പുല്‍ക്കൂടിന്റെ ലാളിത്യം നിറഞ്ഞ എത്യോപ്യയിലെ മലയാളി മെത്രാന്‍

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്നു മലയാളി മെത്രാന്മാരില്‍ ഒരാളാണ് എത്യോപ്യയിലെ നെകെംതെ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് വര്‍ഗീസ് തോട്ടാങ്കര. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ മിഷന്‍ (സി.എം.) സന്യാസ സമൂഹാംഗമായ പിതാവ് എറണാകുളം തോട്ടുവാ സ്വദേശിയാണ്. എത്യോപ്യന്‍ മിഷന്‍ അനുഭവങ്ങളും എത്യോപ്യന്‍ ക്രിസ്തുമസ് വിശേഷങ്ങളുമായി അഭിവന്ദ്യ പിതാവ് ലൈഫ്‌ഡേ എഡിറ്റര്‍ ഫാ. ജി. കടൂപ്പാറയുമായി ചേരുന്നു.

എത്യോപ്യക്കാരെ പരിശീലിപ്പിക്കാന്‍ ആദ്യയാത്ര

സി.എം. സന്യാസ സമൂഹത്തിലേയ്ക്ക് കടന്നുവന്ന എത്യോപ്യന്‍ മൈനര്‍ സെമിനാരിക്കാരെ പരിശീലിപ്പിക്കാനായിരുന്നു ആദ്യമായി എത്യോപ്യയില്‍ എത്തിച്ചേരുന്നത്, 1990-91 കാലഘട്ടത്തില്‍. പ്രാദേശിക ദൈവവിളികള്‍ എത്യോപ്യയില്‍ നിന്നും കൂടുതലുണ്ടായ സാഹചര്യത്തില്‍ അവരുടെ പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതായിരുന്നു, അന്ന് ഒരു പുരോഹിതനായിരുന്ന അദ്ദേഹത്തില്‍ നിക്ഷിപ്തമായ ദൗത്യം. ഇംഗ്ലീഷ് ക്ലാസ്സുകളെടുക്കുക, ധാര്‍മ്മികപാഠങ്ങള്‍ പഠിപ്പിക്കുക തുടങ്ങിയവയായിരുന്നു ആദ്യം ചെയ്തിരുന്നത്. 

സെമിനാരി പരിശീലനത്തിലെ വെല്ലുവിളികള്‍

വേറൊരു ഭൂഖണ്ഡത്തില്‍ വ്യത്യസ്തമായ സംസ്‌കാരമുള്ളവരുടെ ഇടയില്‍ സന്യാസ-പൗരോഹിത്യ പരിശീലനം നല്‍കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല ഗോത്രങ്ങളില്‍പെട്ട കുട്ടികളായിരുന്നു സെമിനാരിയില്‍ ഉണ്ടായിരുന്നത്. ഗോത്രങ്ങള്‍ തമ്മില്‍ രൂക്ഷമായ കിടമത്സരം നടക്കുന്ന കാലമായിരുന്നു അത്. വംശീയകലാപങ്ങള്‍ നിത്യേനയെന്നോണം അവിടെ നടന്നിരുന്നു അന്ന്. അത്തരം കുട്ടികളെയായിരുന്നു ഒരുമിച്ച് കൊണ്ടുപോകേണ്ടിയിരുന്നത്. റെഗുലര്‍ ക്ലാസ്സുകള്‍ക്ക് ഇവര്‍ പുറത്തു പോകുമായിരുന്നു. ബാക്കി സമയത്താണ് ഇവര്‍ക്കായി സമയം കണ്ടെത്തി ഇംഗ്ലീഷ് – ധാര്‍മ്മിക ക്ലാസ്സുകള്‍ എടുക്കേണ്ടിയിരുന്നത്. ഇവരുടെ ഭാഷ പഠിച്ച്, ആ ഭാഷയിലൂടെ ആയിരുന്നു ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത്. അവരുടെ ഭാഷ, സംസ്‌കാരം രീതികള്‍ എന്നിവ ഏറ്റവും ശ്രേഷ്ഠമാണ് എന്ന രീതിയില്‍ വേണം പഠിപ്പിക്കാന്‍. അതിനെതിരെയുള്ള ഒരു ചെറിയ വാക്ക് പോലും അവര്‍ സഹിഷ്ണുതയോടെ സ്വീകരിക്കില്ല. ഇന്ത്യയില്‍ ഒരു വര്‍ഷം എടുക്കുന്നത് എത്യോപ്യയില്‍ 5 വര്‍ഷങ്ങളെടുക്കും പഠിപ്പിക്കാന്‍, അതാണ് വ്യത്യാസം. പലപ്പോഴും ഓര്‍ത്തിട്ടുണ്ട്, ക്ഷമ പഠക്കാന്‍ വേണ്ടിക്കൂടിയാണ് എത്യോപ്യയില്‍ എത്തിയിരിക്കുന്നതെന്ന്. പക്ഷേ, സെമിനാരിക്കാര്‍ നല്ലവരും സ്‌നേഹമുള്ളവരുമായിരുന്നു. ഇത്തരം വെല്ലുവിളികളേക്കാള്‍ വലുതായിരുന്നു എത്യോപ്യയുടെ രാഷ്ട്രീയ-സാമൂഹ്യരംഗം ഉയര്‍ത്തിയ വെല്ലുവിളി. ആഭ്യന്തരയുദ്ധം നടക്കുന്ന കാലമായിരുന്നു അത്.

ആഭ്യന്തരയുദ്ധത്തിനു നടുവില്‍

സെമിനാരിക്കാരെ പരിശീലിപ്പിക്കാന്‍ ചെന്ന സമയം രൂക്ഷമായ ആഭ്യന്തരയുദ്ധമായിരുന്നു എത്യോപ്യയില്‍. ഗവണ്മെന്റിന്റെ പട്ടാളവും വിമത ഗറില്ലകളും തമ്മില്‍ സായുധയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നു അത്. അതിന്റെ രൂക്ഷതയെക്കുറിച്ച്, ഇന്ത്യയില്‍ നിന്നു ചെന്നതിനാല്‍ അധികമൊന്നും അറിയില്ലായിരുന്നു. ചെന്ന ഇടയ്ക്കു തന്നെ സെമിനാരി ഇരിക്കുന്ന ആംബോ (Ambo) പട്ടണം ഗറില്ലകള്‍ പിടിച്ചെടുത്തുപട്ടണത്തില്‍ ഗവണ്മെന്റ് സേനയും ഗറില്ലകളും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. പട്ടാളക്കാരും സാധാരണക്കാരും വഴിയിലും തെരുവിലും മരിച്ചുവീണുനഷ്ടപ്പെട്ടുപോയ പട്ടണംതിരിച്ചുപിടിക്കാന്‍ ഗവണ്മെന്റ് സേന നടത്തിയ പോരാട്ടത്തിന് അന്ന് പിതാവും സാക്ഷിയായി

സെമിനാരി കോമ്പൗണ്ടില്‍ തന്നെ ബോംബ് വീണു. 12 സെമിനാരിക്കാരെ കൊണ്ട് അച്ചന്‍ അടുത്തുള്ള കാട്ടില്‍ അഭയം തേടി. ഇനിയൊരു തിരിച്ചുപോക്ക് ഇന്ത്യയിലേയ്ക്ക് ഉണ്ടാവില്ല എന്നുറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. പക്ഷേ, ആ യുദ്ധത്തിലും ഗവണ്മെന്റ് സേന തോറ്റോടി. മുന്നോട്ട് ഓടുമ്പോഴും തോക്ക് പിന്നിലേയ്ക്ക് പിടിച്ച് തുടര്‍ച്ചയായി വെടിയുതിര്‍ത്തായിരുന്നു അവര്‍ പിന്മാറിയത്. അനവധി പേരാണ് – പട്ടാളക്കാരും ഗറില്ലകളും സാധാരണക്കാരും – അന്ന് മരിച്ചുവീണത്. വഴിയരികുകള്‍ മൃതശരീരങ്ങളെയും മുറിവേറ്റവരെയും കൊണ്ട് നിറഞ്ഞു.  മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ സെമിനാരിയിലും എത്തിച്ചിരുന്നു. 

ഗവണ്മെന്റ് സേന തോറ്റോടിയതിനു ശേഷം രണ്ടാഴ്ച, ഗറില്ലകളും അവിടെ നിന്ന് പിന്മാറി. അതോടെ തികഞ്ഞ അരാജകത്വമായി അവിടെ മുഴുവന്‍. കയ്യില്‍ കിട്ടിയ തോക്കുകളും മറ്റ് ആയുധങ്ങളുമായി ജനങ്ങള്‍ എല്ലാം കൊള്ളയടിക്കാന്‍ തുടങ്ങി. സെമിനാരിയിലും കൊള്ളയടിക്കാനായി അവര്‍ എത്തിയെങ്കിലും, ഇതൊരു പരിശീലനകേന്ദ്രമാണ്; ഉപദ്രവിക്കരുത് എന്ന അഭ്യര്‍ത്ഥന അവര്‍ കൈക്കൊണ്ടു. 

ഗറില്ലാ നിയന്ത്രിതപ്രദേശമായതിനാല്‍ തുടര്‍ദിവസങ്ങളില്‍ ഗവണ്മെന്റ് സേനയുടെ വ്യോമാക്രമണം ഉണ്ടാകുമെന്നതിനാല്‍ പകല്‍ സെമിനാരിക്കുള്ളില്‍ താമസിച്ചാല്‍ അപകടമാണെന്ന സന്ദേശം ഇതിനിടയില്‍ ഗറില്ലകള്‍ തന്നു. അതിനാല്‍ തുടര്‍ന്നുവന്ന ദിവസങ്ങളില്‍ സെമിനാരിക്കാരും അച്ചനും അടുത്തുള്ള കുറ്റിക്കാട്ടിലായിരുന്നു അഭയം തേടിയത്. പകല്‍സമയങ്ങളില്‍, ഗറില്ലകള്‍ പറഞ്ഞതുപോലെ ഗവണ്മെന്റ് സേന വ്യോമാക്രമണം നടത്തി ബോംബുകള്‍ വര്‍ഷിക്കുമായിരുന്നു. ആ ദിനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ പിതാവിന്റെ ഉള്ളില്‍ ഇപ്പോഴും നടുക്കമാണ്.

കലാപത്തിനിടയിലൂടെയുള്ള യാത്ര 

1991 മെയ്‌ മാസത്തില്‍ അമേരിക്കന്‍ പിന്തുണ ഉണ്ടായിരുന്ന ഗറില്ലകള്‍ തലസ്ഥാനമായ ആഡിസ് അബാബ (Addis Ababa) പിടിച്ചെടുത്ത് രാജ്യത്തിന്‍റെ ഭരണം ഏറ്റെടുത്തു. പഴയ പട്ടാളത്തെയും പോലീസിനെയും ഇല്ലായ്മ ചെയ്തു. തുടര്‍ന്നു വന്ന മൂന്നു വര്‍ഷങ്ങള്‍ അരാജകത്വവും കൊള്ളിവയ്പ്പും രാജ്യമെങ്ങും നടമാടി. ഈ മൂന്നു വര്‍ഷ കാലയളവിലെ എല്ലാ ആഴ്ചയും, പിതാവ് താന്‍ താമസിച്ചിരുന്ന മൈനര്‍ സെമിനാരി സ്ഥിതിചെയ്യുന്ന ചെയ്യുന്ന ആംബോയില്‍ നിന്നും, 120 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത്‌ തലസ്ഥാന നഗരിയായ  ആഡിസ് അബാബയിലേയ്ക്ക് പോയിരുന്നു; മേജര്‍ സെമിനാരിയില്‍ പഠിപ്പിക്കാന്‍! കലാപം ഒടുങ്ങി, ഭരണം സുസ്ഥിരമായി, എല്ലാം ഒന്നു ശാന്തമാകാന്‍ മൂന്നു വര്‍ഷങ്ങള്‍ എടുത്തു. കലാപ ബാധിത പ്രദേശത്തു കൂടി മൂന്നു വര്‍ഷം യാത്ര ചെയ്തത് എങ്ങനെയെന്ന്‌ ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍, ദൈവം പരിപാലിച്ചു എന്നു മാത്രമേ പിതാവിന് ഉത്തരമുള്ളൂ!  

എത്യോപ്യന്‍ മേജര്‍ സെമിനാരിയിലേയ്ക്ക്

മൈനര്‍ സെമിനാരിയിലെ അദ്ധ്യാപനം അവര്‍ക്ക് ഇഷ്ടപ്പെട്ടതിനാല്‍ ആ സമയത്തു തന്നെ മേജര്‍ സെമിനാരിയില്‍ ചില വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അവര്‍ അച്ചനെ വിളിച്ചു. തുടര്‍ന്ന് സി.എം. മേജര്‍ സെമിനാരിയില്‍ – സ്റ്റഡി ഹൗസില്‍ – റെക്ടറായി. സെമിനാരിയില്‍ ഉദാഹരണങ്ങളിലൂടെ കര്യങ്ങള്‍ പഠിപ്പിച്ചത് അവര്‍ക്ക് ഇഷ്ടപ്പെട്ടു. അതിനാല്‍ റോമില്‍ പോയി ഉപരിപഠനം നടത്താന്‍ അവര്‍ തന്നെ അച്ചനെ പ്രോത്സാഹിപ്പിച്ചു. അതിനെ തുടര്‍ന്ന് 1995-ല്‍ റോമിെലത്തി. റോമില്‍ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോറല്‍ തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് നേടി. അതിനുശേഷം 1997-ല്‍ വീണ്ടും എത്യോപ്യയില്‍ എത്തി. വിന്‍സെന്‍ഷ്യന്‍ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ തുടര്‍ന്നു. വിവിധ വിഷയങ്ങള്‍ മേജര്‍ സെമിനാരിക്കാരെ പഠിപ്പിക്കുകയും ചെയ്തു. അന്ന് പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് എത്യോപ്യയിലെ വിവിധ രൂപതകളില്‍ ശുശ്രൂഷ ചെയ്യുന്നവരാണ് എന്നത് പിതാവ് ഇപ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

ഇന്ത്യയിലേയ്ക്ക് തിരികെ 

രണ്ടു ഘട്ടങ്ങളിലായി നിരവധി വര്‍ഷങ്ങള്‍ എത്യോപ്യയില്‍ ചെലവഴിച്ചതിനുശേഷം 2002-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. സമൂഹത്തിന്റെ നിരവധി മേഖലകളില്‍ ശുശ്രൂഷ തുടര്‍ന്നു. ഇ സമയത്ത് സി.എം. സന്യാസ സമൂഹത്തിന്റെ പ്രൊക്കുറേറ്റര്‍ ജനറാളായി നിയമിതനായി. അത് റോമിലായിരുന്നു. പിന്നീട് ഇന്ത്യന്‍ പ്രൊവിന്‍സില്‍ പ്രൊവിന്‍ഷ്യാളായി ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് സഭയുടെ അസിസ്റ്റന്റ് സൂപ്പീരിയര്‍ ജനറാളായി. ഏഷ്യാ-ഓഷ്യാനയ്ക്കു വേണ്ടിയുള്ള കൗണ്‍സിലര്‍ കൂടിയായിരുന്നു ആ സമയത്ത് പിതാവ്. ആറു വര്‍ഷമായിരുന്നു അസിസ്റ്റന്റ് ജനറാളായി ശുശ്രൂഷ ചെയ്യാനുള്ള കാലയളവ്. പക്ഷേ, മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത ദൗത്യത്തിനായി തിരുസഭ അദ്ദേഹത്തെ അയയ്ക്കാന്‍ തീരുമാനിച്ചു; എത്യോപ്യയിലെ നെകെംതെ രൂപതയുടെ മെത്രാനായി! 2013-ലായിരുന്നു അത്. 

എത്യോപ്യയിലേയ്ക്ക് മെത്രാനായി തിരികെ 

എത്യോപ്യന്‍ മിഷന്‍ പ്രവര്‍ത്തനത്തിനും സെമിനാരി അദ്ധ്യാപനത്തിനും ശേഷം തിരികെ വന്നിട്ട് അപ്പോള്‍ 11 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എത്യോപ്യയിലെ മെത്രാനാകാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ പിതാവിന്റെ ആദ്യ ചോദ്യം ‘എന്തിന് എന്നെ അവിടെ മെത്രാനാക്കുന്നു’ എന്നതായിരുന്നു പിതാവിന്റെ പക്ഷം. അതിന് അധികാരികള്‍ തന്ന മറുപടിയില്‍ രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. 

ഒന്ന്, യോഗ്യതയുള്ള തദ്ദേശീയനായ ഒരാളെ കണ്ടെത്താന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.

രണ്ട്, അവരെ ആത്മീയമായും സാമൂഹികമായും ഒന്നിപ്പിക്കാന്‍ അവരുടെ സംസ്‌കാരം നന്നായി അറിയാവുന്ന, അവര്‍ക്ക് സമ്മതനായ ഒരാളെ വേണം. അത് വര്‍ഗീസ് തോട്ടാങ്കരയാണ്!

അതുവരെ ഡച്ച് മെത്രാന്മാരായിരുന്നു അവിടെയുണ്ടായിരുന്നത്. തദ്ദേശവാസികളെ മെത്രാന്മാരാക്കുന്നതിനുള്ള മുന്നോടിയായി ഒരു ഇന്ത്യാക്കാരനെ, അവര്‍ക്ക് ഇഷ്ടമുള്ള ഒരാളെ, അവരിലൊരാളായി ജീവിച്ച ഒരാളെ മെത്രാനാക്കുന്നതാണ്. ഈ ഒരു നിയമത്തിലൂടെ ഒരു മാറ്റത്തിന്റെ തുടക്കമാണ് അവര്‍ ഉദ്ദേശിക്കുന്നത്. 

മെത്രാനായ ശേഷം വന്ന മാറ്റങ്ങള്‍

വലിയ കാര്യങ്ങള്‍ ചെയ്യാനല്ല, എല്ലാറ്റിനെയും ഒന്നിപ്പിക്കാനാണ് പിതാവിന്റെ ശ്രമം. പിതാവിനെ ഏല്‍പിച്ചിരിക്കുന്ന ദൗത്യവും അതുതന്നെ. വംശീയമായും രാഷ്ട്രീയമായും ഭാഷാപരമായും ഭിന്നിച്ചിരിക്കുന്നവരെ ഒന്നിച്ച് കൊണ്ടുപോവുക. ആത്മീയമായും സാമൂഹികമായും ഭൗതികമായും ഇവരെ പ്രചോദിപ്പിച്ച് ഐക്യത്തില്‍ മുന്നേറാന്‍ സഹായിക്കുക. അതാണ് പിതാവ് ഇപ്പോള്‍ നെകെംതെ രൂപതയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

നെകെംതെ രൂപതയില്‍ ഇപ്പോള്‍ 30 വൈദികരാണുള്ളത്. എല്ലാവരും എത്യോപ്യക്കാര്‍! പത്തോളം സന്യാസ സമൂഹാംഗങ്ങളുമുണ്ട്. 92 പള്ളികളാണുള്ളത്. ഒരു വൈദികന്‍ തന്നെ മൂന്നും നാലും പള്ളികളുടെ ഉത്തരവാദിത്വം നോക്കേണ്ടതായിട്ടുണ്ട്. ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ രൂപത. സുഡാന്‍ അതിര്‍ത്തി വരെ ഇത് വ്യാപിച്ചുകിടക്കുന്നു. പ്രധാനമായും മൂന്നു ഗോത്രങ്ങളില്‍ നിന്നുള്ള ആളുകളാണ് ഈ രൂപതയിലുള്ളത്. ഏറ്റവും പ്രബലമായ വിഭാഗം ഒറോമോ (Oromo) ഗോത്രമാണ്. പിന്നോക്കവിഭാഗങ്ങളായ ഗുമൂസ് (Gumuz), ബേര്‍ത്ത (Berta) എന്നീ ഗോത്രവര്‍ഗ്ഗക്കാരും ഇവിടെയുണ്ട്. സാമ്പത്തികമായി വളരെയധികം പിന്‍നിരയിലുള്ളവരാണ് ഇവിടുള്ള ആളുകള്‍. 

ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അജപാലനദൗത്യത്തിനും പലപ്പോഴും തടസ്സം സൃഷ്ടിക്കാറുണ്ട്. ആഭ്യന്തരകലാപത്തിനിടയില്‍ ഗുമൂസ്‌കാരുടെ ഇടവകയില്‍ സേവനം ചെയ്തിരുന്ന ഒറോമോ അച്ചനെ തിരിച്ചുവിളിച്ച കാര്യം പിതാവ് ഓര്‍മ്മിച്ചു. ആ പള്ളി പിന്നീട് അടച്ചിടേണ്ടതായി വന്നു. അച്ചന്മാരെല്ലാവരും പിതാവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരും കൂടി ഒരുമിച്ച് രൂപത മുമ്പോട്ട് കൊണ്ടുപോകുന്നു എന്നാണ് പിതാവ് ഇതിനെക്കുറിച്ച് പറയുന്നത്. 

ജനങ്ങളുടെ ആവശ്യങ്ങള്‍

മെത്രാന്‍ ആയതിനുശേഷം ഗ്രാമങ്ങളെല്ലാം സന്ദര്‍ശിച്ചു. ഒറ്റയ്ക്ക് വണ്ടിയോടിച്ച് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷേ, കലാപം നടക്കുന്നതിനാല്‍ അച്ചന്മാര്‍, പിതാവിനെ ഒറ്റയ്ക്ക് പോകാന്‍ പലപ്പോഴും സമ്മതിക്കില്ല. അവരും കൂടെ വരും. ആത്മാര്‍ത്ഥത തുളുമ്പിനില്‍ക്കുന്ന ആഗ്രഹങ്ങളാണ് എത്യോപ്യന്‍ ഗ്രാമവാസികള്‍ പിതാവിനോട് ഉണര്‍ത്തിക്കുന്നത്.

ഒരിക്കല്‍ അവര്‍ പറഞ്ഞു: ‘പിതാവേ, ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍, അവര്‍ക്ക് നന്മ പറഞ്ഞുകൊടുക്കാന്‍ സിസ്റ്റേഴ്‌സിനെ കൊണ്ടുവരാമോ?’ അവരുടെ അഭ്യര്‍ത്ഥന മാനിച്ച് പിതാവ് സിസ്റ്റേഴ്‌സിന്റെ ശുശ്രൂഷ അവര്‍ക്കു നല്‍കി. കേരളത്തില്‍ നിന്നുള്ള സന്യാസികളും ഇപ്പോള്‍ ഈ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നു. ബഥനി സിസ്റ്റേഴ്‌സ്, എസ്.ഡി. സിസ്റ്റേഴ്‌സ്, മരിയ ബംബീന സിസ്റ്റേഴ്‌സ്, മദര്‍ തെരേസ സിസ്റ്റേഴ്‌സ് തുടങ്ങിയ സന്യാസിനിമാര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ബഥനി അച്ചന്മാരും കേരളത്തില്‍ നിന്നുളളവരും ഇപ്പോള്‍ ഈ രൂപതയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നു.

വേറൊരിക്കല്‍ ആളുകള്‍ പിതാവിനോടു പറഞ്ഞു: ‘ഞങ്ങളുടെ പള്ളികള്‍ പുല്ലുമേഞ്ഞതാണ്. ഉറപ്പുള്ള ഒരു പള്ളി ഞങ്ങള്‍ക്ക് പണിതു നല്‍കാമോ?’ ഇത്തരം ആവശ്യങ്ങളാണ് പാവപ്പെട്ടവരായ ഈ ജനങ്ങള്‍ക്കുള്ളത്. ഒരു സ്ഥലത്തു നിന്നല്ല, നിരവധി സ്ഥലങ്ങളിൽ നിന്നും പിതാവ് ഇതേ ആവശ്യം കേട്ടു. ഈ പാവപ്പെട്ടവരുടെ ഹൃദയങ്ങളിൽ നിന്നുയരുന്ന ചോദ്യമാണിത്. അതിനാൽ തന്നെ പിതാവ് ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയത് ഏഴു ഗ്രാമങ്ങളിൽ പള്ളികൾ നിർമ്മിച്ചു നൽകിയാണ്. ലളിതവും മനോഹരവുമായ ഏഴു പള്ളികൾ! ഉദാരമതികളുടെ സഹായം ഇക്കാര്യത്തിൽ പിതാവിനുണ്ടായിരുന്നു.

ടിന്‍ഷീറ്റ് കൊണ്ടു മേഞ്ഞ ബിഷപ്പ് ഹൗസ്

വളരെ ലളിതമായ ജീവിതമാണ് ബിഷപ്പ് വര്‍ഗീസ് തോട്ടാങ്കരയുടേത്. ടിന്‍ഷീറ്റ് മേഞ്ഞ നാലു മുറികളുള്ള ഒരു ചെറിയ കെട്ടിടമാണ് ബിഷപ്പ്‌സ് ഹൗസ്! പിതാവ് താമസിക്കുന്നത് അതിനും പുറത്തുള്ള ഒരു ഒറ്റമുറി ഔട്ട്ഹൗസില്‍. മിക്കവാറും ഡ്രൈവറും പാചകക്കാരനും സെക്രട്ടറിയും തോട്ടക്കാരനുമെല്ലാം പിതാവു തന്നെ! രാവിലെ നാലു മണിക്ക് എഴുന്നേറ്റ് ഓഫീസ് ജോലികളെല്ലാം പിതാവ് തന്നെ തീര്‍ക്കും. ആറു മണിക്ക് പ്രഭാതപ്രാര്‍ത്ഥന, കുര്‍ബാന – പിന്നീട് തീക്ഷ്ണതയേറിയ മിഷന്‍ പ്രവര്‍ത്തനം. ബിഷപ്പ്‌സ് ഹൗസിലുള്ള മറ്റ് നാലുപേരും എത്യോപ്യന്‍ വൈദികര്‍ തന്നെയാണ്. ഭാഷയും ഭക്ഷണവും ശൈലിയുമെല്ലാം അവരുടേതു തന്നെ പിതാവും പിഞ്ചെല്ലുന്നു. ഒരു മലയാളിസംസ്‌കാരം അവിടെ സ്ഥാപിക്കാന്‍ പിതാവിന് താല്‍പര്യമില്ല. അവര്‍ക്കിടയില്‍ അവരെപ്പോലെ ഒരാളായി പിതാവ് ജീവിക്കുകയാണ്. 

ക്രിസ്തുമസ് വിശേഷങ്ങള്‍

എത്യോപ്യയില്‍ കൂടുതല്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ്. അതിനാല്‍ തന്നെ ക്രിസ്തുമസ് ആഘോഷം ജനുവരി ഏഴിനാണ്. ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25-നാണെന്ന് അവര്‍ വിശ്വസിക്കുന്നുവെങ്കിലും മൂന്നു രാജാക്കന്മാര്‍ക്ക് വെളിപ്പെട്ടത് ജനുവരി 7-നാണ്. അതിനാല്‍ ആ ദിനമാണ് അവര്‍ ക്രിസ്തുമസായി – ക്രിസ്തുവിന്റെ ലോകത്തിലേയ്ക്കുള്ള വെളിപ്പെടുത്തലായി ആഘോഷിക്കുന്നത്. ഈജിപ്ത്, റഷ്യ, ഉക്രൈന്‍, എത്യോപ്യ എന്നീ ഓര്‍ത്തഡോക്‌സ് ഭൂരിപക്ഷമുള്ള ഇടങ്ങളിലെല്ലാം ക്രിസ്തുമസ് ജനുവരി 7-നാണ് ആഘോഷിക്കുന്നത്. ജനുവരി 7-നെ അവര്‍ ‘എത്യോപ്യന്‍ ക്രിസ്തുമസ്’ എന്നാണ് വിളിക്കുന്നത്. ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ ആണ് അവര്‍ ഉപയോഗിക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ഇപ്പോള്‍ 2013 ആണ്!

വലിയ ക്രിസ്ത്യന്‍ പാരമ്പര്യമുള്ള ജനതയാണ് എത്യോപ്യക്കാര്‍. പക്ഷേ, അതിലും വലുതായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് യഹൂദ പാരമ്പര്യമാണ്. സോളമന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങള്‍ എന്നാണ് ഇവരുടെ വിശ്വാസം. ഷേബായിലെ രാജ്ഞി എത്യോപ്യയില്‍ നിന്നായിരുന്നു. ഷേബായിലെ രാജ്ഞിക്ക് സോളമനിലുണ്ടായ മകന്റെ പിന്മുറക്കാരാണ് തങ്ങള്‍ എന്ന് ഇവര്‍ അവകാശപ്പെടുന്നു എന്നു മാത്രമല്ല, ഇവരുടെ സമയക്രമം യഹൂദ സമയക്രമമാണ്. എന്നുവച്ചാല്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പകല്‍ 12 മണിക്കൂറുകളും വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 6 വരെ രാത്രി 12 മണിക്കൂറുകളും. ഇതിനിടയിലുള്ളതെല്ലാം ഓരോ മണിക്കൂറുകളായി അവര്‍ കണക്കാക്കുന്നു. 

വാര്‍ത്തയാകാത്ത മിഷനറിമാരുടെ ത്യാഗോജ്ജ്വല ജീവിതങ്ങള്‍

ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ അനേകരെ നന്മയിലേയ്ക്കും പ്രതീക്ഷയിലേയ്ക്കും നയിച്ച് കടന്നുപോകുന്ന അനേകായിരം മിഷനറിമാരുണ്ട്. പക്ഷേ, അവരുടെ ആരുടെയും ജീവിതം വാര്‍ത്തയാകുന്നില്ല. ആര്‍ക്കെങ്കിലും ചെറിയൊരു പാളിച്ച പറ്റിയാല്‍ അത് വാര്‍ത്തയാകുകയും ചെയ്യും. അത്തരമൊരു സമ്പ്രദായത്തിന് മാറ്റം വരേണ്ടതായിട്ടുണ്ട്. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവന്‍ പണയം വച്ച് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍, പാവങ്ങളെ സമുദ്ധരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്കാ മിഷനറിമാരുണ്ട്.  കേരളത്തില്‍ നിന്നു തന്നെ അനേകരുണ്ട്. പ്രാര്‍ത്ഥനയിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും അവരെ സഹായിക്കുക എന്നുള്ളത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. 

പിതാവിനെ നിയമിച്ച സമയത്ത് പറഞ്ഞ കാര്യം പിതാവ് ഓര്‍മ്മിച്ചു: ‘ഇനി മുതല്‍ കത്തോലിക്കാ സഭയുടെ പ്രതീക്ഷ ഭാരതത്തിലാണ്. മിഷന്‍ പ്രവര്‍ത്തനത്തെ ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും സഹായിക്കാന്‍ ഭാരതസഭയ്ക്കു പറ്റും. ഭാരതസഭയുടെ പ്രതിനിധിയായിട്ടാണ് പിതാവിനെ ഞങ്ങള്‍ എത്യോപ്യയിലേയ്ക്ക് അയയ്ക്കുന്നത്.’

‘എത്യോപ്യന്‍ മിഷനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നാണ് എന്റെ ആഗ്രഹം. ക്രിസ്തുമസിന്റെ എല്ലാ നന്മയും സമാധാനവും ദൈവാനുഗ്രഹങ്ങളും എല്ലാവര്‍ക്കും ആശംസിക്കുന്നു.’ പിതാവ് പറഞ്ഞ് അവസാനിപ്പിച്ചു. 

എറണാകുളം –  അങ്കമാലി അതിരൂപതയിലെ തോട്ടുവാ ഇടവകാംഗമായ ബിഷപ്പ് വര്‍ഗീസ് തോട്ടാങ്കര, സൗരു – മറിയം ദമ്പതികളുടെ മകനാണ്. 1976-ല്‍ സി.എം. സന്യാസ സമൂഹത്തിന്റെ സെമിനാരിയില്‍ ചേര്‍ന്നു. 1987-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. പൗരോഹിത്യത്തിന്റെ ആദ്യവര്‍ഷങ്ങള്‍ ഒഡീഷയിലെ മിഷന്‍ രംഗങ്ങളിലായിരുന്നു. എത്യോപ്യയില്‍ എത്തുന്നത് 1990-ലാണ്.

അന്നത്തെ മതപശ്ചാത്തലം എത്യോപ്യയുടെ രാഷ്ട്രീയ-മതസാഹചര്യങ്ങള്‍ ഇന്ന് ഏറെ മാറിയിട്ടുണ്ട് എന്ന് പിതാവ് ചൂണ്ടിക്കാട്ടി. അതില്‍ പ്രധാനപ്പെട്ട ഒന്ന്, മുസ്ലീം സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വര്‍ദ്ധനവാണ്. 1994-ല്‍ 17.4 മില്യണായിരുന്ന മുസ്ലീം ജനസംഖ്യ 2007-ല്‍ 25 മില്യണ്‍ ആയി ഉയര്‍ന്നു. ഇപ്പോള്‍ എത്യോപ്യന്‍ ജനസംഖ്യയുടെ 40 ശതമാനം മുസ്ലീങ്ങളാണ്. ഏറ്റവും കൂടുതല്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ്. കത്തോലിക്കര്‍ ന്യൂനപക്ഷമാണ് എത്യോപ്യയില്‍. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡനമേല്‍ക്കുന്നത് ഇപ്പോള്‍ സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഓര്‍ത്തഡോക്‌സുകാരുടെയും കത്തോലിക്കരുടെയും പള്ളികള്‍ കത്തിക്കുന്നത് മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് പതിവായി മാറുന്നതില്‍ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. എങ്കിലും എല്ലാറ്റിന്റെയും അധിപനായ ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്ന പ്രതീക്ഷയില്‍ പിതാവ് സംഭാഷണം അവസാനിപ്പിച്ചു. 

ഒന്നു-രണ്ടു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ സംഭാഷണമായിരുന്നു ലൈഫ്‌ഡേയ്ക്കു വേണ്ടി എഡിറ്റര്‍ ഫാ. ജി. കടൂപ്പാറയില്‍, അഭിവന്ദ്യ മാര്‍ വര്‍ഗീസ് തോട്ടാങ്കര പിതാവുമായി നടത്തിയത്. ആഭ്യന്തര യുദ്ധത്തിന്റെയും പട്ടിണിയുടെയും മദ്ധ്യത്തില്‍ ജീവിക്കുന്ന ജനതയുടെ പ്രതീക്ഷയും കരുത്തുമായിരുന്നു പിതാവിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നത്. പിതാവിന് ലൈഫ്‌ഡേയുടെയും മലയാളികളുടെയും അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.