‘മകനെ കണ്ണീരോടെ യാത്രയാക്കരുത്, പുഞ്ചിരിയോടെ അവനെ യാത്രയാക്കണം’

ഇരുപത്തഞ്ചാം വയസില്‍ അപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവായ മകന്‍റെ മൃതദേഹത്തെ തലോടി സ്വന്തം മാതാവ് നടത്തിയ പ്രസംഗം

മകനെ കണ്ണീരോടെ യാത്രയാക്കരുത് അവന്‍റെ യാത്ര ദൈവഹിത പ്രകാരമാണ് , പുഞ്ചിരിയോടെ അവനെ യാത്രയാക്കണം എന്ന് പറഞ്ഞായിരുന്നു മകന്‍റെ മൃതദേഹത്തെ തലോടിനിന്നുകൊണ്ട് അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള മാതാവിന്‍റെ പ്രസംഗം . കാറോട്ടത്തിലെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് ചെങ്ങന്നൂരിൽ സ്‌കൂട്ടർ അപകടത്തിൽ തിരുവല്ല കുറ്റൂർ താഴ്ചയിൽ ജേക്കബ് കുര്യന്റെ മകൻ വിനു കുര്യൻ ജേക്കബ് (25) നെ യാത്രയാക്കുന്ന അമ്മയുടെ പ്രസംഗമായിരുന്നിത്.

നൊന്തുപ്രസവിച്ച മകൻ അകാലത്തിൽ വേർപിരിയുന്ന ദുഃഖം ഒരമ്മയും സഹിക്കില്ല. പക്ഷേ, അരുമമകന്‍റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്നപ്പോൾ മറിയാമ്മ ഒരു തരിമ്പു പോലും പതറിയില്ല. ഒരു വാക്കു പോലും ഇടറിയില്ല. വിലാപയാത്രയല്ലാതെ സന്തോഷത്തോടെ മകനെ യാത്രയാക്കണമെന്നാണ് ആ അമ്മ അവന്‍റെ സഹോദരങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞത്. സഹനങ്ങൾ ദൈവനിശ്ചയമാണെന്ന ഉറച്ച ബോധ്യമായിരുന്നു മറിയാമ്മയെ സ്വന്തം മകന്‍റെ അകാലവിയോഗത്തിനു മുന്നിൽ തളരാതെ നില്ക്കാൻ സഹായിച്ചത്.

മകൻ വാഹനാപകടത്തിൽ മരിച്ചു കിടക്കുമ്പോഴും ധൈര്യം വിടാതെ അവന് വേണ്ടി യാത്രാമൊഴി ചൊല്ലിയ മറിയാമ്മയുടെ പ്രസംഗം കേട്ടു നിന്നവരെ ഈറനണിയിച്ചു. എങ്കിലും ആ അമ്മയെപ്പോലെ സങ്കടം പുറത്തു കാണിക്കാതെ അവര്‍ വിനുവിന് യാത്രാമൊഴിയേകി.

മൈക്ക് കൈയില്ലെടുത്ത് ആ മാതാവ് പറഞ്ഞത്, ഇവന് വേണ്ടത് വിലാപ യാത്രയല്ല , നമുക്ക് ഇവനേ ചിരിച്ച് യാത്രയാക്കാമെന്നാണ്. സന്തോഷത്തോടെ യാത്രയാക്കാം. ആരും കരയരുത്…

മകന്‍റെ മൃതദേഹത്തിന് മുന്നിൽ നിന്ന് മറിയാമ്മ പറയുന്നത് ഇങ്ങനെയാണ്:

ദൈവം അവനേ വിളിച്ചതാണ്. എനിക്ക് ദൈവം തന്ന കുഞ്ഞിനേ ദൈവം എടുത്തുകൊണ്ട് പോയി. ആർക്കാണ് തടയാൻ പറ്റുക..അവന്റെ അച്ചക്ക് പറ്റുമോ? അവന് ദൈവം ഇത്രയേ ദിവസങ്ങൾ കൊടുത്തുള്ളു. അവന് അനുവദിച്ച ആയുസാണിത്. ഞാൻ എന്റെ കുഞ്ഞിനേ കാണും മുമ്പേ എന്റെ ഉദരത്തിൽ വളരുമ്പോൾ അവൻ കണ്ടിരുന്നു..

ഈ മുറ്റത്തുകൂടി എനിക്ക് പിടുത്തം തരാതെ അവന്‍ എന്നെ ഓടിപ്പിച്ചു കളിച്ചതാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ ഇതൊക്കെയാണ് അവസ്ഥ. നമ്മൾ എല്ലാവരും ഈ പെട്ടിയിൽ കിടക്കും. ഞാന്‍ കിടക്കേണ്ട സ്ഥാനത്ത് അവന്‍ കിടക്കുന്നത് ഞാന്‍ പോകുമ്പോള്‍ അവനെ കരയിക്കാതിരിക്കാനാണ് . സ്‌നേഹിക്കാൻ കിട്ടുന്ന സമയം നമ്മൾ അങ്ങേയറ്റം സ്‌നേഹിക്കുക.

നിർവ്യാജം സ്‌നേഹിക്കുക. ലോക കാണുന്ന പ്രേമ ബന്ധമല്ല സ്‌നേഹം..ദൈവീക സ്‌നേഹമാണ്. അത് ഞങ്ങളേ പഠിപ്പിച്ചത് ഈ മകനാണ്. അവൻ എന്നെ ഡാൻസ് കളിപ്പിക്കും..ചിരിപ്പിക്കും. അവന് കരയുന്നത് ഇഷ്ടമല്ല. ചിരിക്കുന്നതാണിഷ്ടം. അവനേ ചിരിച്ച് നമുക്ക് വിടാം….ലോക ബന്ന്ധങ്ങൾ ഒന്നും ഇവിടെ തീരില്ല.അവന്റെ ശരീരം മാത്രമേ എടുക്കാനാകൂ. അവന്റെ മനസും, ആത്മാവോ, ചിരിയോ സന്തോഷമോ എന്നും എന്നിൽ നിന്നും എടുക്കാനാകില്ല.

2017 ഡിസബർ 6നായിരുന്നു വിനു മരിച്ചത്. ബൈക്ക് ബസിൽ ഇടിച്ചായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു വിനു. എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ വിനുവിന് മരണം സംഭവിച്ചു. പൊലീസ് എത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. എൻജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കൺട്രോൾ പഠനം നടത്തുകയായിരുന്നു.

2014 ൽ കശ്മീരിൽ നിന്നു കന്യാകുമാരി വരെ കാറിൽ 3,888 കിലോമീറ്റർ 52 മണിക്കൂർ 58 മിനിറ്റ് കൊണ്ടു പൂർത്തിയാക്കിയതിനാണു വിനു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.

കുറ്റൂരിൽ വ്യാപാരിയാണ് പിതാവ് ജേക്കബ് കുര്യൻ. പാണ്ടിശേരിഭാഗം ഗവ. എൽപി സ്കൂൾ അധ്യാപികയാണ് മറിയാമ്മ ജേക്കബ്. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ് ഏറ്റുമാനൂരിൽ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരൻ ആണ്. ഇളയ സഹോദരൻ ക്രിസ് ജേക്കബ് തിരുവല്ല മാർത്തോമ സ്‌കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.