കൗമാരക്കാരായ മക്കളെ സഹായിക്കാൻ എട്ട് നിർദ്ദേശങ്ങൾ

ഏതൊരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ കൗമാരപ്രായം വളരെ പ്രധാനപ്പെട്ടതാണ്. ഈ കാലഘട്ടത്തിൽ ജീവിതത്തിലെ നിർണ്ണായകമായ തീരുമാനങ്ങളെടുക്കേണ്ട സമയമാണ്. ഹോർമോണുകളുടെ വ്യതിയാനം, സമപ്രായക്കാരുടെ സമ്മർദ്ദം, വിദ്യാഭ്യാസം എന്നിവയൊക്കെ കൗമാരപ്രായത്തിൽ സ്വാധീനിക്കാം. ഈ പ്രായത്തിൽ മക്കളെ ഏറ്റവും മികച്ചവരാകാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ…

1. പോസിറ്റീവ് രീതിയിലുള്ള സ്വഭാവം രൂപപ്പെടുത്തുക

കൗമാരപ്രായത്തിലെത്തുമ്പോൾ മക്കളെ, മാതാപിതാക്കൾ മുൻപ് ഉണ്ടായിരുന്ന രീതിയിൽ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്ന ചിന്ത അവരെ അലട്ടാം. മക്കളെ അവരുടെ വളരെ ചെറുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കളുടെ വാക്കുകളും പ്രവർത്തനങ്ങളും നിർണ്ണായകമാണ്. അവ വ്യത്യസ്തമായ രീതിയിൽ അവരുടെ കൗമാരവളർച്ചയുടെ കാലഘട്ടത്തിലും ആവശ്യം വേണ്ട ഒന്നു തന്നെയാണ്.

2. മാതാപിതാക്കൾ കഴിഞ്ഞുപോയ കാലം പങ്കുവയ്ക്കുക

കുട്ടികൾ സ്വാഭാവികമായി ജിജ്ഞാസയുള്ളവരും അവരുടെ പ്രായത്തിൽ മാതാപിതാക്കൾ എങ്ങനെയായിരുന്നുവെന്ന് അറിയാൻ ഇഷ്ടപ്പെടുന്നവരുമാണ്. അതിനാൽ, കൗമാരപ്രായത്തിൽ തങ്ങളുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മക്കളോട് പറയുക. ആ കാലത്ത് ജീവിതത്തിൽ വന്നുപോയ നല്ലതും ചീത്തയുമായ സമയവും സാഹചര്യവും ഉൾപ്പെടുത്താം.

തെറ്റുകൾ വരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിച്ചു, അവ എങ്ങനെ നന്നാക്കി (നിങ്ങൾ ചെയ്തെങ്കിൽ), അവയിൽ നിന്ന് നിങ്ങൾ എങ്ങനെ പാഠങ്ങൾ പഠിച്ചു എന്നൊക്കെ മക്കളോട് പറയുക. അത് മക്കൾ കടന്നുപോകുന്ന ചില അനുഭവങ്ങളെ കൂടുതൽ നല്ല രീതിയിൽ ഉൾക്കൊള്ളുവാൻ അവർക്ക് സഹായമാകും.

3. സ്വന്തം കാര്യങ്ങൾക്കായി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക

ചെറിയ തെറ്റുകൾ സംഭവിച്ചാലും സ്വന്തം കാര്യങ്ങളിൽ ചില തീരുമാനങ്ങളൊക്കെ സ്വന്തമായി എടുക്കാൻ കൗമാരക്കാരായ മക്കളെ പ്രോത്സാഹിപ്പിക്കുക. അവർ തെറ്റുകൾ വരുത്തുമെന്ന് പറഞ്ഞു എപ്പോഴും പിന്തിരിപ്പിക്കുന്ന മനോഭാവം നല്ലതല്ല. കാര്യങ്ങൾ പരീക്ഷിച്ചു നോക്കാനും അവർക്ക് അവരുടെ സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കാനും അവസരം നൽകുക. അവർ ചിലപ്പോൾ വിജയിക്കും; ചിലപ്പോൾ പരാജയപ്പെടുമായിരിക്കും. എന്നാൽ, കരുത്തും ആത്മവിശ്വാസവും വളർത്താൻ അവരെ സഹായിക്കുന്നതിനുള്ള മികച്ച മാർഗ്ഗമാണിത്.

4. നിങ്ങളുടെ മക്കളെ പരിഹസിക്കരുത്

നിങ്ങളുടെ കൗമാരക്കാരായ മക്കളുടെ പ്രവർത്തികൾ, സംസാരം, വസ്ത്രധാരണം എന്നിവയൊക്കെ കാണുമ്പോൾ ചിലപ്പോൾ കളിയാക്കാൻ തോന്നുമായിരിക്കാം. എന്നാൽ, ഇത്തരം കാര്യങ്ങൾ കണ്ടുകഴിയുമ്പോൾ അവരെ പരിഹസിക്കരുത്. അവരെ പിന്തുണയ്‌ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് ബോധ്യപ്പെടുത്തുക. മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റത്തിൽ നല്ല ശീലങ്ങൾ വളർത്താൻ പ്രേരകമാകും.

5. സുരക്ഷയെക്കുറിച്ച് ഓർമ്മപ്പെടുത്തുക

ചില കാര്യങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പതിവായി ഓർമ്മിപ്പിക്കുവാൻ മാതാപിതാക്കൾക്ക് കടമയുണ്ട്. ഡ്രൈവിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ പല സാഹസികതയിലേക്ക് എടുത്തുചാടുന്ന തീരുമാനങ്ങളിൽ നിന്നുമൊക്കെ അവരെ ബോധ്യപ്പെടുത്തുക. മദ്യപാനം, മയക്കുമരുന്ന് എന്നിവയെ സംബന്ധിച്ച ചില നിർണ്ണായക ഓർമ്മപ്പെടുത്തൽ സ്ഥിരമായി അവർക്ക് നൽകുക.

6. സുരക്ഷിതത്വബോധം നൽകുക

ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുമ്പോൾ തന്റെ പിതാവിനെയോ, മാതാവിനെയോ സമീപിക്കാൻ നിങ്ങളുടെ കുട്ടിക്ക് തോന്നുന്നില്ലെങ്കിൽ അത് അവരെ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. അവർ‌ക്ക് നിങ്ങളെ ഏത് അടിയന്തിരഘട്ടത്തിലും വിളിക്കാൻ‌ കഴിയുമെന്ന ഉറപ്പ് മക്കൾക്ക് നൽകുക. അപ്പോൾ നിങ്ങൾ അവർക്ക് സുരക്ഷിതത്വബോധം നൽകുന്ന ഒരു നല്ല രക്ഷകർ‌ത്താവ് ആയിരിക്കും.

7. അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലുക 

നിങ്ങൾ അവരുടെ റോക്ക് ബാൻഡിൽ ചേരാൻ അവർ ആഗ്രഹിക്കുന്നില്ലെങ്കിലും, അവർ പാടുന്ന ഒരു പാട്ട് നിങ്ങൾ കേൾക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടാവാം. അങ്ങനെ അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ താൽപര്യം കാണിക്കുകയും അത് മാതാപിതാക്കളുമായി പങ്കുവയ്ക്കാൻ അവരെ അനുവദിക്കുകയും ചെയ്യുക. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽപോലും അവയെ അവരോടൊപ്പം ആസ്വദിക്കുക.

8. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുക

മക്കളോട് അവരുടെ ഭാവികാര്യങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും ഓർമ്മിപ്പിക്കുക, സംസാരിക്കുക. അവരുടെ പഠനത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുക എന്നതല്ല ഇതിന് അർത്ഥം. മറിച്ച് ഭാവിയെക്കുറിച്ചുള്ള വ്യക്തമായ പദ്ധതിയെക്കുറിച്ച് തീരുമാനമെടുക്കാൻ അവരെ പ്രചോദിപ്പിക്കുക.

ദൈവം മുന്നോട്ടുവച്ച ഒരു പാത അവർക്ക് മുന്നിലുണ്ട്. അങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാൻ പ്രചോദനം നൽകുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.