കേരള പകര്‍ച്ചവ്യാധികള്‍ നിയമം 2020 എന്ത്?

പകര്‍ച്ചവ്യാധി തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ഏകോപിപ്പിച്ച് 26.03.2020 തീയതി കേരളത്തില്‍ പ്രസിദ്ധപ്പെടുത്തിയ നിയമമാണ് കേരള പകര്‍ച്ചവ്യാധികള്‍ ഓര്‍ഡിനന്‍സ് 2020. (Kerala Epidemic Diseases Ordinance 2020) നിയമസഭാ സമ്മേളനം ഇല്ലാത്തതുകൊണ്ട് അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 213 (1) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ഈ നിയമം പ്രഖ്യാപിച്ചത്.

എന്താണ് പകര്‍ച്ചവ്യാധികള്‍

ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അസുഖങ്ങളും പകര്‍ച്ചവ്യാധി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും (വകുപ്പ് 2 എ).

എന്താണ് അധികാരം

ഏതെങ്കിലും പകര്‍ച്ചവ്യാധി വ്യാപനം നടക്കുന്നുവെന്ന അഭിപ്രായം സര്‍ക്കാരിന് ഉണ്ടായാല്‍ അതിന്റെ വ്യാപനം തടയുന്നതിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതും അത് നടപ്പില്‍വരുത്തുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കാവുന്നതുമാണ്.

എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം

  • പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് കൂട്ടംകൂടല്‍, ആഘോഷങ്ങള്‍, ആരാധന, മുതലായ കാര്യങ്ങള്‍ നിരോധിക്കാം.
  • റോഡ് മാര്‍ഗ്ഗം, വായുമാര്‍ഗ്ഗം, ജലമാര്‍ഗ്ഗം, മറ്റു മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാനത്തെത്തുന്ന ആളുകളെ പരിശോധിക്കാനും വീടുകളിലോ, ആശുപത്രികളിലോ നിരീക്ഷണത്തില്‍ ആകാനും ഒറ്റപ്പെട്ട് താമസിക്കാന്‍ നിര്‍ദ്ദേശിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികാരം ലഭിക്കും.
  • സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുക
  • പൊതുസ്വകാര്യ യാത്രാസംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക
  • സാമൂഹിക അകലം പാലിക്കാന്‍ ഉത്തരവുകള്‍
  • പൊതുസ്ഥലത്തും ആരാധനാലയങ്ങളിലും സഭ കൂടുന്നത് തടയുക, സര്‍ക്കാര്‍ ഓഫീസുകള്‍ സ്വകാര്യ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുക
  • വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ ഫാക്ടറികള്‍, വര്‍ക്ക് ഷോപ്പുകള്‍ ഗോഡൗണുകള്‍ മുതലായവയുടെ പ്രവര്‍ത്തനം നിരോധിക്കുക
  • അവശ്യസേവന വിഭാഗങ്ങളായ ബാങ്കുകള്‍ മാധ്യമങ്ങള്‍ ആരോഗ്യപരിപാലനം ഭക്ഷണവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം മുതലായവയുടെ പ്രവര്‍ത്തനസമയം നിയന്ത്രിക്കുക
  • പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് അനുയോജ്യമായ മറ്റു പൊതുവായ നിയന്ത്രണങ്ങള്‍ ഉചിതമായ രീതിയില്‍ നടപ്പിലാക്കുന്നതിനോം ഈ നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നു. (വകുപ്പ് 4)

എന്താണ് ശിക്ഷ

ഈ നിയമപ്രകാരം പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുക, അനുസരിക്കാതിരിക്കുക, ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുക മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവോ, പതിനായിരം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കുന്നതാണ് (വകുപ്പ് 5).

പ്രേരണാക്കുറ്റം

ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്യുന്നതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയും അത്തരം പ്രേരണയാല്‍ കുറ്റം ചെയ്യുകയും ചെയ്താല്‍ അവര്‍ക്കും രണ്ടുവര്‍ഷം തടവോ, പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ് (വകുപ്പ് 6).

പോലീസിന് അറസ്റ്റ് ചെയ്യാം, ജാമ്യം ലഭിക്കും

ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റങ്ങളും പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ളവ ആയിരിക്കും. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളും ആയിരിക്കും (വകുപ്പ് 7).

സദുദ്ദേശത്തില്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് സംരക്ഷണം

ഈ നിയമപ്രകാരം സദുദ്ദേശപരമായി, സദുദ്ദേശപരം എന്ന് ഉദ്ദേശിച്ചു ചെയ്ത പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടികള്‍ ഒന്നും നിലനില്‍ക്കുന്നതല്ല (വകുപ്പ് 9).

ഈ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ടി ചട്ടങ്ങള്‍ ഉണ്ടാക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുന്നതിന് സര്‍ക്കാരിന് അധികാരമുണ്ട്. 1072-ലെ കൊച്ചിന്‍ പകര്‍ച്ചവ്യാധി നിയമം, 1073-ലെ തിരുവിതാംകൂര്‍ പകര്‍ച്ചവ്യാധി നിയമം എന്നിവ ഈ പുതിയ നിയമത്തോടു കൂടി റദ്ദാക്കി.

അഡ്വ. ഷെറി ജെ. തോമസ്