ദിവ്യകാരുണ്യം നല്‍കുന്ന അനുഗ്രഹങ്ങള്‍

ദിവ്യബലി സമയത്ത് വൈദികന്‍ അപ്പവും വീഞ്ഞും കാഴ്ച വയ്ക്കുമ്പോള്‍ നമ്മുടെ ബലഹീനതകളും ശരീരവും മനസും ആത്മാവും കൂടി അതോടൊപ്പം നമ്മള്‍ കാഴ്ചവയ്ക്കുന്നു. യേശു അവയെ സ്വീകരിച്ചുകൊണ്ട് അവിടുത്തെ ഉത്ഥാനം ചെയ്ത നിര്‍മ്മലമായ ആത്മാവും ശരീരവും ദൈവത്വവും നമുക്ക് തരുന്നു. ഇതിലും വലിയൊരു സമ്മാനം നമുക്ക് കിട്ടുവാനില്ല.

വിശ്വാസത്തോടും സ്‌നേഹത്തോടും അനുതാപത്തോടും കൂടി ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍, ഉത്ഥാനം ചെയ്ത യേശു നമ്മുടെ ഹൃദയത്തില്‍ എഴുന്നള്ളി വരികയും അവിടുത്തെ സ്വര്‍ഗ്ഗീയജീവനില്‍ നമ്മെ പങ്കുകാരാക്കുകയും ചെയ്യുന്നു. നമ്മെ വിശുദ്ധീകരിക്കുന്നു; നമ്മെ രക്ഷിക്കുന്നു. നമ്മുടെ ലഘുവായ പാപങ്ങള്‍ കഴുകിക്കൊണ്ട് പാപത്തിലേയ്ക്കുള്ള നമ്മുടെ ചായ്‌വിനെ ഇല്ലാതാക്കുന്നു.

നമ്മുടെ കഷ്ടപ്പാടുകളില്‍ നമ്മെ ധൈര്യപ്പെടുത്തുകയും അപമാനങ്ങളും കുരിശുകളും ഉണ്ടാകുമ്പോള്‍ അവയെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ നമ്മെ ശക്തിപ്പെടുത്തുകയും അവിടുത്തെ തിരുമുറിവുകളില്‍ നമുക്ക് അഭയം നല്‍കുകയും ചെയ്യുന്നു. ഇടവിടാതെ പ്രാര്‍ത്ഥിക്കുവാനുള്ള അനുഗ്രഹം തരുകയും നമ്മുടെ മരണനേരത്ത് നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടുത്തെ വിശുദ്ധരോടു കൂടി എന്നും അവിടുത്തെ വാഴ്ത്തിസ്തുതിക്കുവാന്‍ ഇടവരുത്തുകയും ചെയ്യുന്നു. ഇത്ര വലിയ അനുഗ്രഹങ്ങള്‍ നമുക്ക് വേറെ എവിടെനിന്നു കിട്ടും?

ദിവ്യകാരുണ്യ സ്വീകരണം വഴി യേശുവിനെ സ്വീകരിക്കുന്ന വ്യക്തി യേശുവിനോടു കൂടി നടക്കുന്നു; യേശുവിനോടു കൂടി പ്രാര്‍ത്ഥിക്കുന്നു. യേശു കൂടെയുള്ളപ്പോള്‍ നമുക്ക് ഒന്നും ഭയപ്പെടാനില്ലല്ലോ. യേശുവിന്റെ സാന്നിധ്യമുള്ളപ്പോള്‍ നമുക്ക് സമാധാനമാണ്, സന്തോഷമാണ്. സന്തോഷമുള്ള ആള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കും. സാത്താന്റെ പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ യേശു നമുക്കു വേണ്ടി യുദ്ധം ചെയ്ത് സാത്താനെ ഓടിക്കുന്നു. യേശുവിനോടു കൂടി ജീവിക്കുക എന്നത് എത്ര വലിയ അനുഗ്രഹം..!!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.