‘ക്രൈസ്റ്റ് ദ റെഡീമർ’ എന്ന ക്രിസ്തുരൂപത്തിന്റെ നിർമ്മാണത്തിനിടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എഞ്ചിനീയർ

ബ്രസീലിലെ റിയോ ഡി ജനീറോയിലെ ‘ക്രൈസ്റ്റ് ദ റെഡീമർ’ എന്ന ക്രിസ്തുരൂപത്തിന്റെ ഉദ്ഘാടനം നടന്നത് 1931 ഒക്ടോബർ 12 -നായിരുന്നു. ബ്രസീലിലെ ഏറ്റവും പ്രശസ്തമായ ഈ ക്രിസ്തുരൂപം, ലോകത്തിലെ തന്നെ ഏറ്റവും വലിയ, മൂന്നാമത്തെ ക്രിസ്തുവിന്റെ രൂപമാണ്. ഇതിന് 125 അടി ഉയരവും 1100 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ട്. ഈ ക്രിസ്തുരൂപം നിർമ്മിച്ചയാൾ ഒരു കത്തോലിക്കൻ ആയിരുന്നില്ല. എന്നാൽ, നിർമ്മാണസമയത്തെ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. ആ സംഭവത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാം…

ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ ക്രിസ്തുരൂപം പൂർത്തിയാക്കാൻ അഞ്ച് വർഷമെടുത്തു. പോളിഷ്-ഫ്രഞ്ച് ശിൽപിയായ പോൾ ലാൻഡോവ്‌സ്‌കിയുടെ പ്രോജക്റ്റിൽ, ഈ രൂപം നിർമ്മിച്ചത് ബ്രസീലിയൻ എഞ്ചിനീയർ ഹെയ്‌റ്റർ ഡാ സിൽവ കോസ്റ്റയാണ്; ഫ്രഞ്ച് എഞ്ചിനീയർ ആൽബർട്ട് കാക്കോട്ടുമായി സഹകരിച്ചായിരുന്നു ഇതിന്റെ നിർമ്മാണം. ഈ രൂപത്തിന്റെ പ്രധാന നിർമ്മാതാവും മേൽനോട്ടക്കാരനും ഹീറ്റർ ലെവി എന്ന എഞ്ചിനീയർ ആയിരുന്നു. ഈ ക്രിസ്തുരൂപത്തിന്റെ നിർമ്മാണ നാളുകളിൽ അദ്ദേഹം കോർകോവാഡോയുടെ (ശിൽപം നിൽക്കുന്ന കൊടുമുടി) മുകളിലായിരുന്നു താമസം.

ജീവിതത്തെ മാറ്റിമറിച്ച അപകടം 

ഈ ക്രിസ്തുരൂപത്തിന്റെ നിർമ്മാണസ്ഥലത്ത് മറ്റ് അപകടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ‘ക്രൈസ്റ്റ് ദി റെഡീമർ’ സംരക്ഷിച്ചതാണെന്നും അനുഗ്രഹങ്ങൾ നൽകിയതാണെന്നും ആ പ്രദേശത്തുള്ളവർ പറയുമായിരുന്നു. എന്നാൽ, ആ രൂപത്തിന്റെ നിർമ്മാണത്തിനിടെ ഹീറ്റർ ലെവി, സൈറ്റിലെ തന്റെ ജോലിക്കിടയിൽ മരണകരമായേക്കാവുന്ന വലിയ ഒരു അപകടത്തിൽപ്പെട്ടു. നിർമ്മാണജോലിക്കിടെ ചവിട്ടുപലക ഒടിഞ്ഞുവീണായിരുന്നു ആ അപകടം. വളരെ ഉയരത്തിൽ നിന്നാണ് അദ്ദേഹം താഴോട്ട് പതിച്ചത്. നൂറുകണക്കിന് അടി ഉയരമുള്ള പാറക്കെട്ടുകളാൽ മൂന്നു വശവും ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം.

യഹൂദ മതത്തിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക്

ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്തു വീണ അദ്ദേഹം തന്റെ മരണം ഉറപ്പിച്ചതായിരുന്നു. എന്നാൽ, കരങ്ങൾ നീട്ടി സംരക്ഷണവലയം തീർത്ത ക്രിസ്തുവിന്റെ സാന്നിധ്യം അദ്ദേഹത്തെ സംരക്ഷിച്ചു.

ലെവി ഒരു യഹൂദാ മതവിശ്വാസിയായിരുന്നു. എന്നാൽ, ഈ അപകടത്തിനു ശേഷം അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. മാത്രമല്ല, ലെവി തന്റെ കുടുംബാംഗങ്ങളുടെ പേരുകൾ ഒരു ചുരുളിൽ എഴുതി എട്ടാമത്തെ ലാൻഡിംഗിന്റെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിന്റെ ഹൃദയഭാഗത്ത് സൂക്ഷിച്ചിട്ടുമുണ്ട്.

ഈ സ്മാരകം, യേശുവിന്റെ തിരുഹൃദയത്തിന്റെ ഒരു ചിത്രം കൂടിയാണ്. 1931 ഒക്ടോബർ 12 -ന് ഈ ക്രിസ്തുരൂപത്തിന്റെ ഉദ്ഘാടനത്തോടു കൂടിയാണ് യേശുവിന്റെ തിരുഹൃദയത്തിന് ബ്രസീലിനെ സമർപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടന്നത്. ആ സമർപ്പണം നടന്നത് ഈ രൂപം സ്ഥിതി ചെയ്യുന്ന കോർകോവാഡോ കുന്നിന്റെ മുകളിൽ നിന്നാണ്.

ചുരുക്കത്തിൽ, “തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേര് എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി ആലേഖനം ചെയ്യപ്പെടും” എന്ന തിരുഹൃദയത്തിന്റെ വാഗ്ദാനങ്ങളിലൊന്നിന്റെ ഉത്തമ ഉദാഹരണമാണ് ഈ എഞ്ചിനീയറുടെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള കടന്നുവരവ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.