മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 23, ലൂക്കാ 12: 39-48

ജയ്സൺ കുന്നേൽ

യേശു ശിഷ്യന്മാരെ തന്റെരണ്ടാമത്തെ ആഗ മനത്തിനായി ഒരുക്കുന്നതും അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമാണ് ഇന്നത്തെയും വചനവിചിന്തന വിഷയം. ഇന്നലെ, വിവാഹവിരുന്ന് കഴിഞ്ഞ് യജമാനന്‍ മടങ്ങിവരുന്നത് കാത്തിരിക്കുന്ന വേലക്കാരെപ്പോലെ ശിഷ്യന്മാരെ താരതമ്യപ്പെടുത്തുന്ന യേശുവിനെ നാം വചനത്തില്‍ കണ്ടു. ഉണര്‍ന്നിരുന്ന് യജമാനനു സ്വാഗതമേകിയ സേവകരെ ഭക്ഷണമേശയിലിരുത്തി അവരെ ശുശ്രൂഷിക്കുന്ന യജമാനന്‍, ദൈവകരുതലിന്റെയും സ്‌നേഹത്തിന്റെ യും ഏറ്റവും നല്ല ഒരു ഉദാഹരണമാണ്. ഈ ശോ വാതിലില്‍ മുട്ടുമ്പോള്‍ നമ്മള്‍ അവനു വേണ്ടി വാതില്‍ തുറന്നുകൊടുക്കണം. വാതില്‍ തുറന്നുകൊടുത്താല്‍ അവര്‍ക്കു ലഭിക്കു ന്ന പ്രതിഫലം വലുതായിരിക്കും. ‘ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുത്തേയ്ക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷി ക്കുകയുംചെയ്യും’ (വെളി. 3:19-20).

ഒരുമിച്ചു ഭക്ഷണം കഴിക്കുക എന്നത് ഐക്യത്തിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. ദൈവവുമായുള്ള ഐക്യം, അതാണ് ക്രിസ്തുവിന് വാതില്‍ തുറന്നു കൊടുക്കുന്നതിലൂടെ നാം നേടിയെടുക്കുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയും അതിനുള്ള അവസരവും ക്ഷണവുമാണ്. സഭാപിതാവായ വി. ആഗസ്തീനോസ് അ നുദിന വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ മഹാത്മ്യത്തെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: ‘എന്റെ ശരീരത്തിനു ബലം നല്‍കാന്‍ ദിവസേന ആഹാരം കഴിക്കുന്നതുപോലെ ആത്മാവിനും എന്നും പോഷണം നല്‍കേണ്ടതാണ്. ദിവ്യകാരുണ്യമാകുന്ന നിത്യാഹാരം നാം ദിവസേന അനുഭവിക്കുന്ന ബലഹീനതകള്‍ ക്കു പരിഹാരമായി സ്വീകരിക്കേണ്ട ഒന്നാണ്.’

കള്ളന്‍ എപ്പോള്‍ വരുമെന്നു വിട്ടുടമസ്ഥന്‍ അറിയാത്തതുപോലെ, യേശുവിന്റെ രണ്ടാമത്തെ ആഗമനം എപ്പോഴാനെന്നു നമുക്ക് തീര്‍ച്ചയില്ല. അത് രാത്രിയുടെ ഏതു യാമങ്ങളിലുമാകാം. രാത്രിയുടെ മൂന്നു യാമങ്ങളെ മനുഷ്യജീവിതത്തിലെ മൂന്നു ഘട്ടങ്ങളായാണ് അലക്സാണ്ട്രിയായിലെ വി. സിറില്‍ വ്യാഖ്യാനിക്കുന്നത്: ‘ശൈശവം, യൗവ്വനം, വാര്‍ദ്ധക്യം.’ ശൈശവത്തില്‍ നമ്മള്‍ കുട്ടികളായതിനാല്‍ നമ്മുടെ കടങ്ങളും കുറ്റങ്ങളും ദൈവം ഗൗരവത്തിലെടുക്കില്ല. പാപങ്ങള്‍ ക്ഷമിക്കുകയും നിഷ്കളങ്ക ഹൃദയത്തില്‍ നിന്നു വരുന്ന മനുഷ്യന്റെ ബലഹീനതകള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍, രണ്ടാമത്തേതും മൂന്നാമത്തേതുമായ കാലഘട്ടത്തില്‍, ജീവിതത്തില്‍ ദൈവഭക്തിയും അനുസരണവും കാത്തുസൂ ക്ഷിക്കേണ്ട സമയമാണ്. ഈ സമയം ക്രിസ്തുവിന്റെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അവര്‍ അങ്ങേയറ്റം കടപ്പെട്ടവരാണ്.

ഇന്നത്തെ സുവിശേഷത്തില്‍ യേശു ശിഷ്യന്മാരെ ദൈവരാജ്യത്തില്‍ വീട്ടുജോലി നിര്‍വ്വഹിക്കാന്‍ നിയോഗിച്ചവരായാണ് കണക്കാക്കുന്നത്. യേശുവിന്റെ രണ്ടാമത്തെ വരവിനു മുമ്പ്, ശ്രദ്ധയോടെ രാജകീയമായ ആ ഉത്തരവാദിത്വം അവര്‍ നിര്‍വ്വഹിക്കണം. അവിശ്വസ്തരായ കാവല്‍ക്കാര്‍ അവരുടെ കടമകള്‍ അവ ഗണിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യും. കൂടുതല്‍ നല്‍കിയവനില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നു. ചുരുക്കത്തില്‍  ജാഗ്രത, സ്ഥിരോത്സാഹം, സേവനസന്നദ്ധത, വിശ്വസ്തത എന്നിവ സ്വര്‍ഗ്ഗീയ സന്തോഷത്തിലേയ്ക്കു നയിക്കും. അശ്രദ്ധ, മടി, അത്യാഗ്രഹം അവിശ്വസ്തത എന്നിവ പാപത്തിലേയ്ക്കും മരണത്തിലേയ്ക്കും നയിക്കും.

വി. പൗലോസ്, നല്ലവനും വിശ്വസ്തനുമായ സേവകന്റെ സവിശേഷതകള്‍ ഉദാഹരണമായി നല്‍കുന്നു. അവന്‍ ജാഗ്രതയുള്ളവനും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാന്‍ വിട്ടുകൊടുക്കുന്നവനുമാണ്. അവന്‍ സ്ഥിരോത്സാഹിയും താന്‍ വസിക്കുന്ന ക്രിസ്തീയ സമൂഹത്തിനു ഭാരമാകാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പരിശ്രമിക്കുന്നവനുമാണ്. തീക്ഷ്ണതയോടെ ശുശ്രൂഷ ചെയ്യുന്ന അവന്‍, സ്വന്തം ജീ വിതം സുവിശേഷത്തിനുള്ള ശുശ്രൂഷയായി കരുതുന്നു. ദൈവം വിളിച്ച് അവന്റെ ജനത്തെ ശുശ്രൂഷിക്കാനായി ഭരമേല്‍പ്പിക്കുന്നതുകൊണ്ട് പൗലൊസ് ശ്ലീഹാ തന്റെ ശുശ്രൂഷയെ ‘കാര്യസ്ഥജോലി’ ആയിട്ടാണ് അന്വേഷിപ്പിക്കുക. അവസാനമായി ക്രിസ്തുവിനോടും അവന്‍ നല്‍കിയ ദൗത്യത്തോടും പൗലോസ് വിശ്വസ്തത പുലര്‍ത്തി.
ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്‍ മാത്രമല്ല പ്രേഷിതന്‍/ പ്രേഷിത. അവര്‍ അതിന്റെ സേവകരുമാണ്. യജമാനനായ ദൈവത്തിന്റെ ഹിതമറിഞ്ഞ് അവര്‍ പ്രവര്‍ത്തിക്കണം. യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവ ര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും (ലൂക്കാ 12:47).

സഭയില്‍ വിശ്വാസപരമായി നല്ലതുപോലെ പരിശീലിക്കപ്പെട്ടവരുടെയും അല്ലാത്തവരുടെയും ഗണം ഉണ്ട്. കൂടുതല്‍ പരിശീലനം കിട്ടിയവര്‍ക്ക് ദൈവത്തിന്റെ മുമ്പില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. അതുപോലെതന്നെ ബോധപൂര്‍വ്വം വിശ്വാസപരിശീലനത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പരിശ്രമിച്ചാല്‍ ഉത്തരവാദിത്വ ത്തില്‍ നിന്നു ഒഴിയാന്‍ കഴിയുകയില്ല.

അറിവില്ലായ്മയും മൂഢതയും തമ്മിലുള്ള വ്യത്യാസം നമ്മള്‍ തിരിച്ചറിയണം. അറിവില്ലായ്മ ചില സത്യങ്ങളെക്കുറിച്ചോ മൂല്യങ്ങളെക്കുറിച്ചോ ഉള്ള അജ്ഞതയാണ്. എനിക്കും ഒരു കാര്യത്തെക്കുറിച്ച് അറിയാന്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കെ, അതറിയാന്‍ ഞാന്‍ പരിശ്രമിക്കാതെ ഇരിക്കുന്നതാണ് മൂഢത. അറിവില്ലായ്മ ദൈവം ക്ഷമിച്ചേക്കും; എന്നാല്‍, മൂഢത ക്ഷമിക്കുകയില്ല. വിശ്വസ്തനായ കാര്യസ്ഥര്‍ ഒരുങ്ങിയിരിക്കുന്നതുപോലെ മിഷന്‍ മേഖലകളില്‍ ദൈവീക രഹസ്യങ്ങളുടെ കാര്യസ്ഥരും ശുശ്രൂഷകരുമായി ജാഗ്രതയോടെ നമുക്ക് ജീവിക്കാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS