എപ്പിസ്‌കൊപ്പല്‍ വൈദികന്‍ കത്തോലിക്കാ സഭയിലേയ്ക്ക്

അമേരിക്കയിലെ ടെന്നിസി സംസ്ഥാനത്തെ എപ്പിസ്‌കോപ്പല്‍ സഭയിലെ വൈദികന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ആണ് വൈദികനും കുടുംബവും കുടുംബസമേതം മാമ്മോദീസ സ്വീകരിച്ചത്. എപ്പിസ്‌കോപ്പല്‍ സഭയുടെ ടെന്നസി രൂപതയിലെ ആന്‍ഡ്രൂ പെറ്റിപ്രിന്‍ എന്ന വൈദികനാണ് കത്തോലിക്കാ സഭയിലേയ്ക്ക് ചേര്‍ന്നത്.

കഴിഞ്ഞ എട്ടു വര്‍ഷമായി എപ്പിസ്‌കോപ്പല്‍ സഭയില്‍ വൈദികനായി ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തിന് സഭയിലെ പല കാര്യങ്ങളോടും എതിര്‍പ്പ് ഉണ്ടായിരുന്നു. സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിച്ചു കൊണ്ടുള്ള എപ്പിസ്‌കോപ്പല്‍ സഭയുടെ നടപടികളോട് കടുത്ത എതിര്‍പ്പ് അദ്ദേഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹത്തിനു കൂടുതല്‍ തീക്ഷണത ഉണ്ടായിരുന്നു. ആ ഒരു തീക്ഷ്ണതയില്‍ നിന്ന് തന്റെ സഭയെ വീക്ഷിച്ചപ്പോള്‍ അദ്ദേഹത്തിനു എന്തൊക്കെയോ കുറവുകള്‍ അനുഭവപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്.

കത്തോലിക്കാ വിശ്വാസം കൂടുതല്‍ കെട്ടുറപ്പുള്ളതാണെന്ന് മനസിലാക്കിയ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് താന്‍ ചേരുകയാണെന്നും പ്രാര്‍ത്ഥിക്കണം എന്നും ഉള്ള വിവരം തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. നാഷ്വിലിലെ സെന്റ് പാട്രിക് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ജ്ഞാനസ്‌നാനത്തോടൊപ്പം സ്ഥൈര്യലേപനവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി. എപ്പിസ്‌കോപ്പല്‍ രൂപതയിലെ സ്ഥാനമാനങ്ങള്‍ രാജിവച്ചു എന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.