എളിയവരെ, ഏറ്റം ആവശ്യത്തിലിരിക്കുന്നവരെ ആശ്ലേഷിക്കുക: മാര്‍പാപ്പ

എളിയവരെ, ഏറ്റം ആവശ്യത്തിലിരിക്കുന്നവരെ ആശ്ലേഷിക്കുകയും അവര്‍ക്ക് ശുശ്രൂഷ ചെയ്യുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. “സര്‍വ്വോപരി ആരെയാണ് സേവിക്കണ്ടത്: സ്വീകരിക്കപ്പെടേണ്ട ആവശ്യമുള്ളവരും തിരികെ നല്‍കാന്‍ ഒന്നുമില്ലാത്തവരും. സ്വീകരിക്കപ്പെടേണ്ടവരും തിരകെ നല്‍കാന്‍ ഒന്നുമില്ലത്തവരുമായവരെ ശുശ്രൂഷിക്കുക. പാര്‍ശ്വവത്കൃതരും അവഗണിക്കപ്പെട്ടവരുമായവരെ സ്വാഗതം ചെയ്യുന്നതിലൂടെ നാം സ്വീകരിക്കുന്നത് യേശുവിനെയാണ്. കാരണം അവിടുന്ന് അവരിലുണ്ട്. നാം സേവിക്കുന്ന ഒരു ചെറിയവനില്‍, ഒരു ദരിദ്രനില്‍, നമ്മളും ദൈവത്തിന്റെ ആര്‍ദ്രമായ ആലിംഗനം സ്വീകരിക്കുന്നു” – പാപ്പാ പറഞ്ഞു.

“യേശു ഒരു കുട്ടിയെ എടുത്ത് ശിഷ്യന്മാരുടെ ഇടയില്‍, അവരുടെ മദ്ധ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് നിര്‍ത്തുന്നു. യേശു ആ കുഞ്ഞിനെ ആലിംഗനം ചെയ്യുന്നു. ഒരു ചെറിയവനെ, ഒരു ശിശുവിനെ സ്വാഗതം ചെയ്യുന്നവന്‍ തന്നെ സ്വാഗതം ചെയ്യുന്നുവെന്ന് അവിടുന്ന് പറയുന്നു. ഈ സുവിശേഷാഹ്വാനം സ്വീകരിച്ചുകൊണ്ട് നമുക്ക് നമ്മോടു തന്നെ ചോദിക്കാം: യേശുവിനെ പിന്തുടരുന്ന എനിക്ക് ഏറ്റവും പരിത്യക്തരുടെ കാര്യത്തില്‍ കരുതലുണ്ടോ? അതോ, ക്രിസ്തുശിഷ്യന്മാരെപ്പോലെ ഞാന്‍ സ്വാര്‍ത്ഥ താല്‍പര്യപൂര്‍ണ്ണത്തില്‍ സംതൃപ്തി തേടുകയാണോ? ഞാന്‍, എനിക്ക് തിരികെ നല്‍കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാത്ത ചെറിയവനായി സമയം വിനിയോഗിക്കാറുണ്ടോ? എനിക്ക് തിരകെ തരാന്‍ കഴിയാത്തവന്റെ കാര്യത്തിലാണോ, അതോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാര്യത്തില്‍ മാത്രമാണോ ഞാന്‍ ശ്രദ്ധിക്കുന്നത്? നമുക്ക് സ്വയം ചോദിക്കാവുന്ന ചോദ്യങ്ങളാണിത്.”

ശുശ്രൂഷ ചെയ്യുന്നത് നമ്മെ കുറക്കുകയല്ല മറിച്ച് നമ്മെ വളര്‍ത്തുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ കര്‍ത്താവിന്റെ എളിയദാസിയായ കന്യകാമറിയം നമ്മെ സഹായിക്കട്ടെയെന്നും സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതിലാണ് കൂടുതല്‍ സന്തോഷമുള്ളതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.