ഒക്‌ടോബര്‍ മാസം സവിശേഷമാക്കാന്‍ EMM വെബ് സീരിസുമായി ഫിയാത്ത് മിഷന്‍

2019 ഒക്‌ടോബറില്‍ ‘സവിശേഷ മിഷന്‍ മാസം’ ആയി ആചരിക്കുവാന്‍ പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തിരിക്കുന്ന ഈ വേളയില്‍ EMM -നെക്കുറിച്ച് അനായാസം അറിയാനാകുന്ന തരത്തിലുള്ള മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോസ് ഫിയാത്ത് മിഷന്‍ പുറത്തിറക്കി. ‘മാമ്മോദീസ സ്വീകരിച്ചവരെല്ലാം മിഷനറിയായി പോകണം’ – കത്തോലിക്കാ സഭയോടൊപ്പം മിഷനറിയായി ലോകാതിര്‍ത്തികളിലേയ്ക്ക് എന്നതാണ് Extraordinary Missioary Month -ന്റെ ആപ്തവാക്യം. 1919-ല്‍ പോപ്പ് ബെനഡിക്ട് 15-ാമന്‍ പുറത്തിറക്കിയ ‘മാക്‌സിമും ഇലൂദ്’ എന്ന അപ്പസ്‌തോലിക് ലേഖനത്തിന്റെ നൂറാം വാര്‍ഷികവേളയിലാണ് ഈ ഒക്‌ടോബറിലെ മിഷന്‍ മാസം എന്നത് ഏറെ ശ്രദ്ധേയമാണ്.

അത്മായര്‍, സന്യസ്തര്‍, വൈദികര്‍, യുവജനങ്ങള്‍, മതബോധന വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആര്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാകത്തക്ക രീതിയിലാണ് ഈ വീഡിയോകളുടെ നിര്‍മ്മാണം. നവമാധ്യമങ്ങളുടെ ഈ കാലത്ത് നവോന്മേഷത്തോടെ അതിവേഗം തന്നെ ഷെയര്‍ ചെയ്ത് മറ്റുള്ളവരെയും EMM -നെക്കുറിച്ച് അറിയിക്കുവാന്‍ സാധിക്കത്തക്ക രീതിയില്‍ മൂന്നു മിനിറ്റ് വരുന്ന 5 എപ്പിസോഡുകളായിട്ടാണ് വീഡിയോകള്‍ ക്രമീകരിച്ചിരിക്കുന്നത്. അറിയാം, പഠിക്കാം, പ്രവര്‍ത്തിക്കാം (Know-Study-Act) എന്നീ മൂന്ന് ആശയങ്ങള്‍ വരത്തക്ക രീതിയിലാണ് ഈ വീഡിയോകള്‍.

ആദ്യ രണ്ട് എപ്പിസോഡുകള്‍ EMM -ന്റെ മനോഹാരിതയെയും സവിശേഷതകളെയും പ്രതിപാദിക്കുന്നു. ലോഗോയെയും അതുമായ ബന്ധപ്പെട്ട രഹസ്യങ്ങളുമാണ് മൂന്നാമത്തെ എപ്പിസോഡില്‍. മിഷനറിയാകാന്‍ വേണ്ട കാര്യങ്ങളാണ് നാലാമത്തെ എപ്പിസോഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്ത്? എങ്ങനെ? എവിടെ? എന്നിവയെല്ലാം വ്യക്തമാക്കുന്നതാണ് അഞ്ചാമത്തെ എപ്പിസോഡ്.
ഫിയാത്ത് മിഷന്‍ ഒരുക്കിയ EMM ഷോര്‍ട്ട് വീഡിയോ ലഭിക്കുവാന്‍ യുട്യൂബില്‍ fiatmission/EMM OCT 2019 എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നതാണ്. ഇതില്‍ തന്നെയുള്ള ലിങ്ക് ഉപയോഗിച്ചോ, ഡൗണ്‍ലോഡ് ചെയ്‌തോ, ഷെയര്‍ ചെയ്‌തോ EMM -നെക്കുറിച്ച് മറ്റുള്ളവര്‍ക്കും അറിയാനായി പങ്കുവയ്ക്കാവുന്നതുമാണ്. മാത്രമല്ല, ഫേസ്ബുക്കിലും ഈ വീഡിയോ സീരിസുകള്‍ ലഭ്യമാണ്.

ലോകസുവിശേഷവല്‍ക്കരണം ലക്ഷ്യം വച്ചുകൊണ്ടുള്ള കത്തോലിക്കാ സഭയിലെ അത്മായാ മുന്നേറ്റമാണ് ഫിയാത്ത് മിഷന്‍. ഇന്ത്യയിലും വിദേശത്തുമുള്ള പ്രത്യേകിച്ച്, പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ പ്രിന്റ് ചെയ്ത് പുറത്തിറക്കുന്ന ഒരു മുന്നേറ്റമാണിത്. കൂടാതെ, മിഷന്‍ ധ്യാനങ്ങള്‍, മിഷന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, മിഷന്‍ ട്രെയിനിംഗുകള്‍, Great Gathering of Mission (GGM) എന്ന പേരില്‍ മിഷന്‍ എക്‌സിബിഷനുകളും നടത്തിക്കൊണ്ടിരിക്കുന്നു. EMM -ന്റെ ആഘോഷവേളയില്‍ മിഷന്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് മിഷന്‍ ധ്യാനങ്ങള്‍, മിഷന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, EMM ഷോര്‍ട്ട് വീഡിയോസ്, EMM എക്‌സ്‌ക്ലൂസീവ് ഫിയാത്ത് മാഗസിന്‍ എന്നിവയെല്ലാം ഫിയാത്ത് മിഷന്‍ നേരിട്ട് നടത്തുന്നുണ്ട്. മിഷന്‍ മാസത്തോടനുബന്ധിച്ച് സൗജന്യമായി മിഷന്‍ എക്‌സിബിഷന്‍ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961550000