നോമ്പിനെക്കുറിച്ച് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാം സിമ്പിളായി 

നോമ്പ്, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. മുതിര്‍ന്നവര്‍ക്കു നോമ്പ് എന്താണെന്നും അതിന്റെ പ്രാധാന്യമെന്താണെന്നും നന്നായി അറിയാം. എന്നാല്‍ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മീനും ഇറച്ചിയും കഴിക്കാതെ ഇരിക്കുന്ന സമയം. അത്രമാത്രം. അതില്‍ കൂടുതലൊന്നും അവര്‍ക്ക് അറിയില്ല.

കുഞ്ഞുങ്ങള്‍ക്ക് നോമ്പ് എന്താണെന്നും അതിന്റെ പ്രസക്തി എന്താണെന്നും എളുപ്പത്തില്‍ പറഞ്ഞുകൊടുക്കുവാന്‍ മാതാപിതാക്കളെ സഹായിക്കുന്ന  ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:

1. ഈശോയുടെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള കഥകള്‍ 

ഈശോയുടെ മരണവും ഉത്ഥാനവുമാണ് ഈ നോമ്പാചരണത്തിലെ പ്രധാന ഘടകങ്ങള്‍ എന്ന് കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. അത് ഒരു കഥാരൂപത്തില്‍ പറഞ്ഞുകൊടുത്താല്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും. ഈശോയുടെ മരണം എന്തിനായിരുന്നുവെന്നും മറ്റുമുള്ള കുഞ്ഞുകുഞ്ഞ് ചോദ്യങ്ങളിലൂടെ, കഥകള്‍ കുഞ്ഞിന്റെ മനസ്സില്‍ പതിഞ്ഞോ എന്നും പരിശോധിക്കാം.

ഈശോയുടെ പീഢാസഹനം, കുഞ്ഞുങ്ങള്‍ക്ക് അവരുടെ പ്രായത്തിന് അനുബന്ധമായി പറഞ്ഞുകൊടുക്കാം. തീരെ കുഞ്ഞുകുട്ടികള്‍ക്ക് അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞുകൊടുക്കാം. കുറച്ചു മുതിര്‍ന്ന കുട്ടികളെക്കൊണ്ട് ബൈബിള്‍ വായിപ്പിക്കുകയും അതിലെ പീഢാനുഭവ ഭാഗത്തിലൂടെ കടന്നുപോവുകയും ചെയ്തുകൊണ്ട് മനസ്സിലാക്കിക്കാം.

2. നോമ്പിലെ പ്രധാന ദിവസങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാം

വിഭൂതി തിരുനാളിന്റെയും ദുഃഖവെള്ളിയുടെയും പെസഹാ ആചാരണത്തിന്റെയും ഒക്കെ അര്‍ത്ഥങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാം. ഒപ്പം അവരെ പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യാം. നാല്‍പതു ദിവസങ്ങള്‍ എന്തിനാണ് നോമ്പ് എടുക്കുന്നത് എന്നതിന് ശരിയായ ഒരു ധാരണ കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. വിശുദ്ധവാരം പൂര്‍ണ്ണമായും വിശുദ്ധിയിലും നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലും ആയിരിക്കുവാനും മാതാപിതാക്കള്‍ മക്കളെ പരിശീലിപ്പിക്കണം.

3. നോമ്പെടുക്കാന്‍ പരിശീലിപ്പിക്കാം

കുഞ്ഞുങ്ങളെ നോമ്പെടുക്കാനും പഠിപ്പിക്കാം. അത് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മാത്രമല്ല വീഡിയോ ഗെയിം, ടിവി പരിപാടികള്‍, ഉച്ചത്തിലുള്ള പാട്ടുകള്‍ തുടങ്ങിയവയും നിയന്ത്രിച്ചുകൊണ്ട് നോമ്പിന്റെ ചൈതന്യത്തിലേയ്ക്ക് അവരെ വളര്‍ത്താം.

അതിനേക്കാളുപരിയായി കുട്ടികള്‍ തമ്മില്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ പറയുന്നതിനും സ്‌നേഹത്തിന്റെ ഒരു കൂട്ടായ്മ അനുഭവം വളര്‍ത്തിയെടുക്കുവാനും മാതാപിതാക്കള്‍ ശ്രമിക്കണം. അവരെക്കൊണ്ട് ചെറിയചെറിയ നന്മപ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കണം. നോമ്പ് ആചരിക്കുന്നത് എങ്ങനെയൊക്കെ ആണെന്നും വ്യക്തമാക്കണം. കൂടാതെ, ദൈവവുമായി ഏറ്റവും അടുത്തുനില്‍ക്കുവാനും കുട്ടികളെ പ്രേരിപ്പിക്കണം. അതിനേക്കാളുപരി മാതാപിതാക്കള്‍ നല്ല മാതൃകയായി കുട്ടികള്‍ക്ക് മുന്നില്‍ നില്‍ക്കണം.

4. നോമ്പാചരണം ഒരുമിച്ച് 

കുടുംബം ഒന്നിച്ച് നോമ്പാചരണം നടത്താം. അപ്പോള്‍ അത് കൂടുതല്‍ ഫലപ്രദമാകും. ഒന്നിച്ചുള്ള പ്രാര്‍ത്ഥന, പള്ളിയില്‍ പോക്ക്, ഭക്ഷണം തുടങ്ങിയവ, നോമ്പ് വിശുദ്ധമായ നാളുകളാണ് എന്ന ബോധ്യം കുഞ്ഞുങ്ങളുടെ മനസ്സില്‍ പതിക്കാന്‍ സഹായിക്കും. അത് ഒരിക്കലും മായുകയില്ല. ബൈബിള്‍ വായിക്കുവാനും ഒരുമിച്ചിരുന്നു വിശകലനം ചെയ്യുവാനും ശ്രമിക്കണം. അത് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകരുകയും മാതാപിതാക്കളുടെ ആദ്ധ്യാത്മികത വളര്‍ത്തുകയും ചെയ്യും. അങ്ങനെ കുഞ്ഞുങ്ങളെ നോമ്പിനായി ഒരുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.