ചന്ദ്രനില്‍ ആദ്യമായി പകര്‍ന്ന ദ്രാവകം വീഞ്ഞും ആദ്യമായി ഭക്ഷിക്കപ്പെട്ട പദാര്‍ത്ഥം ഓസ്തിയുമാണെന്ന് ഏറ്റുപറഞ്ഞ എഡ്വിന്‍ ആഡ്രിന്‍! ചാന്ദ്രയാത്രയുടെ സ്മരണയില്‍ ലോകം

മനുഷ്യപാദങ്ങള്‍ ചന്ദ്രനില്‍ പതിച്ചിട്ട് ഇന്ന് അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. 1969 ജൂലൈയിലെ അപ്പോളോ 11 യാത്രയുടെ ഓര്‍മ്മയിലാണ് ലോകം. 1969 ജൂലൈ 20-നാണ് നാസയുടെ ഈഗിള്‍ ലൂണാര്‍ മൊഡ്യൂള്‍, ചന്ദ്രന്റെ ‘പ്രശാന്തിയുടെ സമുദ്രം’ എന്ന് പേരിട്ടിരുന്ന ഉപരിതലത്തില്‍ വന്നിറങ്ങുന്നത്. അമേരിക്കന്‍ ബഹിരാകാശ യാത്രക്കാരായിരുന്ന നീല്‍ ആംസ്‌ട്രോങും, എഡ്വിന്‍ ആള്‍ഡ്രിനും ആ ചരിത്രദൗത്യം നിര്‍വഹിച്ചു.

ഇന്ന് ആ മഹാസംഭവത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിശ്വാസികള്‍ക്കും അത് അത്യധികം ആനന്ദിക്കാനുള്ള സമയമാണ്. കാരണം, ചന്ദ്രനില്‍ കാലുകുത്തിയ സമയത്ത് ചില പ്രത്യേക കാര്യങ്ങള്‍ കൂടി എഡ്വിന്‍ ആള്‍ഡ്രിന്‍ ചെയ്തിരുന്നു. തന്റെ ദൈവാലയത്തില്‍ നിന്നും യാത്രയ്ക്കു മുന്‍പ് കൊണ്ടുവന്നിരുന്ന അപ്പവും വീഞ്ഞും അദ്ദേഹം ചന്ദ്രനില്‍ വച്ച് നാവില്‍ സ്വീകരിച്ചു. ഇതിനുള്ള പ്രത്യേക അനുമതി അദ്ദേഹത്തിന് സഭയില്‍ നിന്നും ലഭിച്ചിരുന്നു. അപ്പവും, വീഞ്ഞും സ്വീകരിച്ചതിനു ശേഷം ‘ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്’ എന്നുതുടങ്ങുന്ന, വി. യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുളള ബൈബിള്‍ ഭാഗവും എഡ്വിന്‍ ആള്‍ഡ്രിന്‍ വായിച്ചു.

ചന്ദ്രനില്‍ ആദ്യമായ പകര്‍ന്ന ദ്രാവകം വീഞ്ഞും ആദ്യമായി ഭക്ഷിക്കപ്പെട്ട പദാര്‍ത്ഥം ഓസ്തിയുമാണെന്നത് സന്തോഷമേകുന്ന കാര്യമാണെന്നും ആള്‍ഡ്രിന്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. ‘അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തേയും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു’ (സങ്കീ. 8:34) എന്ന ബൈബിള്‍ വാക്യം വായിച്ചുകൊണ്ടാണ്, ആള്‍ഡ്രിന്‍ തന്നിലേല്‍പ്പിക്കപ്പെട്ട ചരിത്രദൗത്യം അവസാനിപ്പിച്ചത്. സ്വന്തം കൈപ്പടയില്‍ എഴുതി അദ്ദേഹം ചന്ദ്രനിലേയ്ക്ക് കൊണ്ടുപോയ തിരുവചനങ്ങളുടെ ചിത്രവും പ്രശസ്തമാണ്.

1962-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി ചാന്ദ്രയാത്രയെക്കുറിച്ചുളള പദ്ധതികള്‍ പങ്കുവച്ച പ്രശസ്തമായ പ്രസംഗത്തില്‍, മനുഷ്യന്‍ നടത്തുന്ന ഏറ്റവും വലിയ സാഹസികയാത്രയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം യാചിച്ചുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചതുപോലും. മറ്റൊരു ശ്രദ്ധേയമായ കാര്യം, വെബ്സ്റ്റര്‍ പ്രസ്ബറ്റേറിയന്‍ സഭയില്‍ ലൂണാര്‍ കമ്മ്യൂണിയന്‍ ഞായര്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും ജൂലൈ 20-നോട് ഏറ്റവും അടുത്ത ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനാദിനവും ആചരിക്കാറുണ്ട്.

നാസയുടെ ചാന്ദ്രദൗത്യം നടന്ന സമയത്തെ മാര്‍പാപ്പയായിരുന്ന പോള്‍ ആറാമന്‍ പാപ്പാ ടെലിവിഷന്‍ സംപ്രേഷണം കണ്ടുകൊണ്ട്, ദൗത്യത്തെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അനുഗ്രഹിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയിരുന്നു.