ഹരിത കൂടാരത്തിലെ മരണ വിലാപങ്ങൾ 

ഡോ. സി. തെരേസ് SABS

തിരുവനന്തപുരം പാളയം പള്ളിയുടെ സമീപത്തുകൂടി നടന്നു പോയപ്പോൾ അകലെ നിന്നും ആ ഗാനം കേൾക്കാൻ ഇടയായി.

“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും.”

അത്യാഗ്രഹിയായ മനുഷ്യൻ്റെ തെറ്റായ ഇടപെടലുകളാണ് ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രപഞ്ചവിഭവങ്ങളെ സ്വാർത്ഥതയുടെ ഔഷധങ്ങൾ ആക്കുമ്പോൾ പുഴ മരിക്കുന്നു. മണ്ണു മരിക്കുന്നു. കാടു മരിക്കുന്നു. ജീവജാലങ്ങൾ ചത്തൊടുങ്ങുന്നു. അവസാനം എല്ലാം മലിനമാക്കപ്പെട്ട് ശുദ്ധജലത്തിനു പൈപ്പിൻ ചുവട്ടിൽ ക്യൂ നിൽക്കുന്നതുപോലെ, പ്രാണവായുവിനു വേണ്ടി ക്യൂ നിൽക്കേണ്ടി വരുന്ന കാലം വിദൂരമല്ലെന്നോർക്കുക. ഫാക്ടറികളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന പുക, വർണ മഴയായ് പെയ്തിറങ്ങുമ്പോൾ, വിസ്മയ പൂർവ്വം നോക്കി നിൽക്കാനും  മാധ്യമങ്ങളിൽ അത് ഒരു വാർത്തയായി ഇടം പിടിച്ച് സൗകര്യപൂർവ്വം മറക്കാനും പഠിച്ച മനുഷ്യൻ പ്രകൃതി യുടെ ചർമ്മ രോഗം പകർച്ച വ്യാധിയായി പടരാൻ മൗനസമ്മതം നൽകുകയാണ്.

മണ്ണിൻ്റെ ജൈവ സമൃദ്ധി നശിപ്പിക്കുന്ന കീടനാശിനികളും വളപ്രയോഗങ്ങളും ഇന്ന് കൂടി വരുന്നു. മാലിന്യങ്ങൾ ‘പുഴയിലേയ്ക്കെറിഞ്ഞ് സ്വന്തം അടുക്കള ശുചിയാക്കുമ്പോൾ, പുഴയും പുഴയിലെ ജീവജാലങ്ങളും മനുഷ്യൻ സമ്മാനിക്കുന്ന കാളകൂടം ഭക്ഷിക്കാൻ വിധിക്കപ്പെടുന്നു. എല്ലാം എത്തിപ്പിടിക്കാൻ കഴിയുന്നിടത്താണ് ചന്ദ്രനും നക്ഷത്ര ജാലങ്ങളും ക്രമീകരിക്കപ്പെട്ടിരുന്നത് എങ്കിൽ അവയും ഇന്ന് ആകാശത്ത് നിന്ന് അപ്രത്യക്ഷമായെനെ. അത്രയധികമാണ് മനുഷ്യൻ്റെ സ്വാർത്ഥതയും ആർത്തിയും. ഹാവിലോക്ക് എല്ലീസ് പറയുന്നു ” ഒരു അവികസിത രാഷ്ട്രത്തിന് ശുദ്ധജല ക്ഷാമം വികസിത രാഷ്ട്രത്തിന് ശുദ്ധവായു ക്ഷാമം”

പൊക്കുട മനസ്സിലെ കണ്ടൽ വിചാരങ്ങളിലേക്ക് എന്നാണിനി നാം മിഴി തുറക്കുന്നത്. തണ്ണീർത്തടങ്ങളെ കണ്ണീർ പാടങ്ങളാക്കുന്ന മനുഷ്യൻ്റെ ക്രൂരവിനോദം എന്നാണ് അവസാനിക്കുന്നത്. ഒരു കാക്കക്കാലിൻ്റെ നിഴലു പോലുമില്ലാത്ത വരണ്ട നഗരമെന്ന് കവി, കടമ്മനിട്ടയും കൊച്ചിയിലെ കോൺക്രീറ്റ് വൃക്ഷങ്ങൾക്കു ചുവട്ടിൽ ലോകം മുഴുവനും തണൽ പറ്റി ഉറങ്ങുന്ന കാലം തൻ്റെ ഉറക്കം കെടുത്തുന്നു എന്ന് കവി കെ.ജി ശങ്കരപ്പിള്ളയും വിലപിക്കുന്നു. പ്രപഞ്ചത്തിൻ്റെ ആവാസ വ്യവസ്ഥയുടെ കാവൽക്കാരാണ് മരങ്ങൾ ഇവ വെട്ടിനശിപ്പിച്ച് മണ്ണിൻ്റെ നനവ് ഊറ്റിയെടുത്ത് കോൺക്രീറ്റു സൗധങ്ങൾ കെട്ടി ഉയർത്തുമ്പോൾ, ഒരേക്കർ പുരയിടത്തിൽ മൂന്നും നാലും കുഴൽക്കിണറുകൾ കുഴിക്കുമ്പോൾ, അഗ്നിപർവ്വതങ്ങളേ, ഉരുൾപൊട്ടലുകളേ നിങ്ങൾക്ക് ഞങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് സ്വാഗതം. എന്നല്ലേ പറഞ്ഞു വയക്കുന്നത്. ദിവംഗതനായ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘ഏതു രാജ്യം സന്ദർശിച്ചാലും അവിടെ കാലു കുത്തുന്ന ആദ്യ നിമിഷം തന്നെ മുട്ടുകുത്തി നിലം ചുബിക്കുമായിരുന്നു. ആ മണ്ണിനോടും അവിടുത്തെ സംസ്കാരത്തോടുമുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇത്തരം ഒരു ആത്മീയ ഭാവത്തിലേക്ക് വളരാതെ, ഇവിടെ വാസം സാധ്യമല്ല എന്നതാണ് തുടക്കത്തിൽ കുറിച്ച ഗാനത്തിൻ്റെ പൊരുൾ.

സ്നേഹത്തിൻ്റെ നനവ് വററിയ ചുട്ടുപഴുത്ത മരുഭൂമിയുടെ ഗദ്ഗദം ആനന്ദ് “മരുഭൂമികളുണ്ടാകുന്നത് ” എന്ന നോവലിൽ വരച്ചു കാട്ടുന്നു. നനവു വറ്റിയ മണ്ണിൻ്റെ വിങ്ങലുകൾ ചേർത്തുവച്ച് മരണമണി കിലുക്കി പാഞ്ഞു വരുന്ന സുനാമിത്തിരകൾക്ക് സ്വയം ഇരയായി തീരുന്നു. പൊതു നിരത്തുകൾ വൃത്തിയായി സൂക്ഷിക്കാനും കിണറുകൾ ,നദികൾ, എന്നിവ മലിന വിമുക്തമാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും ഭൂമിയെ സംരക്ഷിക്കാനും നമുക്ക് കഴിയണം. കേരള സന്ദർശനത്തിന് മറൈൻ ഡ്രൈവിലെത്തിയ അന്തരിച്ച മുൻ രാഷ്ട്രപതി അബ്ദുൾ കലാം തൻ്റെ വരവിന് മുന്നോടിയായി, മുറിച്ചുമാറ്റിയ വൃക്ഷങ്ങളുടെ പേരിൽ വേദനിച്ചു. പകരം തൈകൾ നട്ടു കൊണ്ട് അതിന് പരിഹാരം ചെയ്യുകയും ചെയ്ത സംഭവം നമ്മുടെ ഓർമ്മകളിലുണ്ട്.

ഭൂമിയെന്ന പൊതു സ്വത്തിനെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പയും .ലൗ ദാത്തോസി’ എന്ന ചാക്രിക ലേഖനത്തിൽ വാചാലനാകുന്നു. “ദൈവം പ്രകൃതിക്കു നൽകിയിരിക്കുന്ന വിഭവങ്ങളെ, നാം നിരുത്തരവാദിത്ത പരമായി ഉപയോഗിക്കുകയും ദുർവിനിയോഗം ചെയ്യുകയും ചെയ്തതിനാൽ അവൾക്കേറ്റ ക്ഷതങ്ങൾ നിമിത്തം ഇന്ന് ഈ സഹോദരി നമ്മോട് നിലവിളിക്കുകയാണ്‌.” മാർപ്പാപ്പയുടെ വാക്കുകൾ നമ്മെ തിരിച്ചറിവിലേയ്ക്ക് നയിക്കട്ടെ. സ്നേഹിക്കാം മണ്ണിനെ മരത്തെ മനുഷ്യരെ, സസ്യജീവജാലങ്ങളെ …..

ഡോ. സി. തെരേസ് ആലഞ്ചേരി SABS

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.