മഹാമാരിക്കിടയിലും ക്യാൻസർ രോഗികൾക്കായി കമ്പിളിയുടുപ്പുകൾ തുന്നിയെടുക്കുന്ന മുത്തശ്ശി

തന്റെ എൺപത്തിയെട്ടാം വയസ്സിലും വളരെ തിരക്കിലാണ് മേരി മെയ്ഫീൽഡ് എന്ന മുതുമുത്തശ്ശി. കോവിഡ് എന്ന മഹാമാരിക്കിടയിലും തന്റെ പ്രായത്തെ വകവെയ്ക്കാതെ ക്യാൻസർ രോഗികൾക്കായി കമ്പിളിയുടുപ്പുകൾ തുന്നിയെടുക്കുന്ന വലിയ ഒരു യജ്ഞത്തിലാണവർ. പകർച്ച വ്യാധിമൂലം ഇന്ന് ഏറ്റവും കൂടുതൽ മാനസിക സംഘർഷത്തിലും  പ്രതിസന്ധിയിലും അകപ്പെട്ടുപോയിരിക്കുന്നത് പ്രായമായവരാണ്. അവർക്കൊക്കെയും വലിയൊരു മാതൃകയും ഊർജ്ജവും നൽകുകയാണ് കാൻസാസിലെ ഈ മുത്തശ്ശി. വീട്ടിലിരുന്ന് വൂളൻ നൂലിനാൽ സ്വന്തം കൈകൾ കൊണ്ട്നെയ്‌തെടുക്കുന്ന കുപ്പായങ്ങൾ ക്യാൻസർ രോഗികളെ സംരക്ഷിക്കുന്ന ജീവകാരുണ്യ സംഘടനയ്ക്ക് കൈമാറുവാനുള്ള തയാറെടുപ്പിലാണ് മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്ന ഇവർ.

ഒൻപത് മക്കളുടെ അമ്മയും 24  പേരക്കുട്ടികളുടെ മുത്തശ്ശിയും 17 ചെറു പേരക്കുട്ടിയുടെ മുതു മുത്തശ്ശിയുമായ മേരി മെയ്ഫീൽഡ് കാൻസാസിലെ വീട്ടിൽ ഒറ്റയ്ക്കാണെങ്കിലും കഴിഞ്ഞ മാർച്ച് മാസം മുതൽ തുടങ്ങിയ ജോലിയാണിത്. തുന്നൽ ജോലിയോടുള്ള പ്രത്യേക ഇഷ്ടവും ജീവകാരുണ്യ പ്രവർത്തനത്തിനായി തന്റേതായ എന്തെങ്കിലും സംഭാവന ചെയ്യണമെന്ന ആഗ്രഹവും ഒത്തു ചേർന്നപ്പോൾ 46  നൂൽക്കുപ്പായങ്ങളാണ് അവർ നെയ്തെടുത്തത്. “ഞാൻ എന്റെ വിരലുകളുടെ വേഗത അല്പംകൂടി കുറയ്ക്കുവാൻ ആഗ്രഹിക്കുകയാണ്. കാരണം എന്റെ നൂലുകൾ വളരെ വേഗത്തിൽ തീർന്നു പോകുന്നു. എങ്കിലും എന്റെ വിരലുകൾ എന്റെ മനോധർമ്മത്തിനനുസരിച്ചു ചലിപ്പിക്കുവാൻ സാധിക്കുന്ന കാലം വരെയും ഞാൻ ഇത് തുടർന്നുകൊണ്ടേയിരിക്കും.” മെയ്ഫീൽഡ് പറഞ്ഞു.

ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങളെ പഴിക്കാതെയും നിരാശയിൽ ആഴ്ന്നുപോകാതെയും മനസ്സിന്റെ നന്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ വൈഭവത്തെ മറ്റുള്ളവർക്കായി ഉപകരിക്കുവാൻ സ്വയം ഒരു കാരണക്കാരിയായി  മാറുകയാണ് ഈ വയോധിക. ഒറ്റപ്പെടലും പ്രായാധിക്യവുമൊന്നും മനസ്സിനെ യാതൊരു വിധത്തിലും മോശമായി ബാധിക്കാതെ ഏറ്റവും ഉന്മേഷത്തോടെ തന്റെ ഇഷ്ടത്തിനെ സമൂഹനന്മയ്ക്കുതകുന്ന രീതിയിൽ മാറ്റിയെടുക്കുവാൻ കഴിയുന്നത് ഉള്ളിലെ നന്മയ്ക്കും പ്രാർത്ഥനയ്ക്കുമാണ്. പ്രശ്നങ്ങൾക്കിടയിലെ മറ്റൊരു പ്രശ്നത്തിനു പരിഹാരമായി മാറുന്ന അനേകരിൽ ഒരാളാണ് മേരി ഫീൽഡ് എന്ന ഈ സന്തോഷവതിയായ മുത്തശ്ശി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.