ആധുനിക സ്ത്രീകൾക്ക് മാതൃകയാക്കാവുന്ന എട്ടു വിശുദ്ധ സ്ത്രീകൾ

അന്താരാഷ്‌ട്ര വനിതാ ദിനമാണിന്ന്. ലോകമെമ്പാടും വനിതാ ദിനം ആഘോഷിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചും സ്ത്രീകളുടെ മഹനീയ വ്യക്തിത്വത്തെക്കുറിച്ചും പ്രശംസനീയമാം വിധം ജീവിച്ച നിരവധി വിശുദ്ധരായ സ്ത്രീകൾ ഉണ്ട്. പ്രചോദനാത്മകമായ ഈ വനിതകളുടെ ജീവിത മാതൃക എക്കാലവും നമ്മുടെ അനുദിന ജീവിതത്തോട് ചേർത്ത് വെക്കാവുന്നതാണ്. ഈ വനിതാ ദിനത്തിൽ ജീവിതത്തിലുടനീളം മാതൃകയാക്കാവുന്ന ചില സ്ത്രീ വ്യക്തിത്വങ്ങളെ പരിചയപ്പെടാം.

1. വി. ജൊവാൻ ഓഫ് ആർക്ക്

ഇന്നത്തെ കൗമാരക്കാരികൾക്ക് തങ്ങളുടെ രാജ്യം നയിക്കുന്ന ഒരു യുദ്ധം നയിക്കുക എന്നല്ല അതിൽ പങ്കെടുക്കുക എന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ പോലും സാധിക്കില്ല. എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാർക്കെതിരെ യുദ്ധം ചെയ്യുവാൻ പടച്ചട്ട ധരിച്ചിറങ്ങിയ ഓർലിയൻസിലെ ഒരു വീട്ടുജോലിക്കാരി കാണിച്ച ധൈര്യത്തെ ഇന്നത്തെ സ്ത്രീ ജനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്. ഒരു മതവാദിയെന്നു സമൂഹം മുദ്രകുത്തിയപ്പോൾ വിശ്വാസത്തെ അപലപിക്കുന്നതിനു പകരം അഗ്നി കുണ്ഡത്തിൽ ചുട്ടെരിച്ചുള്ള മരണം കൈവരിച്ച, സഭയുടെ ധീര രക്തസാക്ഷിയായ വനിതയാണ് ജൊവാൻ.

2. വി. ഫൗസ്റ്റീന

ദിവ്യകാരുണ്യത്തോട് ആഴത്തിലുള്ള ഭക്തി പ്രകടിപ്പിച്ചിരുന്ന വിശുദ്ധയായിരുന്നു വി. ഫൗസ്റ്റീന. ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി പ്രതിബന്ധങ്ങളെ മറികടന്നു ദിവ്യകാരുണ്യത്തിന്റെ സന്ദേശവും ഭക്തിയും നൽകുന്നതിൽ വിശുദ്ധ ഉറച്ചുനിന്നു. അവർക്കായി ക്രിസ്തു വെളിപ്പെടുത്തിക്കൊടുത്ത ദർശനങ്ങൾ മറ്റുള്ളവർക്ക് നൽകുന്നതിനായി എഴുതി സൂക്ഷിച്ചിരുന്ന വിശുദ്ധ കൂടിയാണ് വി. ഫൗസ്റ്റീന. ഈ വിശുദ്ധയുടെ ആന്തരിക ശക്തിയിൽ നിന്നും വരുന്ന വിശ്വാസവും സ്നേഹവും നമുക്കെല്ലാവർക്കും അനുകരണീയമാണ്.

3. വി. മദർ തെരേസ

ദരിദ്രരിൽ ദരിദ്രരായവരെ സേവിക്കുന്നതിനു മാതൃകയാക്കുവാൻ മറ്റൊരു വ്യക്തിത്വം നമുക്ക് തിരയേണ്ട. കൽക്കട്ടയിലെ തെരുവോരങ്ങളിലെ കുട്ടികളും രോഗികളും ആ കരുണാമയിയായ വനിതയുടെ സംരക്ഷണത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിൽ കൂടിയും ഇരുൾ നിറഞ്ഞ മണിക്കൂറുകൾ മദറിനുണ്ടായിരുന്നു. എങ്കിലും ദുബലരെയും രോഗികളെയും ശുശ്രൂഷിച്ചുകൊണ്ട് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പൂർണ്ണമായ അർത്ഥം ജീവിതത്തിലൂടെ കാണിച്ചു തരികയായിരുന്നു പാവങ്ങളുടെ അമ്മയെന്നറിയപ്പെടുന്ന ഈ വിശുദ്ധ വനിത.

4. വി. മോനിക്ക

നിങ്ങളുടെ മക്കൾ മോശമായി പെരുമാറുമ്പോൾ നിങ്ങൾ എന്തുചെയ്യണം? മകനെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത പഴയ അഗസ്റ്റിന്റെ അമ്മയെ പിന്തുടരുക. അതിർത്തികൾക്കപ്പുറത്ത് ഒരു അമ്മയുടെ ആത്മസമർപ്പണത്തിന്റെയും പ്രാർത്ഥനയുടെയും മാതൃക നമുക്കും ഹൃദയത്തിൽ ചേർക്കാവുന്നതാണ്. ഒരു അമ്മയുടെ വിശ്വാസവും ഭക്തിയും കൊണ്ട് സഭാ പിതാക്കൻമാരിൽ ഒരാളായി മാറിയ ഒരു മകനാണ് വി.അഗസ്റ്റിൻ.

5. സിയെന്നായിലെ വി. കാതറിൻ

ഒരു സ്ത്രീയുടെ ശബ്ദം സ്വന്തം ഭവനത്തിന്റെ പുറത്ത് കേൾക്കുവാൻ പാടില്ലാതിരുന്ന പതിനാലാം നൂറ്റാണ്ടിൽ സഭയിലെ വലിയൊരു ഭിഷഗ്വരയും പണ്ഡിതയുമായി മാറിയ സിയെന്നായിലെ വിശുദ്ധ കാതറിൻ ഏവർക്കും മാതൃകയാണ്. ഡൊമിനിക്കൻ ഓർഡറിലെ അംഗമായിരുന്ന വിശുദ്ധ, വിശ്വാസത്താൽ ഏറ്റെടുത്ത കഠിനമായ തപസ്സിനാലും ത്യാഗ പ്രവർത്തിയാലും മുപ്പത്തിമൂന്നാമത്തെ വയസ്സിൽ മരണമടഞ്ഞു.

6. വി. കാറ്ററി തെകക്വിത്ത

ആദ്യത്തെ അമേരിക്കൻ സന്യാസിനി ആയ ഈ വിശുദ്ധ തന്റെ ജന്മനാടിന്റേതായ ആചാരങ്ങൾക്ക് അതീതമായി സമർപ്പിത ജീവിതം തിരഞ്ഞെടുത്തു. കത്തോലിക്കാ വിശ്വാസത്തിലേക്ക് വരികയും പിന്നീട് വസൂരി രോഗം പിടിപെടും ചെയ്തു. രോഗത്തിന്റെ പാടുകൾ ശരീരമാസകലം അവശേഷിച്ചപ്പോൾ അവളെ സമൂഹത്തിൽ നിന്നും പുറത്താക്കി. അതിനു ശേഷവും വിശ്വാസ ജീവിതത്തിൽ തുടർന്ന കാറ്ററി പിന്നീട് ക്രിസ്തുവിന്റെ മണവാട്ടിയായി മാറികൊണ്ട് ജീവിത സാക്ഷിയായി.

7. വി. ജിയന്ന മൊല്ല

ഇറ്റാലിയൻ ശിശുരോഗ വിദഗ്ധയായ ജിയന്ന തന്റെ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ കാൻസർ രോഗബാധിതയായി. എന്നാൽ തന്റെ കുഞ്ഞിനെ നശിപ്പിക്കാതെ അവൾക്കുവേണ്ടി സ്വന്തം ജീവിതം നൽകുവാൻ അവൾ തയാറായി. ഒരു പെൺകുഞ്ഞിന് ജന്മം നൽകിക്കൊണ്ട് വളരെ വൈകാതെ മരണം പുൽകിയ വിശുദ്ധ, ‘ഗർഭസ്ഥ ശിശുക്കളുടെ കാവൽക്കാരി’യെന്ന വിശേഷണത്തിന് അനുയോജ്യയാണ്.

8. വി. കൊച്ചുത്രേസ്യാ 

എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്ന സമയത്ത് ഓരോ നിമിഷവും നമ്മെ ചുറ്റിപ്പറ്റിയുള്ള ചെറുതും മറഞ്ഞിരിക്കുന്നതുമായ കാര്യങ്ങളിൽ സൗന്ദര്യം കാണുവാൻ സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ച വിശുദ്ധയാണ് ലിസ്യുവിലെ ഈ വിശുദ്ധ. ജീവിതത്തിലെ ആഡംബരങ്ങളിൽ യാതൊരു താല്പര്യവുമില്ലാതിരുന്ന അവൾ ‘കൊച്ചു കാര്യങ്ങളുടെ മധ്യസ്ഥ’ എന്നാണ് അറിയപ്പെടുന്നത്.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.