മിഷന്‍ വചനവിചിന്തനം – ഒക്‌ടോബര്‍ 14, ലൂക്കാ 11: 29-32

ഇന്നത്തെ വചനഭാഗം, സുവിശേഷം പ്രഘോഷിക്കുന്നതിന്റെ ശക്തിയെ കേന്ദ്രീകരിച്ചിരിക്കുന്നു.

ജയ്സൺ കുന്നേൽ

പ്രഘോഷിക്കപ്പെട്ട ദൈവവചനം രക്ഷയാല്‍ സമ്പൂര്‍ണ്ണമാണ്. നമ്മള്‍ അവ സ്വീകരിക്കാനും ശ്രവിക്കാനും സന്നദ്ധരായിരിക്കണം. സുവിശേഷഭാഗം, അപരിചിതരെക്കുറിച്ചും അവരുടെ ദൈവവുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. ഈ തലമുറയെ ‘ദുഷിച്ച തലമുറ’ എന്നാണ് യേശു വിശേഷിപ്പിക്കുക (ലൂക്കാ 11:29). അതിനു കാരണം, അവര്‍ തുടര്‍ച്ചയായി അടയാളം അന്വേഷിക്കുന്നു. യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊരു അടയാളവും യേശു അവര്‍ക്ക് നല്‍കുന്നില്ല. പഴയനിയമത്തില്‍, പ്രവാചക ഗ്രന്ഥങ്ങളുടെയും വിജ്ഞാന ഗ്രന്ഥങ്ങളുടെയുമിടയിലാണ് യോനായുടെ പുസ്തകത്തിന്റെ സ്ഥാനം.

ദൈവീക ഉടമ്പടിയുടെ കടുത്ത ശത്രുക്കളായ അസ്സീറിയാക്കാരുടെ തലസ്ഥാനമായ നിനെവേയില്‍ പ്രവാചകദൗത്യം നിര്‍വ്വഹിക്കുന്നതിനാണ് യോനാ അയയ്ക്കപ്പെടുന്നത്. നിനെവേയില്‍ എല്ലാ അര്‍ത്ഥത്തിലും യോന തികച്ചും അപരിചിതനാണ്. അപരിചിതരുടെ ഇടയില്‍ വചനം പ്രഘോഷിക്കേണ്ട പ്രേഷിതന്റെ കടമ ഇവിടെ വ്യക്തമാകുന്നു. നിനെവേയിലെ യോനായുടെആകസ്മികമായ ദൗത്യം, തന്റെ ഉടമ്പടിയില്‍ നിന്ന് അകന്നു നില്‍ക്കുന്നവരെ അരികിലേയ്ക്ക് വിളിക്കാനും അവിശ്വാസികളെ തന്റെ ക്ഷമ അറിയിക്കുവാനും അനുതാപവും മാനസാന്തരവും വഴി അവരെ രക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ ഉത്ക്കടമായ ആഗ്രഹമാണ് വെളിവാക്കുക.

ദൈവവചനത്തെ മുമ്പ് നിഷേധിക്കുകയും അതിനോട് വൈമനസ്യം കാണിക്കുകയും ചെയ്ത യോനാ തന്നെ, നിനെവേ നിവാസികള്‍ക്കു വേണ്ടിയുള്ള രക്ഷാകര്‍മ്മത്തില്‍ അടയാളമായി മാറുന്നു. മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കുള്ള വിശ്വസനീയമായ ഏക അടയാളമാണ്. നസ്രത്തിലെ സിനഗോഗില്‍ വച്ച് (ലൂക്കാ 4:25-27) ദൈവം തന്റെ പ്രവാചകന്മാരായ ഏലിയായെയും ഏലീഷായെയും യഹൂദരുടെ ഇടയില്‍ മാത്രമല്ല, വിജാതീയരുടെ ഇടയിലും സൗഖ്യം നല്‍കാന്‍ അയയ്ക്കുന്നതായി യേശു ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ അവന്റെ വരവിന്റെ ഉദ്ദേശ്യം ഇസ്രായേലിനു മാത്രമല്ല, എല്ലാവര്‍ക്കും രക്ഷ നല്‍കാനാണെന്ന് സ്പഷ്ടമായി വ്യക്തമാക്കുന്നു. വചനം മാംസമായ പുത്രനിലൂടെ, ദൈവം ഇസ്രായേലിന്റെ സവിശേഷമായ തിരഞ്ഞെടുപ്പ് ലോകത്തിനു മുഴുവനായി തുറന്നുകൊടുക്കുന്നു. യേശുവിന്റെ വാചാലമായ മനുഷ്യത്വത്തിന്റെ അടയാളത്തിലൂടെ ദൈവം എല്ലാ വ്യക്തികളോടും ഒന്നാകുന്നു. ഇത് നമ്മെ നമ്മുടെ മനോഭാവങ്ങളിലുള്ള പരിവര്‍ത്തനത്തിലേയ്ക്കും, ശ്രവിക്കാന്‍ തയ്യാറാകുന്ന ഒരു പുതിയ ഹൃദയത്തിലേയ്ക്കും എല്ലാ മനുഷ്യര്‍ക്കും രക്ഷ ആവശ്യമുണ്ടെന്ന ദൈവിക യുക്തിയുടെ സ്വീകരണത്തിലേയ്ക്കും ക്ഷണിക്കുന്നു.

യേശു തന്റെ തലമുറയിലെ ജനത്തോട് പഴയ നിയമത്തിലെ രണ്ടു സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തി സംസാരിക്കുന്നു. വിജാതീയ ആയിരുന്നിട്ടും ഷേബാ രാജ്ഞി സോളമന്‍ രാജാവിന്റെ വിജ്ഞാനത്തിലെ കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുന്നതും, കഠിനഹൃദയരും പാപികളുമായിരുന്നിട്ടും തങ്ങള്‍ക്ക് യോനാ പ്രവാചകന്‍ വഴി നല്‍കപ്പെട്ട അനര്‍ത്ഥത്തിന്റെ വെളിപാടില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം ദര്‍ശിക്കുന്നതും അപരിചിതരും വിജാതീയരും ദൈവത്തെ സ്വീകരിക്കുന്നതിന്റെ തെളിവായി യേശു അവതരിപ്പിക്കുന്നു.
എന്നാല്‍, മറുവശത്ത് ദൈവപുത്രന്റെ വരവിനെ ദൈവത്തിന്റെ സ്വന്തജനം എതിര്‍ക്കുന്നു. രക്ഷകന്‍ സന്ദര്‍ശിക്കുന്ന രക്ഷയുടെ ഏറ്റവും അനുകൂലമായ സമയത്ത് ദൈവത്തിന്റെ സാന്നിധ്യം അംഗീകരിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ദൈവവചനം ശ്രവിക്കുന്നതില്‍ പരാജയപ്പെടുന്ന ഇസ്രായേലിന്റെ വലിയ ദുരന്തമാണ് ഒരുവന്‍ ദര്‍ശിക്കുക (ലൂക്കാ 19:44). ഇസ്രായേലിന്റെ സവിശേഷമായ തെരഞ്ഞെടുപ്പും ആ ജനത്തോടുള്ള ദൈവത്തിന്റെ വാഗ്ദാനവും ഒരിക്കലും അവര്‍ക്കു മാത്രമായി പ്രത്യേക അധീശതയും ആനുകൂല്യങ്ങളും സൃഷ്ടിക്കുന്നില്ല. യേശുവിന്റെ മനുഷ്യാവതാരത്തിലൂടെ അവന്റെ മനുഷ്യത്വത്തില്‍ പങ്കുചേരുന്ന എല്ലാവര്‍ക്കുമായി ദൈവീക തെരഞ്ഞെടുപ്പിന്റെ യുക്തി വികസിക്കുന്നു.

ഈശോയുടെ പെസഹാരഹസ്യങ്ങളെ അനുസ്മരിപ്പിക്കുമാറ് തിമിംഗലത്തിന്റെ ഉദരത്തില്‍ മൂന്നു ദിവസം വസിച്ച യോനാ പ്രവാചകന്‍ സാര്‍വ്വത്രീകമായും കൗദാശികമായും സഭയില്‍ ഇന്ന് നാം ദര്‍ശിക്കുന്ന സകലര്‍ക്കും വേണ്ടിയുള്ള രക്ഷയുടെ പ്രേഷിതദൗത്യത്തിന്റെ ആരംഭമാണ്. തെരഞ്ഞെടുക്കപ്പെട്ടവരും വിജാതീയരും യേശുവിന്റെ മരണവും ഉത്ഥാനവും വഴി രക്ഷിക്കപ്പെട്ട ഒരു ജനതയായി തീര്‍ന്നിരിക്കുന്നു (എഫേ. 2:11 -19). യേശുവിന്റെ പെസഹായോട് നമ്മെ ഐക്യപ്പെടുത്തുന്ന മാമ്മോദീസായിലൂടെയാണ് അത് സാധ്യമാവുക.
യേശുവിന്റെ ദൗത്യത്തില്‍ പങ്കുചേരുന്ന പ്രേഷിതരുടെ ലോകത്തിലുള്ള സാന്നിധ്യം മനുഷ്യഹൃദയങ്ങളില്‍ സംഭവിക്കുന്ന പ്രകടവും ഫലദായകവുമായ രക്ഷയുടെ അടയാളമാണ്. ഇതില്‍ യാതൊരു വിവേചനമോ ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള തിരസ്‌കരണമോ ഇല്ല.

സാര്‍വ്വത്രിക രക്ഷയുടെ കൂദാശയായ സഭയുടെ ശാശ്വതമായ ദൗത്യം, ‘എല്ലാവരിലേയ്ക്കും അയയ്ക്കപ്പെടുക എല്ലാവരെയും ഒരുമിച്ച് യേശുവിലേയ്ക്കു വിളിക്കുക’ എന്നതാണ്. അതിനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ പ്രേഷിതനുമുള്ളത്. പീഡനകാലത്തും സഭ അവളുടെ രക്ഷകന്റെ പീഡാസഹനം പുനര്‍ജ്ജീവിക്കുന്നതിലൂടെ ശക്തി നേടണം. ചുരുക്കത്തില്‍, സാഹചര്യങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും സുവിശേഷം പ്രസംഗിക്കുക എന്ന ദൗത്യത്തില്‍ നിന്ന് ഒരു പ്രേഷിതനും/ പ്രേഷിതയ്ക്കും പിന്മാറാനാവില്ല.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS