ഫ്രാൻസിസ് പാപ്പായുടെ ദാനധര്‍മ്മ സംവിധാനം

വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് അപ്പസ്തോലിക കാലത്തോളം പഴക്കമുണ്ട്. ആഗോളസഭയുടെ അദ്ധ്യക്ഷനായ പാപ്പായുടെ നാമത്തിലുള്ള ദാനധര്‍മ്മം യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്നവര്‍ക്കായുള്ള ഏറെ നിശബ്ദസേവനമാണ്. 2018-ല്‍ മാത്രം മൂന്നര ലക്ഷം യൂറോ, അതായത് ഏകദേശം 23 കോടി രൂപ പാപ്പായുടെ പേരില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങിലെ പാവപ്പെട്ടവര്‍ക്കായി നല്കിയിട്ടുണ്ടെന്ന് പാപ്പായ്ക്കു വേണ്ടി ദാനധര്‍മ്മം നല്കുന്ന കര്‍ദ്ദിനാള്‍ അന്ത്രയ ക്രജേസ്കി മെയ് 15-ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ദാനധര്‍മ്മത്തിന്‍റെ പാരമ്പര്യം

ആദിമസഭയില്‍ ഡീക്കന്മാരെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. പിന്നീട് റോമില്‍ പാപ്പായുടെ ദാനധര്‍മ്മിയായി ഒരാളെ പ്രത്യേകം നിയോഗിച്ചു പോന്നു (Elemosiniere). ഇന്നസെന്‍റ്  3-ാമന്‍ ലിയോ 13-ാമന്‍ എന്നീ പാപ്പാമാര്‍ ദാനധര്‍മ്മത്തെക്കുറിച്ച് പ്രബോധനങ്ങള്‍ ഇറക്കിയിട്ടുണ്ട്. അപ്പസ്തോലിക ആശീര്‍വ്വാദം പ്രത്യേക പത്രികളില്‍ മുദ്രണം ചെയ്ത് വിറ്റുകിട്ടുന്ന പണവും പുരാതനകാലം മുതല്‍ ഇന്നുവരെയും പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു പോരുന്നു. കൂടാതെ ധാരാളം ഉപകാരികളും അഭ്യുദയകാംക്ഷികളും നല്കുന്ന വസ്തുക്കളും പണവും പാപ്പായുടെ നാമത്തിലുള്ള ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി വത്തിക്കാന്‍ ലഭ്യമാക്കുന്നു.

പാപ്പായുടെ സമ്മാനം

“പാപ്പായുടെ സമ്മാനം” (Gift of the Pope) എന്ന പേരില്‍ ലഭ്യമാക്കുന്ന സഹായധനം പ്രാദേശിക മെത്രാന്മാര്‍ വഴിയും ഇടവക വികാരിമാര്‍ വഴിയുമാണ് അര്‍ഹിക്കുന്നവര്‍ക്കായി അപേക്ഷിക്കുന്നതും, നല്കപ്പെടുന്നതും. വിദേശ രാജ്യങ്ങളിലേയ്ക്ക് അയയ്ക്കുന്ന പാപ്പായുടെ സഹായധനം സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതിവഴിയാണ് ഗുണഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്നത്.

പാപ്പായുടെ ദാനം എല്ലാ ദിവസവും നല്കപ്പെടുന്നു. എന്നാല്‍ അത് നിശബ്ദമായ പ്രവൃത്തിയാണ്. ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വസ്ത്രം… അങ്ങനെ ദാനപ്രവര്‍ത്തിയിലൂടെ സഭ കാരുണ്യത്തിന്‍റെ അമ്മയായി മാറുന്നു. “ദാനമായ് കിട്ടിയത് ദാനമായി കൊടുക്കുന്ന,” സുവിശേഷ യുക്തിയാണിതെന്ന് കര്‍ദ്ദിനാള്‍ ക്രജേസ്കി പ്രസ്താവിച്ചു.