മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 15, ലൂക്കാ 11: 37-41

ജയ്സൺ കുന്നേൽ

ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള ഇന്നത്തെ തിരുവചനഭാഗം ഗുരുവിന്റെ ജീവസ്സുറ്റ വചനം ജീവിക്കുന്നതില്‍ നാം നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് ധ്യാനിക്കാന്‍ ക്ഷണിക്കുന്നു. പാരമ്പര്യങ്ങളോടുള്ള ഫരിസേയരുടെ അതിരുകവിഞ്ഞ താല്‍പര്യം പലപ്പോഴും യേശുവിന്റെ രക്ഷാകര പ്രവൃത്തികളുടെ സാര്‍വ്വത്രിക ലഭ്യത ഗ്രഹിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നു.

യേശു ജനക്കൂട്ടത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ അവനെ ഭക്ഷണം കഴിക്കുന്നതിന് ക്ഷണിച്ചു. ഒരുവനെ ഭക്ഷണത്തിനു ക്ഷണിക്കുക എന്നാല്‍, അത് ബഹുമാനത്തിന്റെയും സ്വീകാര്യതയുടെയും അംഗീകരിക്കലിന്റെയും ലക്ഷണമാണ്. ഒരേ മേശയിലെ ഭക്ഷണത്തില്‍ പങ്കുപറ്റുന്നവര്‍ തമ്മില്‍ യാതൊരുവിധ പ്രതിബന്ധങ്ങളോ തടസ്സങ്ങളോ തത്വത്തില്‍ കാണാന്‍ കഴിയുകയില്ല. അത് ചങ്ങാത്തത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ്. യേശു, ഫരിസേയന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണത്തിനെത്തുന്നു.ഭക്ഷണത്തിനു മുമ്പ് യേശു കൈ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ഫരിസേയന്‍ അത്ഭുതപ്പെടുന്നു. ഫരിസേയര്‍ക്ക് അത് ഉതപ്പിന്റെ വലിയ അടയാളമാകുന്നു.

യഥാര്‍ത്ഥത്തില്‍ ഫരിസേയരോടുള്ള യേശുവിന്റെ ബന്ധം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ലൂക്കായുടെ സുവിശേഷം 7-ാം അധ്യായത്തില്‍ പാപിനിയായ സ്ത്രീയെ, തന്നെ സ്പര്‍ശിക്കാന്‍ അനുവദിക്കുന്നതു വഴി, അവളുടെ സ്‌നേഹത്തെ യേശു പ്രകീര്‍ത്തിക്കുന്നതു വഴി, ഫരിസേയര്‍ക്ക് അവന്‍ അപമാനിതനാകുന്നു (7: 36-50). 14-ാം അധ്യായത്തില്‍ സ്‌നേഹത്തിന്റെ കല്‍പനകള്‍ അവഗണിച്ചുകൊണ്ട് നിയമാനുഷ്ഠാനത്തിന്റെ ബാഹ്യപരതയ്ക്ക് പ്രാധാന്യം നല്‍കുന്നതിനെ യേശു ശാസിക്കുന്നുണ്ട് (ലൂക്കാ 14:16). 20-ാം അധ്യായത്തിലേയ്ക്ക് വരുമ്പോള്‍ യേശു, നിയമജ്ഞരുടെയും ഫരിസേയരുടെയും കപടജീവിതത്തെ എതിര്‍ക്കുകയും അര്‍ത്ഥശൂന്യമായ ചേഷ്ടകള്‍ കൊണ്ട് സ്വയം നീതിമാന്മാരായി പ്രത്യക്ഷപ്പെടുന്നവര്‍ക്കെതിരെ വിമര്‍ശിക്കുകയും ചെയ്യുന്നതു കാണാം (ലൂക്കാ 20:45-47).

പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുമ്പോഴും, അവയ്ക്ക് അല്‍പംപോലും വഴങ്ങിക്കൊടുക്കാതെ പാലിക്കാന്‍ ശ്രമിക്കുമ്പോഴും നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ സാര്‍വ്വത്രിക നന്മയും സ്‌നേഹവും പലപ്പോഴും മറന്നുപോകുന്നു. പലപ്പോഴും അവ ഭിന്നിപ്പിന്റെയും എതിര്‍പ്പിന്റെയും മതിലുകള്‍ തീര്‍ക്കുകയും ചെയ്യുന്നു. പ്രതിബന്ധങ്ങളെയും, വന്ധ്യമായ സന്മാര്‍ഗ്ഗ പ്രമാണങ്ങളെയും, ശൂന്യമായ പാരമ്പര്യങ്ങളെയുംതരണം ചെയ്യാന്‍ ഭയമില്ലാത്തവനാണ് യേശു. അവനുമായുള്ള സ്നേഹപൂര്‍ണ്ണമായ സംഭാഷണം വീണ്ടെടുക്കുക വഴി മാത്രമേ, ജീവനും ബന്ധങ്ങളില്‍ ഐക്യവും ജനിപ്പിക്കുന്ന നിയമത്തിന്റെയും പാരമ്പര്യങ്ങളുടെയും യഥാര്‍ത്ഥ അര്‍ത്ഥം രക്ഷയുടെ പുതിയ ക്രമത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. ബാഹ്യമായ സംരക്ഷണത്തില്‍ നിന്നും ദൈവവുമായി ഹൃദയത്തില്‍ സ്‌നേഹത്തില്‍ ഒന്നാകുന്ന ആന്തരികതയിലേയ്ക്ക് വളരാന്‍ നിയമങ്ങളും അനുഷ്ഠാനങ്ങളും പ്രേഷിതരെ സഹായിക്കണം. ദൈവത്തെയും സഹോദരങ്ങളെയും നമ്മില്‍ നിന്നകറ്റുന്ന ആചാരസംഹിതകളും നിയമവും നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം.

അസാധാരണമായ മിഷന്‍ മാസത്തിന്റെ പതിനഞ്ചാം ദിവസം ആവിലായിലെ വി. അമ്മത്രേസ്യയുടെ ഓര്‍മ്മദിനം കൂടിയാണ്. കര്‍മ്മലീത്താ സഭാസമൂഹത്തിന്റെ നവീകരണത്തിലൂടെ ആത്മീയജീവിത ശൈലിക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അമ്മത്രേസ്യാ ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്: ‘ഒരുവന്‍ ദൈവസ്‌നേഹം സ്വന്തമാക്കിയിട്ടുണ്ടോ എന്നു തീരുമാനിക്കാനുള്ള ഏറ്റവും ഉറപ്പായ വഴി അവനോ, അവള്‍ക്കോ സഹോദരസ്‌നേഹം ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്. ഈ രണ്ടു സ്നേഹങ്ങളും ഒരിക്കലും വേര്‍തിരിക്കാനാവില്ല. സഹോദരസ്‌നേഹത്തില്‍ ഒരുവന്‍ കൂടുതല്‍ പുരോഗമിക്കുന്നതനുസരിച്ച് ദൈവസ്‌നേഹത്തിലും അവന്‍ കൂടുതല്‍ വളരും.

പ്രേഷിതമേഖലകളിലായിരിക്കുമ്പോള്‍ നിയമങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി വാദിക്കുമ്പോള്‍ ദൈവസ്‌നേഹത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും നെടുവീര്‍പ്പുകള്‍ കേള്‍ക്കാന്‍ വൈമനസ്യം കാണിക്കരുതേ.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS