കാമറൂണിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു ബ്രിട്ടണിലെ കത്തോലിക്കാ ബിഷപ്പുമാർ

കാമറൂണിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ബ്രിട്ടണിലെ കത്തോലിക്കാ ബിഷപ്പുമാർ അഭ്യർത്ഥിച്ചു. പശ്ചിമ ആഫ്രിക്കൻ രാജ്യത്തെ ആംഗ്ലോഫോൺ മേഖലയിലെ സിവിലിയന്മാർക്കെതിരായ ആക്രമണത്തെ അപലപിച്ച് ക്ലിഫ്റ്റണിലെ ബിഷപ്പ് ഡെക്ലാൻ ലാംഗും പോർട്ട്സ്മൗത്തിലെ ബിഷപ്പ് ഫിലിപ്പ് ഈഗനും സെപ്റ്റംബർ 28 -ന് പുറത്തിറക്കിയ എക്യുമെനിക്കൽ പ്രസ്താവനയിൽ ആണ് ഇപ്രകാരം അഭ്യർത്ഥന നടത്തിയത്.

“കാമറൂണിലെ ആംഗ്ലോഫോൺ മേഖലയിലെ സഹോദരങ്ങളുടെ നിലവിളി ഞങ്ങൾ കേൾക്കുന്നു. അവർ മാനുഷിക അന്തസ്സിന്റെ ലംഘനങ്ങൾ നേരിടുന്നു. നിയമവിരുദ്ധമായ കൊലപാതകങ്ങൾ, അനിയന്ത്രിതമായി തടങ്കലിൽ വയ്ക്കൽ, പൗരന്മാർക്കെതിരായ ആക്രമണം എന്നിവ സംബന്ധിച്ച സമീപകാല റിപ്പോർട്ടുകൾ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് പ്രതികരണം ആവശ്യപ്പെടുന്ന ഒന്നാണ്.” -പ്രസ്താവനയിൽ പറയുന്നു.

വിഘടനവാദ പ്രസ്ഥാനത്തെ അടിച്ചമർത്താൻ സർക്കാർ സേനയെ അയച്ചുകൊണ്ട് 1982 മുതൽ കാമറൂൺ പ്രസിഡന്റ് പോൾ ബിയ പ്രതികരിച്ചു. വിഘടനവാദികളും സർക്കാരും ചെയ്തുകൊണ്ടിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഈ പോരാട്ടം ആരംഭിച്ചതിനുശേഷം കത്തോലിക്കാ വൈദികർ ഉൾപ്പെടെ മൂവായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.  യുഎൻ കണക്കനുസരിച്ച് കാമറൂണിൽ 6,79,000 പേർ പലായനം ചെയ്തവരാണ്. നൈജീരിയയിൽ 60,000 കാമറൂണിയൻ അഭയാർഥികളുണ്ടെന്നും കണക്കാക്കപ്പെടുന്നു.

ഈ വർഷം ഫെബ്രുവരിയിൽ, ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാർ ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ രാഷ്ട്രത്തലവനായ ബിയയോട് സംഘർഷം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് സമ്മതിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ആംഗ്ലോഫോൺ മേഖലയിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.