സമത്വം, ന്യൂനപക്ഷ ക്രൈസ്തവരുടെ അവകാശം – കര്‍ദ്ദിനാള്‍ കൂട്ട്സ്

പാക്കിസ്ഥാനിലെ ക്രൈസ്തവരെ രണ്ടാംതരം പൗരന്മാരായി കാണരുതെന്ന് അന്നാട്ടിലെ കറാച്ചി അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോസഫ് കൂട്ട്സ്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ഞായറാഴ്ച ആചരിക്കപ്പെട്ട ന്യൂനപക്ഷ ദിനത്തോടനുബന്ധിച്ച് മിഷനറി വാര്‍ത്താ ഏജന്‍സിയായ ഫീദെസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

പാക്കിസ്ഥാനിലെ ഇതര പൗരന്മരെപ്പോലെ തന്നെ തുല്യരായി, തങ്ങളെ വര്‍ഷത്തിലെ എല്ലാ ദിവസവും കണക്കാക്കണമെന്നും അങ്ങനെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഒരു ദിനത്തിന്‍റെ ആവശ്യം ഇല്ലാതാകുമെന്നും കര്‍ദ്ദിനാള്‍ കൂട്ട്സ് വിശദീകരിച്ചു. പാക്കിസ്ഥാനിലെ ഇസ്ലാമേതര വിശ്വാസികളും തുല്യ അവകാശങ്ങളും കടമയുമുള്ളവരാണെന്ന് അന്നാടിന്‍റെ സ്ഥാപകന്‍ മൊഹമ്മദ് അലി ജിന്ന 1947 ആഗസ്റ്റ് 11-ന് നടത്തിയ ചരിത്രപരമായ പ്രഭാഷണത്തില്‍ ഉറപ്പ് നല്കിയിട്ടുള്ളതും അദ്ദേഹം അനുസ്മരിച്ചു.

തങ്ങള്‍ കുടിയേറ്റക്കാരല്ല മറിച്ച്, പാക്കിസ്ഥാനില്‍ ജനിച്ചുവളര്‍ന്നവരാണെന്നും പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ തങ്ങളുടെ സാന്നിധ്യം അവിടെയുണ്ടെന്നും സ്വതന്ത്ര്യത്തിന്‍റെ ആദ്യദിനം തൊട്ടു തന്നെ അന്നാടിന്‍റെ വികസനത്തിന് സംഭാവനയേകിയിട്ടുള്ളവരും അത് തുടരുന്നവരുമാണ് തങ്ങളെന്നും കര്‍ദ്ദിനാള്‍ കൂട്ട്സ് പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുലര്‍ത്തുന്ന ശക്തമായ നിലപാടില്‍ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്യുന്നു.

മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധാനയിടങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് കര്‍ദ്ദിനാള്‍ കൂട്ട്സ് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.