ഇനിയും പക്വമാര്‍ജ്ജിക്കേണ്ട കലയാണ് വിദ്യാഭ്യാസം: പാപ്പാ

മാനവികതയുടെ സാഹോദര്യ കൂട്ടായ്മയെ ബലപ്പെടുത്തുവാന്‍ വിദ്യാഭ്യാസത്തിനു കരുത്തുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ, കൂടിക്കാഴ്ചയില്‍ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ജനതകള്‍ക്ക് കാലികമായി വെളിച്ചം പകരുന്ന ഒരു പരിവര്‍ത്തനാത്മകമായ യാഥാര്‍ത്ഥ്യമാണ് വിദ്യാഭ്യാസം. വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ചയില്‍ വിദ്യാഭ്യാസമാണ് ഒരു വ്യക്തിയെ പക്വതയിലെത്തിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ തനതും സവിശേഷവുമായ ലക്ഷണങ്ങളെക്കുറിച്ച് പാപ്പാ തുടര്‍ന്ന് പരാമര്‍ശിച്ചു.

വിദ്യാഭ്യാസം ഒരു പാരിസ്ഥിതിക പ്രസ്ഥാനം

ഇത് വിദ്യാഭ്യാസ രൂപീകരണത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നായിരിക്കണമെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. എപ്രകാരം പൊതുഭവനമായ ഭൂമിയുടെ ഭാഗമാണ് താനെന്ന അവബോധത്തോടെ ഒരാള്‍ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അയാളുടെ ജീവിത സമഗ്രത. ഭൂമുഖത്തെ ബഹുസാംസ്ക്കാരിക ഘടനയില്‍ വ്യക്തിസാഹോദര്യത്തിന്റെ വീക്ഷണത്തോടെ അതില്‍ പങ്കുചേരുന്നു. സാമൂഹിക –  സാംസ്കാരിക – ഭാഷാവൈവിധ്യങ്ങള്‍ക്കിടയിലും പരസ്പരം സമ്പന്നമാക്കുംവിധത്തില്‍ വിവിധ സമൂഹങ്ങളുമായി ഇടകലര്‍ന്നും പരസ്പരം അംഗീകരിച്ചും ജീവിക്കാന്‍ വ്യക്തിയെ വിദ്യാഭ്യാസം സഹായിക്കണം.

സകലത്തിനെയും ആശ്ലേഷിക്കുന്ന പ്രസ്ഥാനം

പ്രബോധനരീതി അല്ലെങ്കില്‍ സംവിധാനം കൊണ്ട് വിദ്യാഭ്യാസം സകലത്തിനെയും ആശ്ലേഷിക്കേണ്ടതാണ്. പ്രത്യേകിച്ച്, പരിത്യക്തരെയും പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ആശ്ലേഷിക്കുന്നതായിരിക്കണം. യുദ്ധം, വരള്‍ച്ച, കുടിയേറ്റം, മനുഷ്യക്കടത്തിന് അിടമകളാകുന്ന അവസ്ഥ, പ്രകൃതിക്ഷോഭം, സാമൂഹിക വിവേചനം, അസ്തിത്വപരമായ ജീവിതക്ലേശങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്നവരോടു കാണിക്കുന്ന ആശ്ലേഷമായിരിക്കണം നല്ല വിദ്യാഭ്യാസത്തില്‍ നിന്നും ഉടലെടുക്കുന്ന സാഹോദര്യത്തിന്‍റെ തുറവുള്ള ഈ ആശ്ലേഷം.

വിദ്യാഭ്യാസത്തിന്‍റെ ഫലപ്രാപ്തി കുടയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ജാതി-മത-വര്‍ണ്ണ-ഭാഷാവ്യത്യാസങ്ങളില്ലാതെ പ്രകടമാക്കേണ്ട ആശ്ലേഷം കൂടിയാണ്. എളിയവരെ ഉള്‍ക്കൊള്ളുന്ന, ക്രിസ്തു കാട്ടിത്തന്ന രക്ഷണീയദൗത്യത്തിന്‍റെ ഭാഗമാണ് സാഹോദര്യത്തിന്റെ ആശ്ലേഷം.

സമാധാന സംരക്ഷണത്തിനുള്ള ഉദ്യമമാണ് വിദ്യാഭ്യാസം

വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട വരുംതലമുറയുടെ സമാധാനം ഒരു മിഥ്യയല്ലെന്നും പ്രത്യാശയുള്ളതും സാധ്യവുമായ യാഥാര്‍ത്ഥ്യമാണെന്നും ലോകത്തിന് അത് മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നും പാപ്പാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് ലോകത്ത് അസമാധാനം വളര്‍ത്തുന്ന അക്രമ രാഷ്ട്രീയത്തിന്‍റെയും ഭീകര പ്രവര്‍ത്തനങ്ങളുടെയും അതിക്രമങ്ങളുടെയും അഴിമതിയുടെയും സാമൂഹികചുറ്റുപാടില്‍ വ്യക്തികളെ സമാധാനത്തിന്റെ പ്രയോക്താക്കളാക്കേണ്ട ധര്‍മ്മം വിദ്യാഭ്യാസമേഖലയ്ക്കുണ്ട്. സമാധാനത്തെ തകര്‍ക്കുന്ന വ്യക്തിമാഹാത്മ്യ വാദവും സമത്വവാദവും മാറ്റി സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരം വളര്‍ത്തുന്നതിന് വിദ്യാഭ്യാസത്തെ സമാധാന സംരക്ഷണ സംരംഭമായി പരിഗണിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതാണെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസം ഒരു കൂട്ടായ സംരംഭം

വിദ്യാഭ്യാസം ഒരു വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ, മാനേജ്മെന്‍റിന്റെയോ പദ്ധതിയല്ല. അതൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനകേന്ദ്രമാണ്. കുടുംബം, അദ്ധ്യാപകര്‍, സാംസ്കാരിക നേതാക്കള്‍, പൗരസംഘടനകളും പ്രതിനിധികളും, മതസംഘടനകള്‍, സമൂഹം എന്നിവയുടെ പിന്തുണയുള്ള കൂട്ടായ ഉദ്യമമാവണം വിദ്യാഭ്യാസം. സഭയുടെ വീക്ഷണത്തില്‍ ഒരു കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനം ക്രിസ്തുവിന്റെ അരൂപിയാല്‍ പ്രചോദിതമായ ഒരു മാനവിക സമൂഹമായി വളരേണ്ടതാണ്. അതുപോലെ, കത്തോലിക്കാ യൂണിവേഴ്സിറ്റികളും പഠനത്തിനും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സമൂഹമായി മിശ്രശാഖ വിജ്ഞാനത്തിന്റെയും വിഷയാന്തര വിജ്ഞാനത്തിന്റെയും പദ്ധതികളിലൂടെ വികസിപ്പിച്ചെടുക്കേണ്ടതാണ്.

വിദ്യാഭ്യാസ കൂട്ടായ്മയെ തകര്‍ക്കുന്ന പ്രതിസന്ധികള്‍

വിദ്യാഭ്യാസത്തിന്റെ കൂട്ടായ സംരംഭത്തില്‍ നിരീക്ഷിക്കുന്ന വിവിധ പ്രതിസന്ധികളെ മറികടക്കാനുള്ള ഒരു ഉപാധിയായിട്ടാണ് “ആഗോള വിദ്യാഭ്യാസ ഉടമ്പടി”ക്കായി ഒരു ദിനം അടുത്ത മെയ് 14-ന് ആരംഭിക്കണമെന്ന് താന്‍ വിദ്യാഭാസത്തിനുള്ള വത്തിക്കാന്റെ കാര്യാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ പ്രഭാഷണത്തില്‍ വെളിപ്പെടുത്തി. ഒരു “ആഗോള വിദ്യാഭ്യാസ ഗ്രാമം” പുനരാവിഷ്ക്കരിക്കാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ – ഭരണ – മത – പൗര – വിദ്യാഭ്യാസ പ്രസ്ഥാനങ്ങളോട് ഈ മേഖലയില്‍ സഹകരണത്തിന്റെ കൂട്ടായ്മ വളര്‍ത്താനുള്ള ഒരു അഭ്യര്‍ത്ഥന കൂടിയാണ് ഈ ദിനമെന്നും പാപ്പാ വ്യക്തമാക്കി. എന്നാല്‍, പരിപാടികള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കമല്ല ഇതെന്നും വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ വരുംതലമുറയ്ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കരുത്തും തുറവുമുള്ള രീതികളും പരസ്പരം കേള്‍ക്കുവാനുള്ള സന്നദ്ധതയും സംവാദത്തിന്റെ ക്രിയാത്മകമായ രീതികളും പരസ്പര ധാരണയും വളര്‍ത്തുന്ന സംവിധാനങ്ങളും ഉണ്ടാകുന്നതിന് സഹായിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും പാപ്പാ വിശദീകരിച്ചു.

ആഹ്വാനവും ആശംസയും

വിദ്യാഭ്യാസ മേഖലയിലെ വിഭാഗീയതയും വിഭജനവും ഇല്ലാതാക്കി പരസ്പര സഹകരണത്തിന്‍റെയും ബന്ധത്തിന്റെയും അടിസ്ഥാനഘടകം സമൂഹത്തില്‍ പുനരാവിഷ്ക്കരിച്ചാല്‍ കൂടുതല്‍ സാഹോദര്യമുള്ള മാനവികത വളര്‍ത്താന്‍ സ്ഥാപനങ്ങള്‍ക്കു സാധിക്കും. സാമൂഹിക നന്മയ്ക്കായ് ഈ മേഖലയിലെ‍ സര്‍വ്വ സ്രോതസ്സുക്കളും ഉപയോഗിക്കുവാനും കഴിവുള്ളവരെ സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കുമായി പരിശീലിപ്പിച്ചെടുക്കുവാനും സാധിക്കണം. സഭയുടെ ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പദ്ധതിയില്‍ വിഷയാന്തര വിജ്ഞാനവും മിശ്ര ശാഖാവിജ്ഞാനവും  ഉന്നതവിദ്യാഭ്യാസത്തിന്‍റെ വിവിധ തലങ്ങളില്‍ വികസിപ്പിച്ചെടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.