അത്ഭുതങ്ങളിലൂടെ അനുഭവമായ ക്രിസ്തു

അനിത

ഈ നോമ്പുകാലം മുഴുവൻ നമ്മെ തന്നെ ശൂന്യമാക്കി ഈശോയുടെ ശൂന്യമായ കല്ലറയിലേക്ക് നാം യാത്ര ചെയ്യുകയായിരുന്നു. ഈസ്റ്റർ ദിനത്തിലെ ശൂന്യമായ കല്ലറ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം ആണ്. ഉത്ഥിതൻ നമുക്ക് വലിയ ഒരു ഉറപ്പാണ് തരുന്നത്- നമ്മളുടെ ജീവിതത്തിലെ ഇരുൾ മൂടിയ കല്ലറകളിൽ ഉയിർപ്പിന്റെ പ്രകാശം ക്രിസ്തു കൊണ്ടുവരും. ജീവിതത്തിൽ ഈശോയുടെ സാന്നിധ്യം നഷ്ട്ടപ്പെട്ട ഇടങ്ങൾ തിരിച്ചറിഞ്ഞു അവയെല്ലാം അവന്റെ തിരുമുറിവുകളോട് ചേർത്തുവയ്ക്കണം. അപ്പോൾ ഉയിർപ്പെന്ന അത്ഭുതം നമ്മുടെ ജീവിതത്തിലും സംഭവിക്കും.

അൻപത് നോമ്പിന്റെ യാത്രയിൽ ആയിരുന്നു നാം എല്ലാവരും. നമ്മുടെ ഒക്കെ ജീവിതത്തിൽ പരിവർത്തനം ഉണ്ടാവാൻ ആണ് നാം നോമ്പ് അനുഷ്ഠിക്കുന്നത് അല്ലെ? ഈ ഈസ്റ്റർ ദിനത്തിൽ ഈശോയുടെ അത്ഭുതങ്ങളിലൂടെ നമ്മുക്ക് ഒന്ന് കടന്നുപോയാലോ? അത്ഭുതങ്ങൾ നടന്ന ഇടങ്ങളിൽ അതിനു ദൃക്‌സാക്ഷികളായി നിങ്ങളും ഞാനും ഉണ്ടെന്ന് വിശ്വസിച്ച്, 2000 -ത്തിൽപരം വർഷങ്ങൾക്ക് മുൻപ് നടന്ന ഈശോയുടെ അത്ഭുതങ്ങളിലൂടെ നമ്മുക്ക് കടന്നു പോകാം. ഈ സംഭവങ്ങൾക്ക് ഇന്നും നമ്മുടെ ഹൃദയത്തെയും ജീവിതത്തെയും മാറ്റാൻ കഴിയുമെന്ന് നമ്മുക്ക് വിശ്വസിക്കാം. ഈശോയുടെ ഓരോ അത്ഭുതത്തിലും വ്യക്തിപരമായ മാറ്റത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു ജീവിത പാഠം അടങ്ങിയിരിക്കുന്നു. ദൈവസ്നേഹത്തിന്റെ സ്പർശനത്തിനായി നാം സ്വയം തയ്യാറാകുമ്പോൾ ഉയിർത്തെഴുന്നേറ്റ മിശിഹാ നമ്മെയും നമ്മുടെ കുടുംബങ്ങളെയും നവീകരിക്കും.

കർത്താവിന്റെ സാന്നിധ്യം ഉള്ളിടത്ത് ആണ് അത്ഭുതം നടക്കുന്നത്. അത്ഭുതം ജീവിതത്തിൽ നടക്കണമെന്ന് ആഗ്രഹിച്ചവർ ഈശോയുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു. അപ്പോൾ നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ സംഭവിക്കണമെങ്കിൽ ഈശോയുടെ സാന്നിധ്യം ആഗ്രഹിക്കണം അതിനായി ജീവിതത്തെ ക്രമപ്പെടുത്തണം. യോഹന്നാന്റെ സുവിശേഷം ആദ്യമായി വായിച്ചപ്പോൾ നമ്മളൊക്കെ ഒരുപക്ഷെ ഇങ്ങനെ ചിന്തിച്ചിരിക്കാം, ലോകത്തിലെ ഏറ്റവും വലിയ അത്‌ഭുതം കാനായിൽ പച്ചവെള്ളത്തെ വീഞ്ഞ് ആക്കിയത് എന്നാണ്. പക്ഷെ എന്നെ സംബധിച്ചു അത്ഭുതങ്ങളിലെ അത്ഭുതം എന്നത് മരണത്തെ കിഴടക്കിയ ക്രിസ്തു തന്നെ ആണ്.

ക്രിസ്തു അനേകം അത്ഭുതങ്ങൾ ചെയ്തു. പ്രകൃതിയുടെയും മരണത്തിന്റെയും ആത്മാക്കളുടെയും രോഗത്തിന്റെമേലും തന്റെ ശക്തി പ്രകടമാക്കി.ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് നമ്മോടു വ്യക്തമാക്കി. “വരൂ എന്നെ അനുഗമിക്കുക ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.” (മത്താ4:19) അത്‌ഭുതത്തിന്റെ പ്രതീകാത്മക ഘടകം വി. യോഹന്നാന്റെ സുവിശേഷത്തിൽ പ്രാഥമികമായിട്ടുണ്ട്, ഉദാഹരണത്തിന് യോഹന്നാൻ 9 -ൽ അന്ധനായി ജനിച്ച മനുഷ്യന് കാഴ്ച നൽകാനുള്ള താല്പര്യം. കാഴ്ചയുടെ ദാനം മാത്രമല്ല വിശ്വാസത്തിന്റെ ആത്‌മീയ ഉൾക്കാഴ്ച ലോകത്തിന്റെ പ്രകാശമായ യേശു നമ്മിലേക്ക് സാധ്യമാക്കി എന്നതാണ്.

ഈശോയുടെ വ്യക്തിത്വത്തിന്റെ സാക്ഷ്യം ആയാണ് അത്ഭുതങ്ങൾ നടന്നത്. അത് മനുഷ്യരിൽ വിശ്വാസം സൃഷ്‌ടിച്ചു. യേശു ചെയ്ത ഈ അടയാളങ്ങൾ താൻ മിശിഹാ ആണെന്ന സത്യം പലരിലും ഊട്ടിയുറപ്പിച്ചു. എന്നിട്ടും ഈ അഭുതകരമായ അടയാളങ്ങൾ എല്ലാം സംശയിക്കുന്ന ചിലർ ഉണ്ടായിരുന്നു. യേശു ജനക്കൂട്ടത്തോട് സംസാരിക്കുമ്പോൾ, ‘സംസാരിച്ചത് പിതാവിന്റെ സ്വരം ആയിരുന്നെങ്കിലും കേട്ടത് ഇടിമുഴക്കം മാത്രമാണ് എന്ന്‌ പലരും വിശ്വസിച്ചു, എന്തിന് യേശുവിന്റെ പുനരുദ്ധാനത്തിനു ശേഷം
വിശ്വസിക്കാത്തവരായും ചിലർ ഉണ്ടായിരുന്നു. പക്ഷെ ഒടുവിൽ ഇവരെല്ലാവരും വിശ്വാസ തീക്ഷ്ണതയാൽ ജ്വലിക്കുന്നവരായി കാണപ്പെട്ടു എന്നുള്ളതാണ് സത്യം.’

സുവിശേങ്ങളിലൂടെ കടന്നു പോകുമ്പോൾ ചെറുതും വലുതുമായ മുപ്പത്തിനാലോളം അത്ഭുതങ്ങൾ നമ്മൾ കാണുന്നുണ്ട്. ആ അത്ഭുതങ്ങൾ ഒക്കെ നമ്മുടെയൊക്കെ ജീവിതത്തിൽ ആവർത്തിക്കപ്പെടണമെങ്കിൽ വിശ്വാസത്തോടെ അവിടുത്തെ തേടി ഇറങ്ങണം. നമ്മുടെ നോമ്പുകൾക്കും നേർച്ചകൾക്കും കാത്തിരിപ്പുകൾക്കും ഫലം ഉണ്ടാകണമെങ്കിൽ ഈശോയുടെ സാന്നിധ്യം നമ്മുക്ക് ഒപ്പം ഉണ്ടാവണം. ഓരോ ഈസ്റ്ററും കടന്നു പോകുമ്പോഴും നാം ഓർക്കേണ്ട ഒന്നുണ്ട്… ശൂന്യമായ ശവകുടിരം പുനരുദ്ധാനത്തിന്റെ പ്രതികമാണ്. ആ ശവകുടിരത്തെക്കുറിച്ചു കാണുമ്പോഴും കേൾക്കുമ്പോഴും അത് യേശുവിന്റെ പുനരുത്ഥാനത്തിലേക്ക് വിരൽ ചൂണ്ടണം. നമ്മുടെയൊക്കെ വരാനിരിക്കുന്ന പുനരുദ്ധാനത്തിലേക്കും. ഇത് മരണത്തിൻമേലുള്ള ഈശോയുടെ വിജയത്തെയാണ് കാണിക്കുന്നത്. വെറുപ്പിന്റെയും, ഒറ്റപ്പെടലിന്റെയും, നഷ്‌ബോധത്തിന്റെയും, വിദ്വേഷത്തിന്റെയും, നിരാശയുടെയും ഒക്കെ കല്ലുരുട്ടി അടച്ചിരിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇരുൾ മൂടിയ കല്ലറകളിലേക്ക് ഉത്ഥിതന്റെ പ്രകാശം കടത്തിവിട്ടാൽ സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും,വിജയത്തിന്റെയും ആശ്വാസം അനുഭവിക്കാൻ സാധിക്കും.

ലോകാത്ഭുതങ്ങളിൽ ഒന്നായ ഈജിപ്തിലെ പിരമിഡുകൾക്കുള്ളിലെ അനേകം ഫറവോമാരുടെ ശവശരീരങ്ങളും, ഇംഗ്ലണ്ടിലെ ‘വെസ്റ്റ് മിനിസ്റ്റർ ആബേയിൽ’ സൂക്ഷിച്ചിരിക്കുന്ന അനേകം എഴുത്തുകാരുടെയും, തത്വചിന്തകരുടെയും, രാഷ്ട്രീയപ്രവർത്തകരുടെയും കേടുകൂടാത്ത മൃതശരീരങ്ങൾ കാണാനും പതിനായിരങ്ങൾ എത്താറുണ്ട്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ സന്ദർശിക്കുന്ന ജെറുസലേമിലെ ശൂന്യമായ വിശുദ്ധ ശവകുടിരത്തിന്റെ കപ്പേളയുടെ മുൻപിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു, ‘അവൻ ഇവിടെ ഇല്ല’. കാരണം ഇവിടെ അടക്കം ചെയ്ത ക്രിസ്തു മരണത്തെ പരാജയപ്പെടുത്തി ഉയർത്തിരിക്കുന്നു.

അവൻ ഇവിടെ ഇല്ല, എങ്കിൽ ഉയിർത്തെഴുന്നേറ്റ ഈശോ ഇപ്പോൾ എവിടെ ആണ്? അവൻ എന്റെ വ്യക്തിജീവിതത്തിൽ, എന്റെ കുടുംബത്തിൽ, എൻ്റെ സമുഹത്തിൽ ഇല്ലെങ്കിൽ ഓർക്കുക എന്നെ സംബന്ധിച്ച്  അവൻ ഇപ്പോഴും കല്ലറക്കുള്ളിൽ തന്നെ ആണ്.

അത്ഭുതങ്ങളിലെ വലിയ അത്ഭുതമായ ഉത്ഥാനം വഴി ഇന്നും നമ്മുടെ കൂടെ വസിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയാനും കൂടെ ഇരുത്താനും ഉള്ള വിശ്വാസവും മനസും ഉണ്ടെങ്കിൽ ഇനിയും നമ്മുടെ ജീവിതത്തിൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കും – ഉയർപ്പിനുശേഷം തിബേരിയാസിന്റെ തീരത്തു പ്രാതൽ ഒരുക്കിയപോലെയും, കൂടെ ഇരുത്തിയ എമ്മാവൂസ് യാത്രികരായ ശിഷ്യരുടെ ഹൃദയവും കണ്ണും തുറന്നതുപോലെയും അനേകം അത്ഭുതങ്ങൾ അവൻ നമ്മുക്കായി ഒരുക്കിട്ടുണ്ട്. അത് ജീവിതത്തിൽ സംഭവിക്കാൻ നമ്മുക്ക് ഉത്ഥിതനെ കൂടെ ഇരുത്താം, ഉത്ഥിതന്റെ കൂടെ നടക്കാം.

എല്ലാവർക്കും അത്ഭുതത്തിന്റെയും അനുഗ്രഹങ്ങളുടെയും നല്ലൊരു ഈസ്റ്റർ ആശംസിക്കുന്നു.

അനിത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.