വിശുദ്ധ കുര്‍ബാനയിലൂടെ സ്വർഗം നേടുന്നതിനായി ചെയ്യേണ്ട പത്ത് കാര്യങ്ങൾ

ഓരോ മനുഷ്യന്റെയും ആത്യന്തികമായ ലക്ഷ്യമാണ് മരണശേഷം സ്വർഗം പ്രാപിക്കുക എന്നത്. നിത്യജീവൻ അഥവാ സ്വർഗം പുൽകുക എന്ന ലക്ഷ്യത്തോടെ പല കാര്യങ്ങളും നാം ചെയ്യാറുമുണ്ട്. തീർത്ഥാടനങ്ങൾ നടത്തുക, പരോപകാര- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക, നോമ്പ് കൂദാശകൾ എന്നിവയൊക്കെ അനുഷ്ഠിക്കുക തുടങ്ങി പലതും. എങ്കിലും വിശുദ്ധജീവിതത്തിലേയ്ക്ക് എത്തിച്ചേരാൻ എന്തോ കുറവുള്ളതായി നമുക്ക് അനുഭവപ്പെടാം. ഈ സാഹചര്യത്തിലാണ് എന്താണ് യഥാര്‍ത്ഥ സന്തോഷം നൽകുന്നതെന്നും എപ്പോഴാണ് വിശുദ്ധി കൈവരുന്നതെന്നും ജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നതെന്നും മനസിലാക്കേണ്ടത്.

ഭക്തിനിർഭരമായ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയാണ് മേൽപ്പറഞ്ഞ അഭിഷേകങ്ങൾ മുഴുവൻ കിട്ടുന്നത്. പലപ്പോഴും ഒരുക്കമില്ലാതെയും പല വിചാരത്തോടെയും ഭക്തിയില്ലാതെയുമൊക്കെയാണ് പലരും വിശുദ്ധ കുര്‍ബാന സ്വീകരിക്കാറ്. അതുകൊണ്ടു തന്നെ ഈശോയുടെ സാന്നിധ്യം നൽകുന്ന സന്തോഷവും അനുഗ്രഹങ്ങളും നമുക്ക് പലപ്പോഴും അനുഭവവേദ്യമാകാതെ പോകുന്നു. ഓരോ തവണ ഈശോയെ സ്വീകരിക്കുമ്പോഴും സ്വർഗം സ്വന്തമാക്കുന്ന അനുഭൂതിയാണ് നമുക്കുണ്ടാവേണ്ടത്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. വിശ്വാസം

നാം സ്വീകരിക്കുന്ന ദിവ്യകാരുണ്യത്തിൽ ഈശോ സന്നിഹിതനാണെന്ന ഉറച്ച വിശ്വാസമാണ് ആദ്യം ഉണ്ടാവേണ്ടത്. അതില്ലായെങ്കിൽ ഈശോയേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കാം.

2. കുമ്പസാരം വഴിയുള്ള വിശുദ്ധി 

ഒരു വിശിഷ്ടാതിഥിയെ സ്വീകരിക്കാൻ വീട് ഒരുക്കുന്നതുപോലെ ഈശോയെ സ്വീകരിക്കാൻ കുമ്പസാരത്തിലൂടെ പാപ മാലിന്യങ്ങൾ കഴുകി ഹൃദയം ശുദ്ധിയാക്കി വയ്ക്കണം.

3. വിശുദ്ധ കുര്‍ബാനയ്ക്കായി നേരത്തെ എത്തുക

ഈശോയോട് കാണിക്കുന്ന ഏറ്റവും വലിയ ആദരവാണ് വിശുദ്ധ കുര്‍ബാനയ്ക്കായി നേരത്തെ ദേവാലയത്തിൽ എത്തുക എന്നത്. എത്തിയാലുടൻ അകത്ത് പ്രവേശിച്ച് നിശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്യുക.

4. മാന്യമായി വസ്ത്രം ധരിക്കുക

നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണെന്ന ബോധ്യത്തോടെ ദേവാലയത്തിൽ എത്തുന്ന സമയങ്ങളിൽ ഏറ്റവും ആഢ്യത്വത്തോടും മാന്യതയോടും കൂടെ വസ്ത്രധാരണം നടത്തുക

5. നിയോഗങ്ങൾ സമർപ്പിക്കുക 

വിശുദ്ധ ബലി ആരംഭിക്കുന്നതിനു മുമ്പുതന്നെ ഏറ്റവും കുറഞ്ഞത് മൂന്ന് നിയോഗങ്ങളെങ്കിലും അൾത്താരയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുക.

6. മരിച്ച വിശ്വാസികളെ അനുസ്മരിക്കുക

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് സ്വർഗം പ്രാപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നാം ഭക്തിയോടെ പങ്കുകൊള്ളുന്ന ഓരോ വിശുദ്ധ ബലിയും. അതുകൊണ്ട് അവർക്കു വേണ്ടിയും ബലി മധ്യേ പ്രാർത്ഥിക്കാം.

7. പാപികളുടെ മാനസാന്തരം 

ഏറ്റവും വലിയ ആരാധനയായ വിശുദ്ധ കുര്‍ബാനയിലൂടെ പാപികളുടെ മാനസാന്തരത്തിനായും പ്രാർത്ഥിക്കണം.

8. ആത്മപരിവർത്തനം 

സ്വയം വിലയിരുത്താനും വിചിന്തനം ചെയ്യാനും പശ്ചാത്തപിക്കാനും ഈശോയോട് പാപമോചനം യാചിക്കാനുമുള്ള അവസരമായും വിശുദ്ധ കുര്‍ബാനയെ പരിഗണിക്കണം.

9. ദിവ്യകാരുണ്യ സ്വീകരണം 

ദിവ്യകാരുണ്യ സ്വീകരണമാണ് ഏറ്റവും പ്രധാനം. അങ്ങേയറ്റം ആദരവോടെ ചെയ്യേണ്ടത്. കൈകൾ കൂപ്പി ഭയഭക്തിബഹുമാനങ്ങളോടെ വേണം ഈശോയെ സ്വീകരിക്കാൻ. ഏറ്റവും ആദരവോടെ ഈശോയെ സ്വീകരിച്ച പരിശുദ്ധ മറിയത്തോടും ഈ സമയം അപേക്ഷിക്കാം.

10. നന്ദിപ്രകാശനം 

കണ്ണുകളടച്ച് നമ്മിലേക്ക് എഴുന്നള്ളിവന്ന ഈശോയ്ക്ക് നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. വാഴ്ത്തപ്പെട്ട പോൾ ആറാമൻ പാപ്പാ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ദിവ്യകാരുണ്യ സ്വീകരണശേഷം ദൈവത്തിന് നന്ദി പ്രകാശിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ജപമാല ചൊല്ലുന്നതാണെന്ന്.

ഈ ചെറിയ പ്രവര്‍ത്തികളിലൂടെ നമ്മുടെ മനസും ശരീരവും ആത്മാവും വിശുദ്ധ കുര്‍ബാനയിലൂടെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി സ്വർഗത്തിലേക്ക് ഉയർത്താം.