പ്രളയബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ വീട് പൂർണ്ണമായും തകർന്നവർക്കും നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതുപോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി.

കഴിഞ്ഞ പ്രളയകാലത്തെ മാതൃകയില്‍ സഹായം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ, സഹായധനം കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ നൽകുകയുള്ളൂ എന്നും സർക്കാർ അറിയിച്ചു. വില്ലേജ് ഓഫീസറുടെയും മറ്റു അധികാരികളുടെയും റിപ്പോർട്ട് പ്രകാരം ആയിരിക്കും സഹായങ്ങൾ വിതരണം ചെയ്യുക. വാസയോഗ്യമല്ലാത്ത രീതിയിൽ 75 ശതമാനത്തിൽ കൂടുതൽ തകർന്ന വീടുകൾക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ആറുലക്ഷം രൂപ ലഭിക്കും.

അർഹമായ വില്ലേജുകൾ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ദുരന്തനിവാരണ അതോറിറ്റിക്കാണ് ഇത് നിശ്ചയിക്കാനുള്ള ചുമതല. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ ഇറങ്ങും. പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികൾക്കും 15 കിലോ അരി സൗജന്യമായി നല്‍കാനും തീരുമാനമായി. നിലവിൽ സൗജന്യമായി റേഷൻ ലഭിക്കുന്നവർക്ക് ഇത് ബാധകമായിരിക്കുകയില്ല. സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന എടുത്തുകളയാൻ ബാങ്കുകളോട് ആവശ്യപ്പെടുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.