മെഡിക്കൽ/ എൻജിനിയറിംഗ് എൻട്രൻസ്: സാമ്പത്തിക സംവരണ നടപടി വൈകുന്നു

സംവരണേതര വിഭാഗങ്ങളായ സുറിയാനി ക്രൈസ്തവർ, നായർ, ബ്രാഹ്മണർ തുടങ്ങിയവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പ്രഖ്യാപിച്ച പത്തു ശതമാനം സംവരണം നടപ്പാക്കാനുള്ള നടപടി വൈകുന്നു. ഒരു വർഷത്തിനു മുന്നേ കേന്ദ്രസർക്കർ നടപ്പിലാക്കിയ സർക്കാർ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനുമായുള്ള സംവരണത്തിൽ കേരള സർക്കാർ ഉത്തരവ് ഇറക്കിയതു തന്നെ കഴിഞ്ഞ ജനുവരി മൂന്നിനാണ്.

ഇതിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി ഫെബ്രുവരി പന്ത്രണ്ടിന് സർക്കാർ വീണ്ടും ഉത്തരവിറക്കി. എന്നാൽ, ഉത്തരവ് ഇറക്കിയതുകൊണ്ടു മാത്രം ആർക്കും ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റ് കിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇതിന് റവന്യു വകുപ്പ് വില്ലേജ് ഓഫിസർക്ക് പ്രത്യേക നിർദ്ദേശം നൽകണം. ഈ സർക്കുലർ ഉടൻ പ്രഖ്യാപിക്കുമെന്ന് രണ്ടാമത് ഇറക്കിയ ഉത്തരവിൽ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

സർക്കാർ സംവരണം മുന്നിൽക്കണ്ട് എൻട്രൻസ് റിപ്പീറ്റ് ചെയ്തു കാത്തിരിക്കുന്ന അനേകം കുട്ടികൾക്ക് ഇതിൽ നേരിടുന്ന കാലതാമസം വെല്ലുവിളിയാവുകയാണ്.