കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വിശ്വാസ തീക്ഷ്ണതയുടെ അടയാളമായി ഒരു മുത്തശ്ശി

ബ്രസീലിലെ പാതോസിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയായിരുന്നു ഇടവക വികാരി ഫാ. എസ്പെഡിറ്റോ കെന്റാണോ. സമർപ്പണ സമയത്ത് ജനാലയിൽ ഒരു ആൾപെരുമാറ്റം. നോക്കിയപ്പോൾ വാക്കറിൽ പിടിച്ചുകൊണ്ട് ഒരു വൃദ്ധയായ സ്ത്രീ ദൈവാലയത്തിനകത്തേക്ക് നോക്കിക്കൊണ്ട് ഭക്തിപൂർവ്വം വിശുദ്ധ ബലിയിൽ പങ്കെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വിശ്വാസികളുടെ സാന്നിധ്യമില്ലാതെയുള്ള വിശുദ്ധ കുർബാനയർപ്പണമേ ബ്രസീലിൽ അനുവദിക്കപ്പെടുന്നുള്ളൂ. ആയതിനാൽ പുറത്തുനിന്നു ബലിയർപ്പണത്തിൽ പങ്കുചേർന്നു ആ പ്രായമായ സ്ത്രീ. ഇവരുടെ ആഗ്രഹവും തീക്ഷണതയും ലോകമെമ്പാടും പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഭക്തി കണ്ട വൈദികൻ വിശുദ്ധ കുർബാന സ്വീകരണ സമയത്ത് അവർക്ക് ദിവ്യകാരുണ്യം നൽകുകയും ചെയ്തു.

വിദൂരതയിൽ നിന്ന് വിശുദ്ധകുർബാനയിൽ പങ്കെടുത്ത ഒരു വിശ്വാസിയുടെ സ്നേഹത്തിന്റെ ഹൃദയസ്പർശിയായ ഒരു കഥയാണിത്. വൈദികന്റെ സഹായി എടുത്ത ആ ചിത്രങ്ങൾ ദൈവാലയത്തിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാമിൽ ഇടുകയും വളരെ താമസിയാതെ തന്നെ ഇത് ലോകം ഏറ്റെടുക്കുകയും ചെയ്തു. പേര് വെളിപ്പെടുത്താത്ത ആ വൃദ്ധയുടെ തീക്ഷ്ണമായ ആഗ്രഹം പകർച്ചവ്യാധിയുടെ ഈ സമയത്ത് നമ്മുടെ ആത്മാക്കളെ പോഷിപ്പിക്കുന്നതിനുള്ള ഒരു ചിന്തയായി മാറട്ടെ. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കാലത്തിന്റെ പ്രത്യേകതകൾക്കുള്ളിൽ നിന്നുപോലും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ മുഖവുരകളില്ലാതെ പറഞ്ഞു വെയ്ക്കുകയാണിവിടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.