പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ

വിശ്വാസപ്രമാണത്തിൽ അനുദിനം പരിശുദ്ധ ത്രിത്വത്തെ ഏറ്റുപറയുമ്പോഴും നാം ചിന്തിക്കാറുണ്ടോ ആ ഏറ്റുപറച്ചിൽ നമ്മുടെ സംസാരത്തേയും പ്രവര്‍ത്തിയേയും സ്വാധീനിക്കുന്നുണ്ടോ എന്ന്. ‘The Great Unknown’ എന്ന തന്റെ പുസ്തകത്തില്‍ വി. ജോസ്മരിയ എസ്ക്രിവ ചോദിക്കുന്ന ചോദ്യമാണിത്.

“വിശ്വാസപ്രമാണത്തിൽ പരിശുദ്ധ ത്രിത്വത്തെ ഏറ്റുപറയുമ്പോൾ അവ നമ്മുടെ ഹൃദയത്തിലേയ്ക്ക് ആഴത്തിൽ പതിയാറുണ്ടോ. അതോ വെറും അധരവ്യായാമമായി അവ മാറുകയാണോ ചെയ്യുന്നത്. എന്നാൽ, ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ ഇളകാത്ത അടിസ്ഥാനശിലയാകേണ്ടത് പന്തക്കുസ്താനുഭവം നൽകുന്ന സമാധാനവും സന്തോഷവും വിജയവുമൊക്കെയാണ്. വിശ്വാസപ്രമാണം ഓരോ തവണ ആവർത്തിക്കുമ്പോഴും നമ്മുടെ അനുദിന ജീവിതത്തിലേക്ക്  പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തേയും സ്വീകരിക്കണം.

ഈ ആത്മാവിൽ നിന്നുള്ള പ്രചോദനം കൊണ്ടു മാത്രമേ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്ന് മനസിലാക്കണം.” വിശുദ്ധൻ പറയുന്നു. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതും അതു തന്നെയാണ്. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ കൊണ്ടാണ് ക്രൈസ്തവന്റെ ജീവിതം മുന്നോട്ടു നയിക്കപ്പെടേണ്ടത്.

പരിശുദ്ധാത്മാവോട് ചേര്‍ന്ന് ജീവിതം നയിക്കുമ്പോഴാണ് ദൈവം, അനുനിമിഷം നമ്മിലേക്ക് ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹം അനുഭവിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. മറിച്ച്, ദൈവത്തിന്റെ കൽപനകളെ ഭയത്തോടെ അനുസരിക്കുക മാത്രം ചെയ്യുന്ന ഒരു ജനതയെ അല്ല അവിടുത്തേക്ക് വേണ്ടത്. പകരം ഹൃദയതുറവിയോടെ ത്രിത്വൈകദൈവത്തോട് ചേര്‍ന്നുനിൽക്കുന്ന മക്കളെയാണ്.