മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഒരു സന്യാസിനിക്കാണ്

സി. സൗമ്യ DSHJ

കണ്ണീരിന്റെ നനവുള്ളവരുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ ലേപനം പുരട്ടിയ ഗുരുനാഥയാണ് മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഹോളി ക്രോസ്സ് സഭാംഗം സി. ആനിയമ്മ.

‘ലിറ്റില്‍ ഫ്‌ളവറില്‍ നിന്ന് കുട്ടികള്‍ കൊണ്ടുവന്ന ചോറ് കൊണ്ടാണ് ഞങ്ങള്‍ വയറു നിറച്ചിരുന്നത്’ – തന്റെ പ്രിയപ്പെട്ട ഭാര്യയുടെ ശവമഞ്ചത്തിന് സമീപം ഇരുന്ന് വൃദ്ധനായ, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ആ വയോധികന്‍ വിഷമത്തോടെ പറയുമ്പോള്‍ അനേകരുടെ വിശപ്പടക്കാന്‍ തന്റെ കുട്ടികള്‍ക്കായല്ലോ എന്ന ചാരിതാര്‍ത്ഥ്യം സി. ആനിയമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു. ലിറ്റില്‍ ഫ്‌ളവര്‍ എന്നാല്‍ മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളാണ്. കാരണം, പ്രധാന അധ്യാപികയായ സി. ആനിയമ്മ കൊടുത്ത പ്രചോദനത്തില്‍ നിന്നും പൊതിച്ചോറുമായി എത്തുന്ന കുട്ടികള്‍ പങ്കുവെച്ചത് അവര്‍ക്ക് അമൃത് തന്നെ ആയിരുന്നു.

അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയര്‍ത്തുന്നവരാണ് ഗുരുക്കന്മാര്‍. നാളെയുടെ വാഗ്ദാനങ്ങളായി ഓരോ വ്യക്തിയെയും വാര്‍ത്തെടുക്കുന്നവര്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഇടുക്കി ജില്ലയില്‍ ലഭിച്ചത് ഹോളിക്രോസ് സഭാംഗമായ സി. ആനിയമ്മയ്ക്കാണ്. കുട്ടികളെ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം ജീവിത മൂല്യങ്ങളിലേയ്ക്ക് വളര്‍ത്തിയാണ് ഈ സിസ്റ്റര്‍ വ്യത്യസ്തയാവുന്നത്.

150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സില്‍ തുടങ്ങിയ ഹോളിക്രോസ് സഭാംഗമാണ് സി. ആനിയമ്മ. ഈ സഭ കേരളത്തില്‍ ആരംഭിച്ചിട്ട് നൂറിലേറെ വര്‍ഷങ്ങളായി. സിസ്റ്റേഴ്‌സ് ഓഫ് ഹോളിക്രോസ് ഷവനോഡ് (ഹോളിക്രോസ്) എന്ന സന്യാസ സഭയ്ക്ക് കേരളത്തില്‍ 13 ഭവനങ്ങളുണ്ട്. ഈ സന്യാസ സഭയാണ് തന്നെ പഠിപ്പിച്ചതും അവസരങ്ങള്‍ നല്കിയതുമെന്ന് സി. ആനിയമ്മ നന്ദിയോടെ ഓര്‍ക്കുന്നു.

ആറ് വര്‍ഷക്കാലം മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യുമ്പോളാണ് സിസ്റ്റര്‍ കുട്ടികളെ കൂടുതല്‍ നന്മയിലേയ്ക്ക് വളര്‍ത്തുവാന്‍ ഉതകുന്ന കാര്യപരിപാടികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയത്. കുഞ്ഞുങ്ങളില്‍ മൂല്യബോധം വളര്‍ത്തുകയായിരുന്നു അതില്‍ പ്രധാനം. അതിനായി 23 ഇന കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുകയും അധ്യാപകരുടെയും പി.ടി.എ. യുടെയും സഹകരണത്തോടെ നടപ്പില്‍ വരുത്തുകയും ചെയ്തു.

പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ താമസിക്കുന്ന മൂന്നാറില്‍ ധാരാളം വിശപ്പ് അനുഭവിക്കുന്നവരും കിടപ്പുരോഗികളും ഉണ്ടായിരുന്നു. അവരുടെ വിഷമങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുവാനും ഉള്ളത് അവരുമായി പങ്കുവയ്ക്കുവാനുമുള്ള മനസ്സ് കുട്ടികളില്‍ രൂപപ്പെടുത്തുവാന്‍ സിസ്റ്ററിന് സാധിച്ചു. അതിനായി കുട്ടികളുടെ വീടുകള്‍ കയറിയിറങ്ങി മാതാപിതാക്കളുമായി നല്ലൊരു ബന്ധം സ്ഥാപിക്കുകയും സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ ആവശ്യകത മനസിലാക്കി കൊടുക്കുകയും ചെയ്തു.

‘ധാര്‍മ്മികമായി പുറകോട്ട് നില്‍ക്കുന്ന ഈ പ്രദേശത്ത് ഒരു മൂല്യാവബോധം സ്രഷ്ടിക്കുക എന്നത് വളരെ അത്യാവശ്യമായിരുന്നു. അതിനാല്‍ തന്നെ ചുറ്റുമുള്ളവര്‍ സഹിക്കുന്നതെങ്ങനെ? വേദനിക്കുന്നവരോട് എങ്ങനെ പെരുമാറണം? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ അവരുടെ ജീവിതത്തില്‍ സ്വായത്തമാക്കി തുടങ്ങി. വൈകല്യമുള്ള കുട്ടികളെ സന്ദര്‍ശിച്ച് അവരുടെ വേദന മനസിലാക്കി കഴിയുമ്പോള്‍ അവരുടെ ഇടയിലെ നെഗറ്റിവ് ചിന്തകള്‍ തനിയെ അപ്രത്യക്ഷമാകും’ – സി. ആനിയമ്മ പറയുന്നു.

കുട്ടികള്‍ ഓരോ ദിവസവും വീടുകളില്‍ നിന്നും രണ്ട് പൊതികള്‍ വീതം കൊണ്ടുവരുന്നു. അതില്‍ നല്ല കറികള്‍ വേണമെന്നത് കുട്ടികള്‍ക്ക് നിര്‍ബന്ധമാണ്. മാതാപിതാക്കളുടെ ഭാഗത്തു നിന്നും വലിയ സഹകരണമാണ് നല്‍കുന്നത്. ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കാനും സാമ്പത്തിക സഹായം നല്‍കുവാനും ഇവര്‍ പരിശ്രമിക്കുന്നു. ഒരു ടീച്ചറും പത്ത് കുട്ടികളുമാണ് ഒരു സ്ഥലത്തേയ്ക്ക് ഭക്ഷണപ്പൊതിയുമായി പോകുന്നത്. ഉച്ചയ്ക്കുള്ള വിശ്രമസമയമാണ് ഓട്ടോറിക്ഷയില്‍ ഇവര്‍ വീടുകള്‍ തേടി പോകുന്നത്.

പി.ടി.എ യുടെ സഹകരണത്തോടെ ഒരു മാസം ഭക്ഷണത്തിനായി 500 രൂപയുടെ കിറ്റ് നല്‍കിത്തുടങ്ങി. വര്‍ഷം 30,000 രൂപയോളം ചിലവാകും. നമ്മുടെ ജീവിതത്തിന്റെ മഹത്വം മനസിലാക്കുവാനും കഷ്ടപ്പാടുകള്‍ കണ്ട് പഠിക്കുവാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ സഹായിക്കുന്നു.

കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരുവനന്തപുരത്ത് വച്ചു നടന്ന ചടങ്ങിലാണ് മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം സി. ആനിയമ്മയ്ക്ക് നല്‍കിയത്. പുരസ്‌കാര തുക കഴിഞ്ഞ പ്രളയത്തില്‍ വീട് തകര്‍ന്നുവീണ് മകന്‍ നഷ്ടപ്പെട്ട വ്യക്തിയ്ക്ക് നല്‍കുകയും ചെയ്തു. ഈ സിസ്റ്റര്‍ സ്വന്തം ജീവിത മാതൃക വഴിയും അനേകര്‍ക്ക് പ്രചോദനമാകുന്നു. പഠനത്തിനും മികച്ച ജോലിക്കും മാത്രമായി നെട്ടോട്ടമോടുന്ന ഒരു സമൂഹമല്ല ഇന്നിന്റെ ആവശ്യം. മറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയാണ്. അതിനായി നമ്മുടെ സ്വന്തം ആനിയമ്മ ടീച്ചര്‍ വലിയ ഒരു പ്രചോദനവും പ്രേരണയുമാണ്.

ആഘോഷിക്കപ്പെടേണ്ടത് ഇത്തരം സന്യാസിനിമാരുടെ ജീവിതങ്ങളാണ്.

സി. സൗമ്യ DSHJ