ഫ്രാൻസിസ് പാപ്പായുടെ ആദരം ഏറ്റുവാങ്ങിയ പ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞൻ അന്തരിച്ചു

ഓസ്കാർ പുരസ്കാരം നേടിയ ഇറ്റാലിയൻ സംഗീത സംവിധായകനായ എ‌നിയോ മോറിക്കോൺ അന്തരിച്ചു. അദ്ദേഹത്തിന് 91 വയസായിരുന്നു. ജൂലൈ 6 -ന് റോമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. റോം സ്വദേശിയായ അദ്ദേഹം നൂറിലധികം ക്ലാസിക്കൽ കൃതികളും 400 -ഓളം സിനിമ – ടെലിവിഷൻ രംഗത്തെ പശ്ചാത്തല സംഗീതങ്ങങ്ങളും ഒരുക്കിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലെ തെക്കേ അമേരിക്കയിലെ ജനങ്ങളെ അടിമത്വത്തിൽ നിന്ന് സംരക്ഷിക്കാനുള്ള സ്പാനിഷ് ജെസ്യൂട്ടുകളുടെ ശ്രമങ്ങളെ ചിത്രീകരിക്കുന്ന ‘ദി മിഷൻ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം കത്തോലിക്കാ ലോകത്ത് കൂടുതൽ അറിയപ്പെടുവാൻ തുടങ്ങിയത്. 1986 -ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ‘എ ഫിസ്റ്റ്ഫുൾ ഡോളർ’, ‘ദി ഗുഡ്, ബാഡ് ആൻഡ് അഗ്ലി’ എന്നീ സിനിമകളിലൂടെ അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതം അന്താരാഷ്ട്ര പ്രശസ്തി നേടി. 2007 -ൽ ഓണറി അക്കാദമി അവാർഡും 2016 -ൽ മികച്ച ഒറിജിനൽ സ്കോറിനുള്ള ഓസ്കറും അദ്ദേഹം നേടി.

അദ്ദേഹത്തിൻ്റെ സംഗീതമേഖലയിലെ അസാധാരണമായ വൈഭവവും സമാധാനത്തിന്റെ സാർവത്രിക ഭാഷയും ആത്മീയ മേഖലയിലെ ശ്രദ്ധയും കണക്കിലെടുത്ത് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ വർഷം സ്വർണ്ണ മെഡൽ നൽകി ആദരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.