ചരിത്രപ്രധാനമായ ദൈവാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് എത്യോപ്യൻ വിമതർ

എത്യോപ്യയിൽ നിന്നുള്ള ടൈഗ്രേ വിമതരുടെ ആക്രമണത്തെ തുടർന്ന് ലാലിബെല പട്ടണത്തിൽ നിന്ന് പ്രദേശവാസികൾ പലായനം ചെയ്യുകയാണ്. ഇവിടെയുള്ള പാറയിൽ കൊത്തിയെടുത്ത പ്രശസ്തമായ മധ്യകാലഘട്ടത്തിലെ ദൈവാലയങ്ങളുടെ ഭാഗങ്ങൾ ഇവർ പിടിച്ചെടുത്തിരിക്കുകയാണ്. ഡെപ്യൂട്ടി മേയർ ഉൾപ്പെടയുള്ളവർ ദൈവാലയത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

എത്യോപ്യൻ സൈന്യവും ടൈഗ്രേ വിമതസേനയും തമ്മിലുള്ള യുദ്ധത്തിൽ വിമതരുടെ മുന്നേറ്റത്തിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നവംബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ദശലക്ഷക്കണക്കിന് ആളുകൾ ഈ മേഖലയിൽ നിന്ന് പലായനം ചെയ്തു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. യുദ്ധത്തിന്റെ ഫലമായി ലോകത്തിൽ വലിയ ഭക്ഷണ ക്ഷാമം നേരിടുന്നവരും ഇവിടുള്ളവരാണ്.

ഒരൊറ്റ പാറക്കല്ലിൽ കൊത്തിയെടുത്ത 11 പള്ളികൾ ടൈഗ്രേ മേഖലയോട് ചേർന്ന് അംഹാര മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. 1978 -ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട ലാലിബെലയിലെ ഈ 11 പള്ളികൾ പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്. മുസ്ലീം അധിവേശത്തിൻറെ ഫലമായി ക്രിസ്ത്യാനികൾക്ക് വിശുദ്ധനാട്ടിലേക്ക് തീർത്ഥാടനം നടത്തുവാൻ കഴിയാത്ത സമയത്താണ് എത്യോപ്യൻ രാജാവ് ഗെബ്രെ മെസ്കൽ, ലാലിബെല ഒരു പുതിയ ജറുസലേമിന്റെ ഭാഗമായി പള്ളികൾ നിർമ്മിക്കാൻ ആരംഭിച്ചത്.

അതിനാൽ തന്നെ ഈ ദൈവാലയങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. “ഇത് ലോക പൈതൃകത്തിന്റെ ഭാഗമാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്.” -മേയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.