മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 17, ലൂക്കാ 11: 47-54

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS

ഇന്നത്തെ സുവിശേഷഭാഗത്ത്, ഫരിസേയ മനോഭാവത്തിനെതിരെയുള്ള യേശുവിന്റെ ശക്തമായ വാക്കുകളാണ് നാം ശ്രവിക്കുക.

യേശു അവരില്‍ ആരോപിക്കുന്ന കുറ്റം കപടനാട്യമാണ്. അവരുടെ പിതാക്കന്മാര്‍ വധിച്ച പ്രവാചകന്മാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം പണിയാന്‍ തത്രപ്പെടുന്ന ഫരിസേയരുടെ കാപട്യത്തെയാണ് യേശു നിശിതമായി വിമര്‍ശിക്കുന്നത്. അതുവഴി അവരുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്ക് അവര്‍ സാക്ഷ്യവും അംഗീകാരവും നല്‍കുന്നുവെന്ന് യേശു പറയുന്നു (ലൂക്കാ 11:48).

തുടര്‍ന്നുള്ള വാക്യങ്ങളില്‍, യേശു തന്നെത്തന്നെ ‘ദൈവത്തിന്റെ ജ്ഞാനം’ ആയി താരതമ്യപ്പെടുത്തിക്കൊണ്ടു പറയുന്നു: ‘ഞാന്‍ അവരുടെ അടുത്തേയ്ക്ക് പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും അയയ്ക്കും. അവരില്‍ ചിലരെ അവര്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും’ (ലൂക്കാ 11:49). ഇത് പഴയനിയമത്തില്‍ നിന്നോ നമുക്കറിയാവുന്ന ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ നിന്നോ ഉള്ള ഒരു ഉദ്ധരണിയല്ല. ഇതിനെ, പിതാവായ ദൈവം, പുത്രനായ യേശുവിലൂടെ (ദൈവത്തിന്റെ വചനമായ, ജ്ഞാനമായ) സംസാരിക്കുന്നതായി വേണം മനസ്സിലാക്കാന്‍. മറ്റൊരര്‍ത്ഥത്തില്‍ ഇത് പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും അയയ്ക്കാനുള്ള ദൈവത്തിന്റെ തീരുമാനമായി വേണം കരുതുവാന്‍.

സഭയുടെ ദൗത്യം, യേശു അടിസ്ഥാനപരമായി പഴയനിയമ പ്രവാചകന്മാരുടെ ദൗത്യവുമായി ബന്ധിപ്പിക്കുകയാണിവിടെ. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും വചനം പ്രഘോഷിക്കുക. പഴയനിയമ പ്രവാചകന്മാരും യേശുവിന്റെ ശിഷ്യന്മാരെപ്പോലെ പീഡനമേല്‍ക്കുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവസാനം യേശുവും അവരിലൊരുവനായി കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ടു. അടുത്തതായി, ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകന്മാരുടെയും രക്തത്തിന് – ആബേല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേ വച്ചു കൊല്ലപ്പെട്ട സഖറിയാ വരെയുള്ളവരുടെ രക്തത്തിന് – ഈ തലമുറ ഉത്തരം പറയേണ്ടിവരും (ലൂക്കാ 11:50) എന്ന് യേശു പറയുന്നു.

കായേന്‍, അവന്റെ സഹോ ദരനായ ആബേലിനെ വധിക്കുന്നത് ഉല്‍പത്തിപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (ഉല്‍. 4:8). യഹൂദാ പുരോഹിതന്റെ മകന്‍ സഖറിയായുടെ പുസ്തകം, യഹൂദരുടെ നിയമമനുസരിച്ച് അവസാന പുസ്തകമാണ്. ബൈബിളിനെ ‘ഉല്‍പത്തി മുതല്‍ വെളിപാടു വരെ’ എന്നു നാം വിശേഷിപ്പിക്കുന്നതു പോലെയാണ് ഇത്. ഈ രണ്ടു പേരുകള്‍ പരാമര്‍ശിക്കുക വഴി പഴയനിയമ കാലത്തിലെ സകല രക്തസാക്ഷിത്വങ്ങളെപ്പറ്റിയും യേശു സൂചന നല്‍കുകയാണിവിടെ.

നിയമജ്ഞര്‍ക്കെതിരെ, അവരുടെ ചിന്താഗതിക്കും പ്രവൃത്തികള്‍ക്കുമെതിരെ, ഒരു അവസാന ആക്രമണം യേശുപിന്നീട് അഴിച്ചുവിടുന്നു. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ വിധത്തിലാണ് അവര്‍ നിയമം വ്യാഖ്യാനം ചെയ്യുന്നത്. അതിലും ഭീകരമായത്, അവര്‍ അത് അനുസരിക്കാന്‍ തുനിയുന്നില്ല എന്നതാണ്. ‘നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു’ (ലൂക്കാ 11:52). അവര്‍ അവരെയും സാധാരണ ജനങ്ങളെയും, രക്ഷയുടെയും സമ്പൂര്‍ണ്ണതയുടെയും യഥാര്‍ത്ഥവഴിയായ യേശുവില്‍ നിന്നകറ്റി നിര്‍ത്തി. മത്തായി സുവിശേഷകന്റെ വാക്കുകള്‍ കടമെടുത്താല്‍, ‘അവര്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു’ (മത്തായി 23:13).

പ്രേഷിതരുടെ ഏറ്റവും വലിയ കടമ, ലോകത്തില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കുക എന്നതാണ്. മനുഷ്യഹൃദയങ്ങളില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കാനുള്ള താക്കോലാണ് ദൈവവചനം. ഇന്ന് തിരുസഭ, അന്ത്യോഖ്യായിലെ വി. ഇഗ്‌നേഷ്യസിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ ആഘോഷിക്കുന്നു. പാരമ്പര്യമനുസരിച്ച്, ശിശുക്കളെപ്പോലെയാകുന്നവരാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്ന് യേശു പഠിപ്പിക്കുമ്പോള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച ശിശു വി. ഇഗ്‌നേഷ്യസാണ്. ഫരിസേയരുടെയും നിയമജ്ഞരുടെയും കപടത നിറഞ്ഞ ജീവിതത്തിനുള്ള മറുമരുന്നാണ് ശിശുസഹജമായ നിഷ്‌കളങ്ക ജീവിതശൈലി. പ്രേഷിതര്‍ സ്വന്തമാക്കേണ്ട ജീവിതശൈലിയും ഇതാണ്. ശിശുസഹജമായ നിഷ്‌കളങ്കതയില്‍ ജീവിച്ച വി. ഇഗ്‌നേഷ്യസും യേശുവിനെപ്പോലെ ഒരു കുരിശിന്റെ വഴിയിലൂടെ നടന്നു. അന്ത്യോഖ്യായില്‍ നിന്നും റോമിലേയ്ക്കുള്ള വിശുദ്ധന്റെ അവസാനയാത്ര യേശുവിന്റെ കുരിശിന്റെ വഴിയുടെ ഓര്‍മ്മപ്പെടുത്തലാണ്. അത് അനേകര്‍ക്ക് യേശുവില്‍ വിശ്വസിക്കാന്‍ പ്രചോദനമേകി.

കപടത വെടിഞ്ഞ് നിഷ്‌കളങ്കതയോടെ ജീവിക്കുമ്പോള്‍ കുരിശിന്റെ ദുര്‍ഘടമായ വഴിയായിരിക്കും പ്രേഷിതര്‍ക്കും ലഭിക്കുക. പക്ഷേ, ആ വഴിയിലൂടെ മുന്നോട്ടു നീങ്ങിയാല്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ നമുക്കായി എന്നും തുറന്നുകിടക്കും.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS