മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 21, ലൂക്കാ 12: 13-21

ജയ്സൺ കുന്നേൽ

ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുന്നത് ജനക്കൂട്ടത്തില്‍ നിന്നുള്ള ഒരുവന്റെ അപേക്ഷയോടെയാണ്: ‘ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോട് കല്‍പിക്കേണമേ!’ (ലൂക്കാ 12:13). അതിനോടുള്ള യേശുവിന്റെ ആദ്യ പ്രത്യുത്തരം ഒരു ചോദ്യമാണ്. ‘ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്ത് ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു?’ (ലൂക്കാ 12:14). അതിനുശേഷം അവന്‍ വലിയ ഒരു സത്യം ജനക്കൂട്ടത്തോട് വിളിച്ചുപറഞ്ഞു:’എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത്.’

ഒരു ധനവാന്റെ കഥയും ഇന്നത്തെ സുവിശേഷത്തില്‍ യേശു പറയുന്നു. അവനെ ഭരിക്കുന്നത് ‘ഞാന്‍’ എന്ന മനോഭാവമാണ്. അധാര്‍മ്മിയോ ക്രൂരനോ ആയി അവന്‍ പ്രത്യക്ഷപ്പെടുന്നില്ല. മറിച്ച്, സ്വാര്‍ത്ഥതയും അത്യാര്‍ത്തിയും അവന്റെയുള്ളില്‍ നിന്ന് മറ്റുള്ളവരെ പുറത്താക്കിയിരിക്കുന്നു. അതുകൊണ്ടാണ് ധനികന്‍ ‘ആത്മാവേ, അനേക വര്‍ഷത്തേയ്ക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക’ (ലൂക്കാ 12:19) എന്നു പറയുന്നത്. ചുരുക്കത്തില്‍ അവനെത്തന്നെ ഒരു അവിശുദ്ധ ത്രിത്വത്തിന്റെ ‘ഞാന്‍, എനിക്ക്, എനിക്കു മാത്രം’- ഇരുമ്പുദണ്ഡില്‍ ബന്ധനസ്ഥനാക്കിയിരിക്കുന്നു.

ഭാവിയിലേയ്ക്കു വേണ്ടി നിക്ഷേപം കരുതിവയ്ക്കാന്‍ പരിശ്രമിക്കുന്ന ധനികന്‍ വിഡ്ഢി അല്ല എന്ന രീതിയില്‍ ന്യായവാദങ്ങള്‍ നിരത്തുന്നവര്‍ കണ്ടേക്കാം. സ്വന്തം ഭാവിയില്‍ മാത്രമാണ് അവന്റെ ശ്രദ്ധ. മറ്റുള്ളവരുടെ ഭാവി അവന്റെ വന്യമായ ചിന്തയില്‍പ്പോലുമില്ല. അതാണ് അവനു സംഭവിച്ച വലിയ പാകപ്പിഴ. പ്രേഷിതമേഖലയില്‍ സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭാവിക്കു വേണ്ടി ആസ്തി കൂട്ടാന്‍ വെപ്രാളപ്പെടുമ്പോള്‍, സ്വന്തം ആത്മരക്ഷയും മറ്റുള്ളവരുടെ ആത്മരക്ഷയും ബോധപൂര്‍വ്വം മറക്കുന്നു എന്നതാണ്. ഭാവിയിലേയ്ക്കു വേണ്ടി സമ്പത്ത് കരുതാത്ത പ്രേഷിതരെ, കഴിവ് കുറഞ്ഞവരും സഭാസമൂഹത്തിന്റെ ‘അതിരുകളില്‍’ മാത്രം ശുശ്രൂഷ ചെയ്യാന്‍ വിധിക്കപ്പെട്ടവരുമായി തരംതാഴ്ത്താനുള്ള പ്രലോഭനം ചിലയിടങ്ങളിലുണ്ട്. സഭകള്‍ ചിലപ്പോഴൊക്കെ വലിയ തോതില്‍ സമ്പത്തിന്റെയും സമ്പന്നരുടെയും സ്ഥാപനങ്ങളായി പരിണമിക്കുമ്പോള്‍ സഭാജീവിതം സമ്പത്തു കൊണ്ടല്ല ധന്യമാകുന്നത് എന്ന സത്യം വിസ്മരിച്ചുകൂടാ.

ഇന്ന് സഭ നേരിടുന്ന വെല്ലുവിളി ആത്മീയജീവിതത്തിലുള്ള പാപ്പരത്തമാണ്. സാമ്പത്തികവും സുരക്ഷിതഭാവിയും മാത്രം ലക്ഷ്യങ്ങളായി കരുതി പ്രേഷിതമേഖലയിലുള്ളവര്‍ മുന്നേറിയാല്‍ അവരെ കാത്തിരിക്കുന്നത് പ്രേഷിതനൈരാശ്യമായിരിക്കും. സമ്പത്ത് നേടുന്നതിലല്ല, സമ്പത്തായ ദൈവത്തെ അറിയുന്നതിലും ആ ദൈവത്തിനായി ആത്മാക്കളെ നേടുന്ന തിലുമാണ് ജീവിതത്തിന്റെ സന്തോഷം അടങ്ങിയിരിക്കുക എന്ന വലിയ സത്യം മിഷനറിമാര്‍ തിരിച്ചറിയണം.

ഇന്നത്തെ സുവിശേഷഭാഗം അവസാനിക്കുന്നത് ഒരു താക്കീത് നല്‍കിക്കൊണ്ടാണ്. ‘ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കു വേണ്ടി സമ്പത്ത് ശേഖരിച്ചു വയ്ക്കുന്നവന്‍ ആത്മാവ് നഷ്ടപ്പെടുത്തിയവരാണ്’ (ലൂക്കാ 12:21). തനിക്കു വേണ്ടി മാത്രം സമ്പത്ത് കരുതിവയ്ക്കുന്നവന്‍ ദൈവസന്നിധിയില്‍ സമ്പന്നനല്ല. ദൈവസന്നിധിയില്‍ സമ്പന്നനാകുക എന്നാല്‍, ദൈവത്തെ സമ്പത്തായി കരുതി അവനിലേയ്ക്ക് അടുക്കുക, ദൈവത്തെ ഭൂമിയിലുള്ള എല്ലാ സമ്പത്തിനേക്കാളും മഹത്തരമായി കാണുക, ഭൂമിയിലെ സമ്പത്ത് ദൈവത്തിനു വില കല്പിക്കുന്ന രീതിയില്‍ ഉപയോഗിക്കുക എന്നൊക്കെയാണ്. ദൈവസന്നിധിയില്‍ സമ്പന്നനായവന് തനിക്കുള്ളവ പങ്കുവയ്ക്കുന്നതില്‍ യാതൊരു മടിയുമില്ല. ആദിമ ക്രൈസ്തവ സമൂഹം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ‘വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു (അപ്പ. 2:44-45). പങ്കുവയ്ക്കുന്നവന്‍ ദൈവത്തിന്റെ ഹൃദയമുള്ളവനാണ്. അവിടെയാണ് യഥാര്‍ത്ഥ ജീവന്‍ ഉറവയെടുക്കുന്നത്.

2019 സെപ്തംബര്‍ 18-ാം തീയതി ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം ട്വീറ്റ് ചെയ്തു: ‘മാനുഷിക പദ്ധതികള്‍ അംഗീകരിക്കപ്പെടാമെങ്കിലും അവ തകര്‍ച്ചയില്‍ പര്യവസാനിക്കുന്നു. എന്നാല്‍, ദൈവത്തിന്റെ കൈയ്യൊപ്പുള്ള പദ്ധതികള്‍ നിലനില്‍ക്കാന്‍ വിധിക്കപ്പെട്ടവയാണ്.’ ദൈവത്തിന്റെ കൈയ്യൊപ്പുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ദൈവത്തെ ഏക സമ്പത്തായി അംഗീകരിക്കുന്ന പ്രേഷിതര്‍ക്കു മാത്രമേ സാധിക്കൂ, അതിനായി പ്രാര്‍ത്ഥിക്കാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ