണ് തിരുവചനം നമുക്ക് പറഞ്ഞു തരുന്നത്. ദൈവം നമ്മില്‍ വരികയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വഴികള്‍ വിശ്വാസത്തിലൂടെ നമ്മള്‍ അംഗീകരിക്കുമ്പോള്‍ അവന്റെ ആത്മാവിന് നമ്മിലൂടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.  ക്രിസ്തുവുമായുള്ള ശിഷ്യന്റെ ഹൃദയഐക്യം പിതാവുമായുള്ള ഐക്യത്തിലാകുമ്പോള്‍ ഒരുവന്റെ മിഷന്‍ പരിശ്രമങ്ങള്‍ക്കും കൂടുതല്‍ ആനന്ദവും അഭിനിവേശവും തീക്ഷ്ണതയും കരഗതമാകും.സ്വന്തം മിഷന്‍ വിജയ കഥകളില്‍ സന്തോഷിക്കുന്നതിനേക്കാള്‍, ഓരോ പ്രേഷിതശിഷ്യനും/ ശിഷ്യയും, അവരുടെ ഗുരുവും നാഥനുമായ യേശുവുമായുള്ള സ്‌നേഹത്തിലും ഐക്യത്തിലും ദൈവപിതാവിന്റെ മകനും മകളുമെന്ന നിലയില്‍ അവരുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കപ്പെട്ടതിലുമാണ് സന്തോഷിക്കേണ്ടത്.

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക ആഹ്വാനമായ സുവിശേഷത്തിന്റെ ആനന്ദത്തില്‍ (Evangelii Gaudium) ശിഷ്യന്മാരുടെ സമൂഹത്തെ ഉത്തേജിപ്പിക്കുന്ന സുവിശേഷത്തിന്റെ ആനന്ദം പ്രേഷിതആനന്ദം തന്നെയാണെന്നു പഠിപ്പിക്കുന്നു. ആയതിനാല്‍, സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുന്ന രീതിയില്‍ നമ്മുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാം. വി. കൊച്ചുത്രേസ്യാ ആദ്യം കൂട്ടിവായിച്ച ‘സ്വര്‍ഗ്ഗം’ എന്ന വാക്ക് പോലെ എല്ലാ പ്രേഷിതരുടെയും മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം സ്വര്‍ഗ്ഗമാക്കാം.

ഫാ. ജയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.