മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 22, ലൂക്കാ 12: 35-38

ജയ്സൺ കുന്നേൽ

ഇന്നത്തെ സുവിശേഷത്തിന്റെ കേന്ദ്ര ആശയം മഹത്വത്തോടു കൂടിയുള്ള യേശുവിന്റെ രണ്ടാമത്തെ ആഗമനമാണ്. എങ്കിലും പ്രേഷിതജീവിത വഴിയില്‍ ശിഷ്യര്‍ക്ക് ഏറ്റവും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഒരു ഗുണത്തെക്കുറിച്ച് ജാഗരൂകത, അല്ലെങ്കില്‍ ജാഗ്രതയെക്കുറിച്ച് ഇന്നത്തെ വചനഭാഗം സംസാരിക്കുന്നു. നിങ്ങള്‍ അര മുറുക്കിയും വിളക്ക് കത്തിച്ചും ഇരിക്കുക (ലൂക്കാ 12:35). ഇത് ജാഗ്രതയുടെ അടയാളമാണ്.

അര മുറുക്കിയിരിക്കുക എന്നാല്‍, പ്രവൃത്തി ചെയ്യുന്നതിന് സന്നദ്ധനായിരിക്കുക, ഒരുങ്ങിയിരിക്കുക എന്നാണര്‍ത്ഥം. ഈജിപ്തില്‍ നിന്നു പലായനം ചെയ്യുന്നതിനു മുമ്പ് ഇസ്രായേല്‍ക്കാര്‍ പെസഹാ ആഘോഷിച്ചപ്പോള്‍ അവര്‍ അര മുറുക്കി, ചെരുപ്പുകളണിഞ്ഞ്, വടി കൈയ്യിലേന്തി തിടുക്കത്തിലാണ് ഭക്ഷിച്ചത് (പുറ. 12:11). ജോലി ചെയ്യാനോ യുദ്ധത്തിനോ ഇറങ്ങുമ്പോള്‍ അര മുറുക്കി സര്‍വ്വജ്ഞനായാണ് ഇറങ്ങിത്തിരിക്കുന്നത്. പൗലോസ് ശ്ലീഹാ എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍, സത്യം കൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍ (എഫേ.6:14) എന്ന് ആവശ്യപ്പെടുന്നു. വിളക്ക് കത്തിക്കുക എന്നത്, ജാഗ്രതയുടെ മറ്റൊരു വശമാണ്. കാവല്‍ നില്‍ക്കുക പകലും രാത്രിയും ഒരു പോലെ സംഭവിക്കേണ്ട ഒന്നാണ്. വെളിച്ചമില്ലാതെ ആര്‍ക്കും രാത്രിയുടെ അന്ധകാരത്തെ മറികടക്കാനാവില്ല. പ്രേഷിതമേഖലകളില്‍ വിളക്കുമായി ഉണര്‍ന്നിരിക്കുക എന്നാല്‍, പ്രകാശമായ ക്രിസ്തുവിനെ വഹിച്ച് ജീവിക്കുക എന്നര്‍ത്ഥം. ക്രിസ്തുപ്രകാശമായ വ്യക്തി ഉണര്‍വ്വുള്ളവനായിരിക്കും. അവനെ കീഴടക്കാന്‍ ഒരു അന്ധകാരശക്തികള്‍ക്കും സാധിക്കുകയില്ല.

ജാഗ്രതയെക്കുറിച്ചു വിശദീകരിക്കാന്‍ യേശു ഒരു ചെറിയ ഉപമ പറയുന്നു. തങ്ങളുടെ യജമാനന്‍ കല്യാണവിരുന്ന് കഴിഞ്ഞ് മടങ്ങിവന്ന് കതകില്‍ മുട്ടുന്ന ഉടനെ വാതില്‍ തുറന്നുകൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍ (ലൂക്കാ 12:36). യജമാനന്റെ വരവിനു വേണ്ടി കാത്തിരിക്കുമ്പോള്‍ അതില്‍ നിരന്തരമായ ജാഗ്രത ആവശ്യമുണ്ട്. കാരണം, യജമാനന്‍ എപ്പോള്‍ വരുമെന്ന് ജോലിക്കാര്‍ക്ക് അറിയാത്തതിനാല്‍ നിരന്തരമായ ശ്രദ്ധയും ജാഗ്രതയും അവര്‍ പുലര്‍ത്തണം.

പ്രേഷിതര്‍ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. ജാഗ്രതക്കുറവുണ്ടായാല്‍ പ്രേഷിതമേഖലകളില്‍ ദുരന്തങ്ങളുണ്ടാകും. വി. പത്രോസിന്റെ ഉപദേശം ഇവിടെ പ്രസക്തമാണ്. ‘നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച്, അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു’ (1 പത്രോസ് 5: 7-8). സുവിശേഷം പ്രഘോഷിക്കുക എന്നതായിരിക്കണം പ്രേഷിതരുടെ പ്രഥമ പരിഗണന. അതിന് അവര്‍ ഉണര്‍വ്വുള്ളവരാകണം. ‘യേശുവിന് സാക്ഷ്യം വഹിക്കുവാന്‍ വിസ്മയിക്കുന്നവരെയല്ല ഇന്ന് ആവശ്യം. മറിച്ച്, യേശുവിനെ അനുഗമിക്കുന്നവരെയാണ്’ എന്ന സോറന്‍ കീര്‍ക്കെഗാഡ് എന്ന ഡാനീഷ് തത്വചിന്തകന്റെ വിലയിരുത്തല്‍ ഇവിടെ പ്രസക്തമാണ്.

ജാഗ്രതയുള്ളവര്‍ ഭാഗ്യവാന്മാര്‍

‘യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അര മുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും’ (ലൂക്കാ 12:37). ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കു ലഭിക്കുന്ന പ്രതിഫലം പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും. അവരുടെ മുമ്പില്‍ യജമാനന്‍ ജോലിക്കാരനും, ജോലിക്കാരന്‍ യജമാനന്റെ സ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്യും. അന്ത്യ അത്താഴത്തിന്റെ അവസരത്തില്‍ ഗുരുവും നാഥനുമായ യേശു എല്ലാവരുടെയും ദാസനായതു പോലെ (യോഹ. 13: 4-17).സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ കാള്‍ ബാര്‍ത്ത്’ക്രിസ്തുവിലൂടെ ലഭിക്കുന്ന രക്ഷയെ, തടവുകാരന്‍ കാവല്‍ക്കാരന്‍ ആകുന്നതിനോട് ഉപമിക്കുന്നതു’ പോലെയാണിത്. ജോലിക്കാരനെ യജനമാന്‍ ആക്കുന്ന പ്രതിഭാസമാണ്ജാഗ്രത.

പ്രേഷിതമേഖലയില്‍ ഉണര്‍ന്നിരിക്കുന്നവര്‍, ജാഗ്രത പാലിക്കുന്നവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. കാരണം, ദൈവത്തിന്റെ പരിചരണത്തിന് അവര്‍ യോഗ്യരാകുന്നു. ജാഗ്രതയുള്ളപ്പോള്‍ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ തേടി വരും. ‘അവന്‍ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായി കാണുന്നആ ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍’ (ലൂക്കാ 12:38). യേശുവിനു മുമ്പില്‍ ഭാഗ്യവാന്‍/ ഭാഗ്യവതി ആകാന്‍ പ്രേഷിതര്‍ നല്‍കേണ്ട വില, സദാ സമയവും അവനു വേണ്ടി കാത്തിരിക്കുക എന്നതാണ്. ദൈവത്തിനു വേണ്ടി കാത്തിരിക്കുമ്പോള്‍ സ്വന്തം സ്വാര്‍ത്ഥതയും മോഹങ്ങളും താല്‍പര്യങ്ങളും അവര്‍ ഉപേക്ഷിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍, യേശു എന്ന സമ്പത്തിനെ സ്വന്തമാക്കാന്‍ ലോകദൃഷ്ടിയില്‍ മഹത്തരമെന്നു തോന്നുന്ന കാര്യങ്ങള്‍ ശിഷ്യര്‍ ഉപേക്ഷിക്കുന്നു; അത് അവരെ ഭാഗ്യവാന്മാരാക്കുന്നു. ദൈവരാജ്യത്തിന്റെ വേലക്കാരാണ് പ്രേഷിതര്‍. അതിനാല്‍, ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറും അര മുറുക്കിയും, വിളക്ക് കത്തിച്ചും ജാഗ്രതയോടെ നിലകൊള്ളളണം.

ഇരുപത്തിയേഴു വര്‍ഷം കത്തോലിക്കാ സഭയെ ജാഗ്രതയോടെ ശുശ്രൂഷിച്ച വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ഓര്‍മ്മദിനമാണ് ഇന്ന്. വിശുദ്ധ കുര്‍ബാനയാലും പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയാലും സഭയ്ക്ക് ശക്തമായ സംരക്ഷണമൊരുക്കിയ പാപ്പ. ‘സഭയും വിശുദ്ധ കുര്‍ബാനയും’ എന്ന ചാക്രികലേഖനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഇപ്രകാരം സഭയെ ഉദ്‌ബോധിപ്പിക്കുന്നു: ‘സഭയും വിശുദ്ധ കുര്‍ബാനയും തമ്മിലുള്ള ആഴമായ ബന്ധം അതിന്റെ എല്ലാ സമ്പന്നതയിലും കണ്ടെത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, സഭയുടെ അമ്മയും മാതൃകയുമായ മറിയത്തെ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. കാരണം, ഏറ്റവും പരിശുദ്ധമായ വിശുദ്ധ കുര്‍ബാനയോട് അവള്‍ക്ക് അഗാധമായ സ്‌നേഹബന്ധം ഉള്ളതിനാല്‍, മറിയത്തിന് നമ്മെ വിശുദ്ധ കുര്‍ബാനയിലേയ്ക്കു നയിക്കാന്‍ കഴിയും.’ അസാധാരണമായ മിഷന്‍ മാസത്തില്‍ വിശുദ്ധ കുര്‍ബാനയാലും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണയിലും ഉണര്‍വും ജാഗ്രതയുള്ളവരുമായി നമുക്ക് മാറാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ