മഹാമാരിക്കിടയിലും സ്വർഗ്ഗീയ മാദ്ധ്യസ്ഥത്തിന് തെളിവ്: നേപ്പിൾസിൽ വി. ജാനൂരിയസിന്റെ രക്തം ദ്രാവകമായി

കത്തോലിക്കാ സഭയിലെ രക്തസാക്ഷിയായ വി. ജാനൂരിയസിന്റെ രക്തം ദ്രാവകമാകുന്ന അത്ഭുതത്തിനു സാക്ഷ്യം വഹിച്ച് നേപ്പിൾസ്. വി. ജാനൂരിയസിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19-ന് രാവിലെ 10:02- ന് രക്തം ഖരാവസ്ഥയിൽ നിന്ന് ദ്രാവകത്തിലേയ്ക്ക് മാറിയതായി സ്വർഗ്ഗാരോപിത മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രൽ അധികൃതർ പ്രഖ്യാപിച്ചു.

പ്രിയ സുഹൃത്തുക്കളെ, വിശ്വാസികളെ, നമ്മുടെ വിശുദ്ധ രക്തസാക്ഷിയും രക്ഷാധികാരിയുമായ വി. ജാനൂരിയസിന്റെ രക്തം ദ്രവീകൃതമാണെന്ന് ഞാൻ വീണ്ടും സന്തോഷത്തോടെ അറിയിക്കുന്നു എന്ന്, ശൂന്യമായ കത്തീഡ്രലിൽ നിന്ന് നേപ്പിൾസിന്റെ ആർച്ച്ബിഷപ്പ് കർദ്ദിനാള്‍ ക്രെസെൻസിയോ സെപെ അറിയിച്ചു. രക്തം മുൻ വർഷങ്ങളിലേതുപോലെ തന്നെ പൂർണ്ണമായും ദ്രാവകാവസ്ഥയിൽ ആയെന്നും ഈ അത്ഭുതം ദൈവസ്നേഹത്തിന്റെയും നന്മയുടെയും കരുണയുടെയും അടയാളമാണെന്നും ആർച്ചുബിഷപ്പ് അറിയിച്ചു.

വി. ജാനൂരിയസ് നേപ്പിൾസിന്റെ രക്ഷാധികാരിയാണ്. മൂന്നാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ഇദ്ദേഹത്തിന്റെ എല്ലിന്റെ ഭാഗങ്ങളും രക്തവും തിരുശേഷിപ്പുകളായി സൂക്ഷിച്ചിരിക്കുന്നു. ഡയോക്ളീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്താണ് ഇദ്ദേഹം രക്തസാക്ഷ്യം വരിച്ചതെന്നു വിശ്വസിച്ചുപോരുന്നു.

വർഷത്തിൽ മൂന്നുപ്രാവശ്യമാണ് വിശുദ്ധന്റെ രക്തം ദ്രാവകാവസ്ഥയിൽ എത്തുന്ന അത്ഭുതം സംഭവിക്കുക. രക്തം ദ്രാവകാവസ്ഥയിൽ എത്താതിരുന്നാല്‍ ആ വർഷം യുദ്ധമോ ദാരിദ്ര്യമോ മഹാമാരിയോ ഉണ്ടാകും എന്നതിന്റെ സൂചനയാണ് എന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.