ദിവ്യകാരുണ്യഗീതം: മന്നയായ് പെയ്‌ത വിൺകാരുണ്യമേ…

“അന്നദാതാവ് അന്നമായിരുന്നു. എത്ര സിമ്പിളാണല്ലേ നമ്മുടെ ദൈവം”

ദിവ്യകാരുണ്യമായി മാറിയ യേശുനാഥനെ, അവിടുന്ന് നേടിത്തന്ന രക്ഷയെ അനുഭവിച്ചറിയുകയാണ് ഓരോ വിശുദ്ധ ബലിയിലും. നമുക്ക് ലഭിച്ച ആ രക്ഷയെ കൂടുതല്‍ ധ്യാനിക്കുവാനും ആഴത്തില്‍ അനുഭവിച്ചറിയുവാനും ഇതാ ഒരു ദിവ്യകാരുണ്യഗീതം. ദിവ്യകാരുണ്യത്തെ ജീവിതകേന്ദ്രമാക്കിയും ആ രഹസ്യത്തില്‍ നിന്നും ശക്തി സ്വീകരിച്ച്, കരുത്താര്‍ജ്ജിച്ചും ലോകത്തിന്റെ വിളുമ്പുകളോളം അവിടുത്തെ പ്രഘോഷിക്കുന്ന ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങളാണ് ഈ ഗാനം കേരളസഭയ്ക്ക് സമര്‍പ്പിക്കുന്നത്.

ഓരോ സംഗീതസൃഷ്ടിയുടെ പിന്നിലും രചനയിലും സംഗീതത്തിലും, ആലാപനത്തിലും, ഓർക്കസ്‌ട്രേഷനിലും എല്ലാം ഒരു ഈറ്റുനോവുണ്ട്. നല്ലത് പകരുവാനുള്ള ഒരു നോവ്. അത് ഇവിടെയും സംഭവിച്ചിട്ടുണ്ട്.

ആൽബം: സ്വർഗ്ഗീയ ധാന്യം
രചന: ഫാ. മനീഷ് ഓലംകണ്ണേൽ എംസിബിഎസ്
സംഗീതം: ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ്
ആലാപനം: ചിത്ര അരുൺ
ഓർക്കസ്ട്രേഷൻ: ടിനു അമ്പി

‘അപ്പാ കുഞ്ഞാട് എവിടെ?’ ഇസഹാക്കിന്റെ ആ ചോദ്യം അമ്പു പോലെ അബ്രാഹത്തിന്റെ നെഞ്ചില്‍ തറച്ചു. ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വസിച്ചും ആശ്രയിച്ചും അവന്‍ കുഞ്ഞിനോട് പറഞ്ഞു: ‘കുഞ്ഞാടിനെ ദൈവം തരും.’

ഒരായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ആ കുഞ്ഞാടിനെ തിരിച്ചറിഞ്ഞ സ്‌നാപകന്‍ വിളിച്ചുപറഞ്ഞു: ‘ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ (യോഹ. 1:29).