പ്രാര്‍ത്ഥനയാണ് വേണ്ടത്

സീറൊ-മലബാർ സഭയ്ക്ക് ഇപ്പോൾ ഉള്ള പ്രതിസന്ധിയെക്കുറിച്ചു എന്തു പറയണം എന്നറിയില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒക്കെ എല്ലാവരും കേട്ടുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുവാനും ഇല്ല. എല്ലാം കലങ്ങിത്തെളിഞ്ഞു കഴിയുമ്പോൾ ഇതും സഭക്കു നല്ലതിനായി തീരും എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല.

എങ്കിലും സഭയിലെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയായിലും മീഡിയായിലുമൊക്കെ എടുത്തിട്ട് ചർച്ച ചെയ്ത് പരസ്പരം മുറിവേൽപ്പിക്കുന്നവരോട് (വൈദീകരോടും അൽമായരോടും) ഒരു വാക്ക് – കുടുംബങ്ങളിലെ പ്രശ്നങ്ങൾ കുടുംബങ്ങളിൽ തീരണം, അതു ചന്തസ്ഥലത്ത് വാരിവലിച്ചിടരുത്.

ഇതിലും വലിയ പ്രശ്നങ്ങൾ തരണം ചെയ്തു തന്നെയാണു സഭ ഇന്നും നിലനിൽക്കുന്നത്. അവയൊക്കെയും കൈകാര്യം ചെയ്ത സഭക്ക് ഇതും കൈകാര്യം ചെയ്യുവാൻ സാധിക്കും. അതിനാവശ്യം ഉള്ളത് പരിശുദ്ധാത്മാവിന്റെ കൃപാവരവും മാർഗ്ഗ നിർദ്ദേശവും ആണു, അല്ലാതെ മാധ്യമങ്ങളിലെ വിചാരണയൊ ബലപ്രയോഗമൊ അല്ല.

സഭയെ തിരുത്താനും നേർവഴിക്കു നയിക്കുവാനും കഴിവുള്ള ദൈവമാണു നമുക്കുള്ളത്. അതിനു ദൈവം ഭരമേൽപ്പിച്ചിരിക്കുന്നവരെ നമുക്കു വിശ്വസിക്കാം. അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. വി. പൌലോസ് ശ്ലീഹാ പറയുന്നതുപോലെ, “നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നു വരുമോ? സഹോദരന്‍ സഹോദരനെതിരേ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെ ന്യായാസനത്തെ!” (1 കൊറീ 6:5-6).

നമ്മുടെ മാതാവായ സഭക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സഭയെ നയിക്കുന്ന പിതാക്കന്മാർക്കുവേണ്ടിയും വൈദീകർക്കുവേണ്ടിയും അൽമായർക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. “കര്‍ത്താവേ നിന്‍ ദിവ്യനിണത്താല്‍ നേടിയ സഭയെ കൈ വെടിയല്ലേ.”

ബിബിന്‍ മഠത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.