വധശിക്ഷയിൽ നിന്നു മോചിക്കപ്പെട്ട പാക്ക് ക്രിസ്ത്യൻ ദമ്പതികൾക്ക് അഭയം നൽകി യൂറോപ്പ്

മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിച്ച ക്രിസ്ത്യൻ ദമ്പതികൾക്ക് ശിക്ഷയിൽ നിന്നും മോചിക്കപ്പെട്ട ശേഷം അഭയം നൽകി യൂറോപ്പ്. ഏഴ് വർഷമായി ജയിലിൽ കഴിയുകയായിരുന്നു ഈ ദമ്പതികൾ. മനുഷ്യാവകാശ സംഘടനയായ എഡിഎഫ് ഇന്റർനാഷണൽ പറയുന്നതനുസരിച്ച്, ജൂൺ ആദ്യം ലാഹോർ ഹൈക്കോടതി വധശിക്ഷ റദ്ദാക്കിയതിനു ശേഷമാണ് ഷഗുഫ്ത കൗസർ, ഷഫ്ഖത്ത് ഇമ്മാനുവൽ ദമ്പതികൾ യൂറോപ്പിലേക്ക് അഭയം തേടിയത്.

“ഒടുവിൽ സ്വതന്ത്രരാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. വളരെ ബുദ്ധിമുട്ടുള്ള എട്ട് വർഷങ്ങൾക്കു ശേഷം മക്കളോടൊപ്പം ഒന്നുചേരുവാൻ ഞങ്ങൾക്ക് സാധിച്ചു” – നാല് മക്കളുള്ള ഈ മാതാപിതാക്കൾ പറയുന്നു. ജൂലൈ ഒന്നിനാണ് ഈ ക്രിസ്ത്യൻ ദമ്പതികൾ ജയിലിൽ നിന്ന് മോചിതരായത്.

“ഞങ്ങൾക്ക് രാജ്യം നഷ്ടമാകുമെങ്കിലും ഒടുവിൽ ഇവിടെ സുരക്ഷിതമായിരിക്കുന്നതിൽ സന്തോഷമുണ്ട്. പാക്കിസ്ഥാനിലെ ഈ നിയമങ്ങൾ ഉടൻ നിർത്തലാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” – അവർ കൂട്ടിച്ചേർത്തു. കുറ്റവിമുക്തരാക്കുകയും വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്ത വാർത്ത പുറത്തുവന്നതിനു ശേഷം ഈ ദമ്പതികൾക്ക് നിരവധി വധഭീഷണി നേരിടേണ്ടി വന്നിരുന്നു. ന്യൂനപക്ഷങ്ങൾക്ക് മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളായ ADF ഇന്റർനാഷണൽ, ജൂബിലി കാമ്പെയ്ൻ എന്നിവയ്ക്ക് താനും ഭാര്യയും നന്ദിയുള്ളവരാണെന്ന് ഇമ്മാനുവൽ പറഞ്ഞു.

2013 -ൽ പഞ്ചാബിലെ ഗോജ്ര പള്ളിയുടെ ഒരു സമുച്ചയത്തിൽ പാവപ്പെട്ട ഈ ക്രിസ്ത്യൻ ദമ്പതികൾ അവരുടെ കുട്ടികളോടൊപ്പം താമസിക്കുകയായിരുന്നു. ഷഗുഫ്ത കൗസറിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി ആരോപിക്കപ്പെടുന്ന സെൽ-ഫോണിൽ നിന്ന് ഒരു മതപണ്ഡിതനും അഭിഭാഷകനും ദൈവദൂഷണ സന്ദേശങ്ങൾ അയച്ചു. സന്ദേശങ്ങൾ അയച്ച സമയത്ത് ഒരു മാസത്തേക്ക് ഇവരുടെ ഫോൺ നഷ്ടപ്പെട്ടിരുന്നു. തന്റെ ഭാര്യയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുമെന്നും പട്ടണത്തിലുടനീളം നഗ്നയായി നടത്തുമെന്നുമുള്ള ഭീഷണിയെ തുടർന്നാണ് ഇമ്മാനുവൽ കുറ്റസമ്മതം നടത്തിയത്. എന്നാൽ, വായിക്കാനോ എഴുതാനോ അറിയില്ലാത്ത ഇവർക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധ്യമല്ലെങ്കിലും കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു സെഷൻ കോടതി അവരെ തൂക്കിക്കൊല്ലാൻ വിധിച്ചു. ലാഹോർ ഹൈക്കോടതിയിൽ കൊടുത്ത അപ്പീലിന്റെ വിധി പ്രഖ്യാപിക്കുമ്പോൾ അവർ ഏഴ് വർഷത്തിലധികം ജയിൽശിക്ഷ പൂർത്തിയാക്കിയിരുന്നു. ജൂൺ ആദ്യം അവരെ കുറ്റവിമുക്തരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.