എന്റെ ദൈവവിളിയുടെ അനുഭവ വിവരണം

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

ഞാൻ എന്തിന് ഒരു വൈദികനായി? സാജൻ എന്തിനാ അച്ചനാകാൻ പോയത്? ഒറ്റ മകനല്ലേ? ഒരു പെങ്ങൾ മാത്രമല്ലേ ഉള്ളൂ? അപ്പന്റെയോ അമ്മയുടേയോ നേർച്ചയാണോ? പെങ്ങളെ കെട്ടിച്ചുവിട്ടു കഴിയുമ്പോൾ അവരെ ആരു നോക്കും? അതോ വിവാഹജീവിതം നയിക്കാനുള്ള കഴിവില്ലേ? വൈദികരാകാൻ പോയി തിരിച്ചുവന്ന ഒത്തിരിപ്പേരെ ഞങ്ങൾക്കറിയാം, ഇപ്പോൾ പെണ്ണ് കെട്ടി പിള്ളേരുടെ അച്ഛന്മാരായി ജീവിക്കുന്നു. വീട്ടിൽ നിന്നും പഠിപ്പിക്കാൻ നിവർത്തി ഇല്ലാത്തതുകൊണ്ടാണോ സെമിനാരിയിൽ ചേർന്നത്? എത്ര വർഷം വരെ അവിടെ തുടരും? അവിടെ പഠിക്കാനൊക്കെ ഒരുപാട് കാണില്ലേ, അതൊക്കെ പഠിക്കാൻ നിന്നെ കൊണ്ടാകുവോ? വൈദികരൊക്കെ കണക്കാ, ഒരാളും നല്ലതില്ല. എല്ലാം കള്ളന്മാരാ…

വൈദികനാകാൻ സെമിനാരിയിൽ ചേർന്നപ്പോൾ മുതൽ അഭിമുഖീകരിച്ച പല ചോദ്യങ്ങളിൽ ചിലത് ഇവിടെ സൂചിപ്പിച്ചെന്നേ ഉള്ളൂ.

സെമിനാരി പരിശീലനകാലത്ത് മൈനർ സെമിനാരി റെക്ടർ ആയിരുന്ന അച്ചനും സ്നേഹപൂർവ്വം പറഞ്ഞു, ഒറ്റ പുത്രനല്ലേ തിരിച്ചുപൊയ്ക്കൂടേ? സെമിനാരി പരിശീലനത്തിന്റെ ഓരോ കാലഘട്ടത്തിലും ഈ ഓർമ്മപ്പെടുത്തൽ നിർബാധം തുടർന്നുകൊണ്ടിരുന്നു. കൂടെ പഠനം തുടങ്ങിയ പലരും പാതിവഴിയിൽ കൊഴിഞ്ഞുപോയി. എന്നിട്ടും ഞാൻ എന്തേ വൈദികനായി?

പുരോഹിതനായി അഭിഷിക്തനാകാൻ ദിവസങ്ങൾ അടുത്തുവന്നപ്പോൾ കണ്ണുനീരോടെ അമ്മ ചോദിച്ചു: “അപ്പനേയും അമ്മയേയും നോക്കാൻ നീയല്ലേ ഉള്ളൂ. എന്റെ മോന് തിരിച്ചുവന്നുകൂടെ?” എന്നിട്ട് സ്നേഹപൂർവ്വം തലയിൽ തലോടിക്കൊണ്ട് ഓർമിപ്പിച്ചു, “നീ നിന്റെ സ്വന്തം ഇഷ്ടപ്രകാരം പോയി. ഉടനെ വൈദികനാകും. ഒന്നുമാത്രം അമ്മ എന്റെ മോനോട് പറയാം, വൈദികജീവിതം അത്ര എളുപ്പമല്ല. ഒരുപാട് സഹനങ്ങൾ ഉണ്ടാകും. ഒത്തിരിയേറെ കുറ്റപ്പെടുത്തലും വഴക്കും തെറിയുമൊക്കെ കേൾക്കേണ്ടിവരും. അതിന്റെയൊക്ക മുൻപിൽ പിടിച്ചുനിൽക്കാൻ നിനക്ക് പറ്റുവോ? അതിന് സാധിക്കില്ലെങ്കിൽ നീ പുരോഹിതൻ ആകരുത്. അവസാനം വരെ ഈ വിളിയോട് വിശ്വസ്തത പുലർത്തി വിശുദ്ധനായ, എളിമയുള്ള, ദൈവജനത്തിന് മാതൃക നൽകുന്ന ഒരു പുരോഹിതനായി എന്റെ മോൻ മാറണം.” ഇതു പറയുമ്പോൾ എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു; കൂടെ എന്റേയും അപ്പന്റെയും പെങ്ങളുടെയും. എന്നിട്ട് എന്റെ അപ്പനും അമ്മയും എന്റെ തലയിൽ കൈകൾ വച്ച് എന്നെ ആശീർവദിച്ചു.

ഇന്ന് വൈദികജീവിതം ആരംഭിച്ച് 5 വർഷങ്ങൾ പിന്നിടുമ്പോഴും ഈ ജീവിതത്തിൽ വിശ്വസ്തതയോടെ നിലനിൽക്കാൻ എന്നെ സജ്ജനാക്കുന്നത് എന്റെ അമ്മയുടെ മൊഴിമുത്തുകൾ തന്നെ. ഒത്തിരി വിഷമങ്ങളിലൂടെ കടന്നുപോകുമ്പോഴും, അകാരണമായി തെറ്റിധരിക്കപ്പെടുമ്പോഴും, ക്രൂരമായ പരിഹാസശരങ്ങളും കൈകൊട്ടി കളിയാക്കലുകളും, അതിരു വിടുന്ന വിമർശനങ്ങളും ഏറ്റുവാങ്ങുമ്പോഴും, ഉള്ളിൽ ഒരുപാട് വേദനയുടെ കനൽ അഗ്നിയായി കത്തിപ്പടർന്ന് എരിയുമ്പോഴും അൾത്താരയുടെ മുൻപിൽ മുട്ടുകുത്തി ആരും കാണാതെ ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ശാന്തമായിരുന്ന് കുറ്റപ്പെടുത്തിയവരെയും ഒറ്റപ്പെടുത്തിയവരെയും ഒറ്റിക്കൊടുത്തവരെയും പത്രോസായും യൂദാസായും ശിമയോനായും യോഹന്നാനായും നല്ല സമരിയക്കാരനായും ജീവിതവഴികളിൽ കണ്ടുമുട്ടിയവരെയെല്ലാം വിളിച്ചു വേർതിരിച്ച് പവിത്രീകരിച്ചു മാറ്റിനിർത്തിയവന്റെ മുൻപിൽ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം അവർണ്ണനീയമാണ്. അവന്റെ മുൻപിൽ ഇരിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് എന്റെ വൈദിക ജീവിതദർശനം.

കണ്ണുനീരോടെയും ജീവിതപ്രശ്നങ്ങളോടെയും വേദന നിറഞ്ഞ ഒറ്റപ്പെടലോടെയും മുന്നിൽ വരുന്ന വ്യക്തികളെ സശ്രദം ശ്രവിച്ചു കഴിയുമ്പോൾ, അവരുടെ വേദനകളും കണ്ണുനീരും ദൈവം മറ്റും എന്ന ഉറപ്പ് കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന തിളക്കമാണ് എന്റെ വൈദികജീവിതത്തിലെ ഏറ്റവും സമ്പന്നമായ പ്രതിഫലം. ചീത്ത വിളിച്ചും ദൈവാലയത്തിൽ നിന്ന് അകന്നും കഴിയുന്നവരെ തേടിപ്പിടിച്ച് മാപ്പപേക്ഷിച്ച് തിരികെ കൊണ്ടുവരുമ്പോൾ മനസിനുണ്ടാകുന്ന കുളിർമ്മയുണ്ടല്ലോ അതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

അനുസരണമെന്ന പുണ്യത്തിന് വഴങ്ങി, ചെയ്യാത്ത തെറ്റിന്റെ പേരിൽ അധികാരികളുടെ മുൻപിൽ തല കുനിച്ചു നിന്ന് വഴക്കും ശകാരവും കേൾക്കുമ്പോഴും ഒരു വാക്ക് കൊണ്ടു പോലും സ്വയം ന്യായീകരിക്കാതെ അതെല്ലാം ഏറ്റുവാങ്ങുമ്പോൾ എന്റെ ഈശോയും വിധിയാളന്മാരുടെ മുൻപിൽ നിശബ്ദനായിരുന്നു എന്ന ബോധ്യമാണ് ഈ ജീവിതത്തിന്റെ അടിസ്ഥാനം. എത്ര വലിയ രോഗവും ക്ഷീണവും ഉണ്ടങ്കിലും തിരുവസ്ത്രങ്ങൾ ധരിച്ച് അൾത്താരയിൽ വിശുദ്ധ ബലി അർപ്പിക്കാൻ അണയുമ്പോൾ ലഭിക്കുന്ന ഊർജ്ജമാണ് ഈ ജീവിതത്തിന്റെ നേട്ടവും ലാഭവും. ഈ ലോകദൃഷ്ടിയിൽ മണ്ടനും കോമാളിയും വെറുക്കപ്പെട്ടവനും വിധിക്കപ്പെടുന്നവനും നിർദാക്ഷണ്യം വിമർശിക്കപ്പെടുന്നവനും ആർക്കും എപ്പോൾ വേണമെങ്കിലും തട്ടിക്കളിക്കാൻ പാകത്തിന് നിന്നുകൊടുക്കേണ്ടവനുമാണ് ക്രിസ്തുവിന്റെ പുരോഹിതൻ. അവന്റെ ജീവിതത്തിനോ, സേവനത്തിനോ യാതൊരു മതിപ്പും ഇല്ല. എന്നാൽ അവന്റെ കുറവുകൾ മാത്രം, വീഴ്ചകൾ മാത്രം എല്ലാവർക്കും വാർത്തയാണ്. അവനുൾപ്പെടുന്ന വൈദികസമൂഹത്തിലെ ഏതാനും ചില വ്യക്തികൾ ചെയ്യുന്ന കുറ്റത്തിന് നിരന്തരം കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ടവൻ.

പതിവു പോലെ കുറ്റപ്പെടുത്തലുകളും മാധ്യമവിചാരണകളും അടക്കം പറച്ചിലും കളിയാക്കലും ചീത്ത വിളിയും ഉപദേശങ്ങളും സൈബർ ആക്രമണങ്ങളും മുറപോലെ നടക്കുമ്പോഴും ഒരു യഥാർത്ഥ ക്രിസ്‌തുശിഷ്യന് ആരോടും പരാതിയില്ല, പരിഭവമില്ല, പിണക്കമില്ല, വെറുപ്പില്ല. മറിച്ച് എന്നെ വിളിച്ചു, വേർതിരിച്ചു, പവിത്രീകരിച്ചു, മാറ്റിനിർത്തിയവനു വേണ്ടിയാണല്ലോ ഇതെല്ലാം എന്ന ചാരിതാർഥ്യം മാത്രം.

ഇതൊക്ക വായിച്ചുകഴിയുമ്പോൾ നിങ്ങൾക്കു തോന്നാം, എന്നാൽ പിന്നെന്തിനാ ഈ ആട്ടും തുപ്പും കേട്ട്‌ എല്ലാവരുടെയും മുൻപിൽ ഇളിഭ്യനായി ഇങ്ങനെ ജീവിക്കുന്നത്? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. എന്നെ എന്റെ യേശു വിളിച്ചത് അവനോടു കൂടെ ആയിരിക്കാനും അവന്റെ വചനം പ്രസംഗിക്കാനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാനുമാണ്.

“എപ്രകാരമുള്ള മരണമാണ് ആഗ്രഹിക്കുന്നത് എന്നു ചോദിച്ചാൽ ഉത്തരം ഒന്നു മാത്രം, ബലിയർപ്പിച്ചു കൊണ്ട് നിൽക്കുമ്പോൾ ആ ബലിക്കല്ലിൽ വീണ് മരിക്കണം.”

വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി, ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി, നിന്നിൽ നിന്നും ഞാൻ സ്വീകരിച്ച ഈ കുർബാന എന്നിലെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനി ഒരു ബലി അർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.