അഫ്ഗാനിസ്ഥാനിൽ കൂടുതൽ ഭീഷണി നേരിടുന്നത് സ്ത്രീകളും കുട്ടികളും ക്രിസ്ത്യാനികളും

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുമ്പോൾ ലോകം ഭയത്തോടെയാണ് ഇതിനെ ഉറ്റുനോക്കുന്നത്. ഇവിടെ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് സ്ത്രീകളും കുട്ടികളും ക്രിസ്ത്യാനികളുമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. താലിബാൻ ഇപ്പോൾ രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളും രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു.

കുട്ടികളെ അപകടകരമായി ബാധിക്കുന്ന പ്രശ്‍നം – ‘വേൾഡ് വിഷന്റെ’ പ്രതികരണം

അഫ്ഗാനിസ്ഥാനിൽ ദുർബലരായ എണ്ണമറ്റ കുട്ടികൾ വളരെയേറെ ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് ‘വേൾഡ് വിഷൻ’ മുന്നറിയിപ്പ് നൽകുന്നു. “സ്കൂളുകൾ അടച്ചിരിക്കുന്നു, ഭക്ഷണം വളരെ കുറവാണ്. കുട്ടികളും കുടുംബങ്ങളും ഒളിവിലാണ് അല്ലെങ്കിൽ അവർ പലായനം ചെയ്യുന്നു. അവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഇത് പകർച്ചവ്യാധിയേക്കാൾ ഭീകരമാണ്.”

ഇതിനകം ദാരിദ്ര്യം പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിലെ  ജനസംഖ്യയുടെ 30 ശതമാനത്തിലധികം (12.2 ദശലക്ഷം) കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ മാത്രം ഏകദേശം ഒരു ദശലക്ഷം (9,00,000) ആളുകളെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ക്രിസ്ത്യാനികൾ അപകടമുനമ്പിൽ  – ‘ഓപ്പൺ ഡോർസ് ഓസ്‌ട്രേലിയ’യുടെ പ്രതികരണം

“അഫ്ഗാനിസ്ഥാനിൽ ഒരു ക്രിസ്തീയവിശ്വാസി പരസ്യമായി ജീവിക്കുന്നത് വളരെയേറെ അപകടമാണ്. കാരണം ഇസ്ലാം ഉപേക്ഷിക്കുന്നവർ കൊല്ലപ്പെടാനോ രാജ്യം വിട്ട് പോകാനോ നിർബന്ധിതരാകുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നതിന്റെ ഔദ്യോഗിക ലിസ്റ്റ് പുറത്തുവിടുന്ന ‘വേൾഡ് വാച്ച് ലിസ്റ്റി’ൽ, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ രണ്ടാമതാണ് അഫ്ഗാനിസ്ഥാൻ. ഇവിടെ ദുരഭിമാനക്കൊലകൾ ഒരു സാധാരണ സംഭവമാണ്. മുസ്ലീം പശ്ചാത്തലത്തിൽ നിന്നുള്ളവർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാൽ അവരെ മാനസികരോഗ ആശുപത്രിയിലേക്ക് അയക്കുന്ന രീതിയും ഇവിടെയുണ്ട്. കാരണം, ഇസ്ലാം ഉപേക്ഷിക്കുന്നത് ഭ്രാന്തിന്റെ അടയാളമായാണ് അവർ കണക്കാക്കുന്നത്.

ഒരു രഹസ്യവിശ്വാസിയായി ജീവിക്കുന്ന ആർക്കും അവരുടെ ജീവൻ ഏതു നിമിഷവും നഷ്ടപ്പെടാം. അതിനാൽ അവരിൽ പലരും പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. രഹസ്യവിശ്വാസികൾ അവരുടെ വിശ്വാസം മറച്ചുവയ്ക്കാൻ നിർബന്ധിതരായതിനാൽ തന്നെ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ എത്രമാത്രം വിശ്വാസികൾ അഫ്ഗാനിസ്ഥാനിൽ താമസിക്കുന്നുവെന്ന് നിർണ്ണയിക്കുക ദുഷ്കരം. ആഭ്യന്തരയുദ്ധം, തീവ്രവാദം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധി എന്നിവ മൂലം ദുരിതത്തിലായ അഫ്ഗാനിസ്ഥാന് അടിയന്തിര പ്രാർത്ഥന ആവശ്യമാണ്.

ദുരിതത്തിലായ സ്ത്രീകൾ

സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് സ്വതന്ത്ര്യമില്ല. ഒരു പുരുഷൻ കൂടെയില്ലെങ്കിൽ സ്ത്രീകളെ അവരുടെ വീടുകളിൽ നിന്ന് പുറത്തു പോകുന്നത് തടയും. അവർ യഥാർത്ഥത്തിൽ സ്വന്തം വീടുകളിൽ തടവുകാരായിരിക്കും. താലിബാന്റെ കടന്നുവരവോടെ നിരവധി സ്ത്രീകൾ മാനഭംഗത്തിനിരയായിട്ടുണ്ട് എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഏതു യുദ്ധവും ഭീകരപ്രവർത്തനവും ദുരിതത്തിൽ ആക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതങ്ങളെയാണ്. ഇവിടെ താലിബാൻ ഒരു ഇസ്ലാമിക ഭീകരപ്രസ്ഥാനമായതുകൊണ്ട്  ക്രിസ്ത്യാനികളും ഇല്ലായ്മ ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റിൽ പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.